ഖേലോ ഇന്ത്യ; പോരാട്ടത്തിനെത്തിയ കേരള ടീമിന് പുനെയില്‍ ദുരിതം

By Web TeamFirst Published Jan 8, 2019, 11:22 PM IST
Highlights

2 മണിക്കൂറോളം സ്റ്റേഷനില്‍ കാത്തിരുന്ന ശേഷം ബസില്‍ പ്രധാനവേദിയിലെത്തിയ കേരള ടീമിന് താമസസൗകര്യവും ലഭിച്ചില്ല. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വഴിയില്ലാതെ കൗമാരതാരങ്ങള്‍ വലഞ്ഞു. പൂനെയിലെ സൗയ് അധികൃതര്‍ക്കിടയിലെ ആശയക്കുഴപ്പമാണ് കേരള സംഘത്തിന് വിനയായത്

പുനെ: ദുരിതവഴി താണ്ടി കേരള ടീം ഖേലോ ഇന്ത്യ ഗെയിംസിലേക്ക്.പൂനെയിലെത്തിയ താരങ്ങള്‍ക്ക് താമസസൗകര്യം ലഭിക്കാതെ 8 മണിക്കൂറിലധികമാണ് പുറത്തുനിൽക്കേണ്ടിവന്നത്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് തിരിച്ച കേരള സംഘത്തിൽ അത്‍ലറ്റിക്സ്, ബാഡ്മിന്‍റൺ, ജൂ‍ഡോ എന്നീ കായികയിനങ്ങളില്‍ മത്സരിക്കുന്ന 32 പെൺകുട്ടികള്‍ അടക്കം 54 താരങ്ങളാണ് ഉണ്ടായിരുന്നത്.

ഉച്ചയ്ക്ക് 12ന് ശേഷം പൂനെയിലെത്തിയ താരങ്ങളെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ക്രമീകരണമൊന്നും ഉണ്ടായിരുന്നില്ല. 2 മണിക്കൂറോളം സ്റ്റേഷനില്‍ കാത്തിരുന്ന ശേഷം ബസില്‍ പ്രധാനവേദിയിലെത്തിയ കേരള ടീമിന് താമസസൗകര്യവും ലഭിച്ചില്ല. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വഴിയില്ലാതെ കൗമാരതാരങ്ങള്‍ വലഞ്ഞു. പൂനെയിലെ സൗയ് അധികൃതര്‍ക്കിടയിലെ ആശയക്കുഴപ്പമാണ് കേരള സംഘത്തിന് വിനയായത്.

പരിശീലകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സായ് അധികൃതരുമായി ബന്ധപ്പെട്ട കായികവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഡോ എ ജയതിലക് രാത്രി 9 മണിയോടെ കേരള സംഘത്തിന് താമസസൗകര്യം ഉറപ്പാക്കി. അപ്പോഴേക്കും താരങ്ങളില്‍ മിക്കവരും തളര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ അഭിമാനചാംപ്യന്‍ഷിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖേലോ ഇന്ത്യയുടെ ഉദ്ഘാടനത്തലേന്ന്, പരിശീലനത്തിനുള്ള വിലപ്പെട്ട സമയമാണ് കേരള ടീമിന് നഷ്ടമായത്.

click me!