
മാഡ്രിഡ്: എൽ ക്ലാസികോയിലെ അപമാനകരമായ തോൽവിക്ക് പിന്നാലെ പരിശീലകൻ ജൂലെൻ ലൊപട്ടേഗിയെ റയൽ മാഡ്രിഡ‌് പുറത്താക്കി. മുന്‍ അര്‍ജന്റീനിയന്‍ താരം സാന്റിയാഗോ സൊളാരിയ്ക്കാണ് പകരം ചുമതല. അതേസമയം, സൊളാരിക്ക് താല്‍ക്കാലിക ചുമതല മാത്രമായിരിക്കുമെന്നാണ് സൂചന. സിദാനെപ്പോലെ തലയെടുപ്പുള്ളൊരു പരിശീലകന്‍ വരുന്നതുവരെ സൊളാരി റയലിന്റെ പരിശീലക സ്ഥാനത്ത് തുടരും. ചെല്‍സി പരിശീലകന്‍ അന്റോണിയോ കോണ്ടെ അടക്കമുള്ളവരുടെ പേരുകള്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്പാനിഷ‌് ലീഗ‌് പോയിന്റ‌് പട്ടികയിൽ 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ‌് നിലവില്‍ റയൽ. ചാമ്പ്യൻസ‌് ലീഗിലും റയൽ നല്ല നിലയിലല്ല. എൽ ക്ലാസികോയിൽ 5–1നാണ‌് ബാഴ‌്സ റയലിനെ തകർത്തുകളഞ്ഞത‌്. ലയണൽ മെസിയുടെ അഭാവത്തിലും ബാഴ‌്സ ഉശിരുകാട്ടി. ഹാട്രിക‌് നേടിയ ലൂയിസ‌് സുവാരസാണ‌് റയലിനെ നിലംപരിശാക്കിയത‌്. ഫിലിപ‌് കുടീന്യോയും അർട്യൂറോ വിദാലും ചേർന്ന‌് റയൽ പതനം പൂർത്തിയാക്കി.
ക്രിസ‌്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക‌് കൂടുമാറിയശേഷമുള്ള റയലിന്റെ ആദ്യ എൽ ക്ലാസികോ പോരാട്ടത്തിലായിരുന്നു. പൊരുതുകപോലും ചെയ്യാതെ റയല്‍ കീഴടങ്ങിയത്. പരിശീലക കുപ്പായത്തിൽ ഇത‌് രണ്ടാം തവണയാണ‌് ലൊപട്ടേഗി കരാർ പൂർത്തിയാകുംമുമ്പ‌് മടങ്ങുന്നത‌്. ലോകകപ്പിൽ സ‌്പെയ‌്ൻ ടീമിന്റെ പരിശീലകനായിരുന്ന ലൊപട്ടേഗി ലോകകപ്പിനിടെ തന്നെ റയലുമായി കരാർ ഒപ്പിട്ടത് പരസ്യമാക്കിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു.
അത‌്‌ലറ്റികോ മാഡ്രിഡിനോട‌് സൂപ്പർ കപ്പിൽ തോറ്റായിരുന്നു റയലിൽ ലൊപട്ടേഗിയുടെ തുടക്കം. സ‌്പാനിഷ‌് ലീഗിൽ ആദ്യ മത്സരങ്ങളിൽ ആധികാരിക ജയം നേടി. എന്നാൽ സെവിയ്യയോടുള്ള 3–0ന്റെ തോൽവിയോടെ റയൽ തകരാൻ തുടങ്ങി. അടുത്ത മത്സരത്തിൽ അത‌്‌ലറ്റികോയോട‌് സമനില. അലാവെസിനോട‌് 0–1ന‌് തോറ്റു. സ്വന്തം തട്ടകത്തിൽ ലെവന്റേയോടും റയൽ തോൽവി വഴങ്ങി (1–2).
ഒടുവിൽ ചിരവൈരികളായ ബാഴ‌്സയോടുള്ള കൂറ്റൻ തോൽവി. റൊണാൾഡോയ‌്ക്ക‌് പകരക്കാരനെ വേണ്ടതില്ലെന്നായിരുന്നു ലൊപട്ടേഗിയുടെ നിലപാട‌്. ആദ്യ ഘട്ടത്തിൽ റയൽ കൂടുതൽ ഒത്തൊരുമയോടെ കളിച്ചത‌് ലൊപട്ടേഗിക്ക‌് ആത്മവിശ്വാസം നൽകി. എന്നാൽ അത‌് നീണ്ടുനിന്നില്ല. ഇതോടെയാണ് ലൊപട്ടേഗിയുടെ കസേര ഇളകാൻ തുടങ്ങിയത്. ബാഴ‌്സയോടുള്ള തോൽവിയാണ‌് എന്നും റയലിൽ പരിശീലകരുടെ വിധി തീരുമാനിച്ചിരുന്നത്. ഹൊസെ മൊറീഞ്ഞോ, റാഫേൽ ബെനിറ്റെസ‌് എന്നിവരും സമീപകാലത്ത‌് ബാഴ‌്സയോടുള്ള തോൽവിക്കുശേഷം സ്ഥാനം നഷ്ടപ്പെട്ട പരിശീലകരാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!