റാങ്കിംഗ് തലപ്പത്ത് കോലി തന്നെ; രാഹുലിനും പന്തിനും നേട്ടം

By Web TeamFirst Published Sep 13, 2018, 2:46 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വലിയ സ്കോര്‍ നേടാനായില്ലെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 930 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 929 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കോലിക്ക് തൊട്ടടുത്തുണ്ട്.

ദുബായ്: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വലിയ സ്കോര്‍ നേടാനായില്ലെങ്കിലും ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 930 റേറ്റിംഗ് പോയന്റുമായാണ് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 929 റേറ്റിംഗ് പോയന്റുള്ള മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കോലിക്ക് തൊട്ടടുത്തുണ്ട്. പരമ്പരയുടെ തുടക്കത്തില്‍ സ്മിത്തിനേക്കാള്‍ 27 റേറ്റിംഗ് പോയന്റ് പുറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു കോലി. 847 റേറ്റിംഗ് പോയന്റുള്ള കെയ്ന്‍ വില്യാംസണ്‍ മൂന്നാമതും അവസാന ടെസ്റ്റിലെ സെഞ്ചുറിയോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് നാലാമതുമാണ്.

വിടവാങ്ങല്‍ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യയുടെ കെ എല്‍ രാഹുലും റിഷഭ് പന്തും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാഹുല്‍ പത്തൊമ്പതാം സ്ഥാനത്തെത്തിയപ്പോള്‍ 63 സ്ഥാനങ്ങള്‍ കയറിയ റിഷഭ് പന്ത് 111-ാം സ്ഥാനത്താണ്. അവസാന ടെസ്റ്റില്‍ 86 റണ്‍സടിച്ച ജഡേജ ബാറ്റിംഗ് റാങ്കിംഗില്‍ 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 58-ാം സ്ഥാനത്താണ്.

ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് ഒന്നാമത്. പരമ്പരയുടെ തുടക്കത്തില്‍ 892 റേറ്റിംഗ് പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആന്‍ഡേഴ്സണ് ഇപ്പോള്‍ 899 റേറ്റിംഗ് പോയന്റുണ്ട്. ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ നാലാമതും അശ്വിന്‍ എട്ടാമതുമാണ്. ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ രണ്ടാമതും അശ്വിന്‍ അഞ്ചാമതുമാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷാമി 24-ാം സ്ഥാനത്തും ഇഷാന്ത് ശര്‍മ 25-ാം സ്ഥാനത്തും ജസ്പ്രീത് ബൂംമ്ര 37-ാം സ്ഥാനത്തുമാണ്.

click me!