
രഞ്ജി ട്രോഫിയില്‍ അമ്പയര്‍മാരുടെ പിഴവുകള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹി താരം ഗൗതം ഗംഭീറിനെ തെറ്റായ തീരുമാനത്തില്‍ പുറത്താക്കിയതിന്റെ പ്രതിഷേധം അടങ്ങും മുമ്പെ അതേ മത്സരത്തില്‍ ഹിമാചലിന്റെ റിഷി ധവാനെയും തെറ്റായി ഔട്ട് വിളിച്ച് അമ്പയര്‍ ഞെട്ടിച്ചു.
ഹിമാചല്‍ ബാറ്റിംഗിന്റെ 58-ാം ഓവറിലായിരുന്നു നാടകീയമായ പുറത്താകല്‍. 113 പന്തില്‍ 64 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്നു ധവാന്‍. ഡല്‍ഹിയുടെ ഇടംകൈയന്‍ സ്പിന്നര്‍ വരുണ്‍ സൂദെറിഞ്ഞ ഓവറിലെ രണ്ടാം പന്ത് അപ്രതീക്ഷിതമായി കുത്തിത്തിരിയുകയായിരുന്നു. വിക്കറ്റ് കീപ്പറെ പോലും കബളിപ്പിച്ച് കുത്തിത്തിരിഞ്ഞ പന്ത് സ്ലിപ്പില്‍ ഗൗതം ഗംഭീര്‍ കൈയിലൊതുക്കി. ബാറ്റിന്റെ സമീപത്തുകൂടി പോലും പോവാത്ത പന്തില്‍ അമ്പയര്‍ ഔട്ട് വിളിച്ചത് റിഷി ധവാനെയും ഞെട്ടിച്ചു.
അമ്പയറുടെ തീരുമാനത്തില്‍ ആദ്യം അവിശ്വസനീയത പ്രകടമാക്കി കുറച്ചുനേരം തലയില്‍ കൈവെച്ചുനിന്ന ധവാന്‍ തന്റെ പ്രതിഷേധം വ്യക്തമാക്കിയാണ് ഗ്രൗണ്ട് വിട്ടത്. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധിച്ച ഗംഭീര്‍ തന്നെയാണ് ഇല്ലാത്ത ക്യാച്ചിനായി അപ്പീല്‍ ചെയ്തത് എന്നതാണ് രസകരം.
രഞ്ജി ട്രോഫിയിലെ അമ്പയറിംഗ് നിലവാരം മോശമാണെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ബിസിസിഐ മികച്ച റാങ്കുള്ള അമ്പയര്‍മാരെ മത്സരങ്ങള്‍ക്കായി നിയോഗിക്കാന്‍ തീരുമാനമെടുത്തിരുന്നു. രഞ്ജി മത്സരങ്ങള്‍ക്ക് നിലവാരമുള്ള അമ്പയര്‍മാരെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം ബിസിസിഐ കത്തും നല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!