രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഹിമാചല്‍പ്രദേശിനെതിരായ മത്സരത്തിലായിരുന്നു ഗംഭീറിന്‍റെ വാക്‌പോര്. മായങ്കിന്‍റെ പന്തില്‍ പുറത്തായ ശേഷമായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അംപയറോട് പൊട്ടിത്തെറിച്ചത്...

ദില്ലി: തീപ്പൊരി ബാറ്റിംഗ് പോലെ തീപ്പൊരി വാക്‌‌പോരുകൊണ്ടും ക്രിക്കറ്റില്‍ പലതവണ ശ്രദ്ധിക്കപ്പെട്ട താരമാണ് ഗൗതം ഗംഭീര്‍. രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഹിമാചല്‍പ്രദേശിനെതിരായ മത്സരത്തിലും ഗംഭീറിന്‍റെ ചൂടന്‍ പ്രതികരണം മൈതാനത്ത് കണ്ടു. സ്‌പിന്നര്‍ മായങ്ക് ഡാഗറിന്‍റെ പന്തില്‍ പുറത്തായപ്പോള്‍ അംപയറര്‍ക്കെതിരെ ആയിരുന്നു ഗംഭീറിന്‍റെ അതിരുകടന്ന പ്രതികരണം.

മത്സരത്തിലെ 17-ാം ഓവറില്‍ ഗംഭീറിനെതിരെ പന്തെറിയുകയായിരുന്നു മായാങ്ക്. എന്നാല്‍ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ പന്ത് ഗംഭീറിന്‍റെ പാഡില്‍തട്ടി. മായങ്കിന്‍റെ അപ്പീലില്‍ അതിവേഗം അംപയര്‍ വിരല്‍ ഉയര്‍ത്തി. 44 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റുവീശിയിരുന്ന ഗംഭീര്‍ പുറത്ത്. എന്നാല്‍ തീരുമാനത്തില്‍ രോക്ഷം പ്രകടിപ്പിച്ച ഗംഭീര്‍ അംപയറെ ചൂടന്‍ വാക്കുകള്‍ കൊണ്ട് നേരിട്ടാണ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. 

Scroll to load tweet…

അടുത്തിടെ ഡല്‍ഹിയുടെ നായക സ്ഥാനത്തുനിന്ന് ഗംഭീര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ തന്നെ നായകനാക്കരുത് എന്ന ഗംഭീറിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നിതീഷ് റാണയെയാണ് ഡല്‍ഹി ആന്‍ഡ് ഡിസ്‌ട്രിക്‌റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ നായകനാക്കിയിരിക്കുന്നത്.