
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനല്‍ പ്രവേശിച്ചു. സെമിയില്‍ ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകനെ യമഗുച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു മെഡലുറപ്പിച്ചത്. ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. സകോര്‍ 21-17, 15-21, 21-10. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് സിന്ധു.
ജപ്പാനീസ് താരത്തിന്റെ പിഴവുകളാണ് സിന്ധുവിന് ഒന്നാം ഗെയിം സമ്മാനിച്ചത്. രണ്ടാം ഗെയിമില്‍ യമഗൂച്ചി തിരിച്ചെത്തി. ആറ് പോയിന്റ് വ്യത്യാസത്തിലാണ് സിന്ധു ഗെയിം തോറ്റത്. എന്നാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ തന്നെ സിന്ധു ലീഡ് നേടി.
ഇടവേളയ്ക്ക് പിരിയുമ്പോള്‍ സിന്ധു 11-7ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ലോക രണ്ടാം നമ്പര്‍ താരത്തിന് ഒരവസരം പോലും സിന്ധു നല്‍കിയില്ല. 11 പോയിന്റ് വ്യത്യാസത്തില്‍ ഫൈനലിലേക്ക്. സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചെത്തിയ തായ് സു യിങ്ങാണ് ഫൈനലനില്‍ സിന്ധുവിന്റെ എതിരാളി.