
കേരള വോളിബോൾ അസോസിയേഷനിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രാജീവൻ രാജിവച്ചു. കോഴിക്കോട് നടന്ന ദേശീയ വോളി ചാന്പ്യൻഷിപ്പിൽ ക്രമക്കേടുകൾ നടന്നതായാണ് ആരോപണം. അതേ സമയം സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ വൈസ് പ്രസിഡണ്ടിനെ പുറത്താക്കുകയായിരുന്നു എന്നാണ് വോളിബോൾ അസോസിയേഷന്‍റെ നിലപാട്.
കോഴിക്കോട് നടന്ന അറുപത്തി ആറാമത് ദേശീയ വോളി ചാന്പ്യൻഷിപ്പിന്‍റെ വരവ് ചെലവ് കണക്കുകളെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന വോളിബോൾ അസോസിയേഷൻ യോഗത്തിൽ അംഗങ്ങൾ ബഹളം വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് പ്രസിഡന്‍റിന്‍റെ രാജി. അസോസിയേഷൻ സെക്രട്ടറിക്കും പ്രസിഡന്‍റിനു എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് ഉന്നയിച്ചത്.
അഴിമതി ഉണ്ടെന്നറിഞ്ഞിട്ടും ഭാരവാഹികൾക്കെതിരെ നടപടി എടുക്കാത്ത സ്പോർട്സ് കൗണ്‍സിലിനെയും കായിക വകുപ്പിനെയും വിമർശിച്ച് വോളിബോൾ താരം ടോം ജോസഫ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. അതേ സമയം ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ സ്പോർട്സ് കൗണ്‍സിൽ പ്രസിഡണ്ട് ടി പി ദാസൻ തയ്യാറായില്ല.
കോഴിക്കോട് നടന്ന വോളി ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് തുടക്കത്തിലേ വിവാദങ്ങൾ ഉണ്ടായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഒൻപതര ലക്ഷത്തിന്‍റെ നഷ്ടമുണ്ടായതായാണ് അസോസിയേഷന്‍റെ വിശദീകരണം.