
പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണിലെ വിലയേറിയ താരങ്ങളില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും. താരലേലത്തില്‍ 80 ലക്ഷം രൂപയ്ക്ക് ഡല്‍ഹി സ്മാഷേഴ്‌സാണ് പ്രണോയിയെ സ്വന്തമാക്കിയത്. താരലേലത്തില്‍ മുംബൈ റോക്കറ്റ്‌സിനെ മറികടന്നാണ് ഡല്‍ഹി സ്മാഷേഴ്‌സ് മലയാളി താരമായ എച്ച്.എസ് പ്രണോയിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെ ഏറ്റവും വിലയേറിയ താരമായ പ്രണോയ് അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്‌സിനൊപ്പമായിരുന്നു.
62 ലക്ഷം രൂപയായിരുന്നു പ്രതിഫലം. ഇത്തവണ സൈന നേവാള്‍, പി.വി സിന്ധു, കരോളിന മാരിന്‍, കെ. ശ്രീകാന്ത്, വിക്ടര്‍ അക്‌സെല്‍ണ്‍ തുടങ്ങിയവര്‍ക്കൊപ്പം പരമാവധി പ്രതിഫലമായ 80 ലക്ഷം രൂപയാണ് പ്രണോയിക്ക് കിട്ടുക. നോര്‍ത്ത് ഈസ്റ്റേണ്‍ വാരിയേഴ്‌സാണ് സൈനയെ സ്വന്തമാക്കിയത്. പി വി സിന്ധു നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് ഹണ്ടേഴ്‌സിന് സ്വന്തം. ലോക ഒന്നാം നമ്പര്‍ താരം വിക്ടര്‍ അക്‌സെല്‍സണെ അഹമ്മദാബാദ് സ്മാഷ് മാസ്റ്റേഴ്‌സ് ടീമിലെത്തിച്ചപ്പോള്‍
കരോളിന മാരിനെ പൂനെ സെവന്‍ ഏസേഴ്‌സ് സ്വന്തമാക്കി. കെ. ശ്രീകാന്ത് ബെംഗളൂരു റാപ്‌ട്ടോഴ്‌സിലും സുംഗ് ജി ഹ്യൂന്‍ ചെന്നൈ സ്മാഷേഴ്‌സിലും കളിക്കും. 70 ലക്ഷം രൂപയ്ക്ക് ഡല്‍ഹി വാങ്ങിയ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ത്തോയാണ് ഏറ്റവും വിലയറിയ നോണ്‍ ഐക്കണ്‍ താരം. 23 രാജ്യങ്ങളിലെ 145 താരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്ന് 67 താരങ്ങളുണ്ടായിരുന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി 13 വരെയാണ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ നാലാം സീസണിലെ മത്സരങ്ങള്‍. ബെംഗളൂരുവിലാണ് ഫൈനല്‍.