
കോഴിക്കോട്: അമ്പത്തിയൊന്നാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തുടക്കമായി. 11 ജില്ലകളിൽ നിന്നായി മുന്നൂറ്റി അമ്പതിലധികം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. സ്റ്റുഡൻസ്, യൂത്ത്, വെറ്റർൻസ് വിഭാഗങ്ങളിലാണ് മത്സരം. നൂറോളം ഇനങ്ങളിലായി മുന്നൂറ്റി അമ്പതിലധികം താരങ്ങൾ മത്സരിക്കും.
ദേശീയ താരങ്ങളും രാജ്യാന്തര താരങ്ങളും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് തിങ്കളാഴ്ച്ച സമാപിക്കും. എലിസബത്ത് സൂസൻകോശിയുടെ നേതൃത്വത്തിൽ പൊലീസ് ടീമും ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക മത്സരങ്ങളുമുണ്ട്.
കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാലക്കാടിനെ പിന്തള്ളി ഇടുക്കിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. പന്ത്രണ്ടാം തവണയാണ് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് കോഴിക്കോട് വേദിയാവുന്നത്. സംസ്ഥാന റൈഫിൾ അസോസിയേഷനും സ്പോർട്‍സ് കൗൺസിലുമാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ സംഘാടകർ.