- Home
- Sports
- Cricket
- ഈഡനിൽ ഒരിക്കലും അടി തെറ്റാത്ത ഇന്ത്യ, വിൻഡീസിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി, കണക്കുകളും ചരിത്രവും ഇന്ത്യക്ക് അനുകൂലം
ഈഡനിൽ ഒരിക്കലും അടി തെറ്റാത്ത ഇന്ത്യ, വിൻഡീസിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി, കണക്കുകളും ചരിത്രവും ഇന്ത്യക്ക് അനുകൂലം
ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടുമ്പോള്‍ കണക്കിലെ കളിയില്‍ ഇന്ത്യയാണ് മുന്നില്‍.ഈഡനില്‍ ടി20 മത്സരത്തില്‍ വിൻഡീസിനെതിരെ തോൽവി അറിഞ്ഞിട്ടില്ലെന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും.

കണക്കുകളില്‍ മുന്നില്‍ ഇന്ത്യ
ടി20 ലോകകപ്പിലെ നിർണ്ണായകമായ 'ക്വാർട്ടർ ഫൈനൽ' പോരാട്ടത്തിൽ ഞായറാഴ്ച ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടാനിരിക്കെ, ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിലെ കണക്കുകൾ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. ടൂർണമെന്‍റിൽ ഇതുവരെ ദക്ഷിണാഫ്രിക്കയോട് മാത്രം തോറ്റ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ, ഈഡനിലെ റെക്കോർഡുകൾ വിന്‍ഡീസിന് ഒട്ടും അനുകൂലമല്ല.
ടി20യിൽ വിന്‍ഡീസിനെതിരെ അടി തെറ്റാത്ത ഇന്ത്യ
ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെ കളിച്ച ഒരു ടി20 മത്സരം പോലും ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതുവരെ നാല് ടി20 മത്സരങ്ങളിലാണ് ഇഡനില്‍ നേർക്കുനേർ വന്നത്. 2018-ൽ നടന്ന ഒരു മത്സരത്തിലും 2022-ൽ തുടർച്ചയായി നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിന്‍ഡീസിനെ മലര്‍ത്തയടിച്ചു.
ഏകദിനത്തിലെ ആധിപത്യം
ടി20യിൽ മാത്രമല്ല, ഏകദിനത്തിലും വിൻഡീസിന് ഈഡൻ ഗാർഡൻസിൽ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. 1988, 1993, 1994 വർഷങ്ങളിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യക്കായിരുന്നു വിജയം.
വിൻഡീസിന്‍റെ മഹാ വിജയം
ഇന്ത്യയെ വീഴ്ത്താനായിട്ടില്ലെങ്കിലും ഈഡന്‍ ഗാര്‍ഡന്‍സ് വെസ്റ്റ് ഇൻഡീസിന് സന്തോഷകരമായൊരി വലിയ ഓർമ്മയുണ്ട്. 10 വർഷം മുൻപ്, 2016-ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് വിൻഡീസ് കിരീടം ചൂടിയത് ഇതേ ഈഡൻ ഗാർഡൻസിലായിരുന്നു. ബെന്‍ സ്റ്റോക്സിന്‍റെ അവസാന ഓവറില്‍ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തിയായിരുന്നു വിന്‍ഡീസിന്‍റെ അവിശ്വസനീയ ജയം.
വിധി നിർണ്ണയിക്കുന്ന ഞായറാഴ്ച
ഞായറാഴ്ച നടക്കുന്ന സൂപ്പർ 8-ലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മരണപ്പോരാട്ടത്തിൽ ജയിക്കുന്നവർക്ക് സെമി ഫൈനൽ ഉറപ്പിക്കാം. ചരിത്രവും ഫോമും ഇന്ത്യക്ക് അനുകൂലമാണെങ്കിലും, നിലവിലെ വിൻഡീസ് ടീമിന്‍റെ കരുത്തിനെ കുറച്ചുകാണാൻ ഇന്ത്യ തയ്യാറാവില്ല.
റണ്‍പറുദീസ
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ടീമുകള്‍ റണ്‍മല കയറുന്നതാണ് സമീപകാല ചരിത്രം. 2024ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് കൊല്‍ക്കത്തക്കെതിരെ നേടിയ 262-2 ആണ് ഈഡനിലെ ഉയര്‍ന്ന ടീം സ്കോര്‍.
ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍ കുറിച്ചത് സ്കോട്‌ലന്‍ഡ്
ഈ ലോകകപ്പില്‍ ഇതുവരെ നാലു മത്സരങ്ങളാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്നത്. ഇറ്റലി, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, സകോട്‌ലന്‍് ടീമുകളാണ് ഈഡനില്‍ ഇതുവരെ കളിച്ചത്. ഇതില്‍ ഇറ്റലിക്കെതിരെ സ്കോട്‌ലന്‍ഡ് നേടിയ 207 റണ്‍സാണ ഈഡനിലെ ഇത്തവണത്തെ ഉയര്‍ന്ന സ്കോര്‍.
റണ്‍വേട്ടയില്‍ മുമ്പൻ അഭിഷേക്
ഈഡന്‍ ഗാര്‍ഡൻസില്‍ നടന്ന ടി20 മത്സരങ്ങളില്‍ ഇന്ത്യക്കായി ടോപ് സ്കോററായത് അഭിഷേക് ശര്‍മയാണ്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ വര്‍ഷം 34 പന്തില്‍ 79 റണ്‍സെടുത്ത അഭിഷേകിന്‍റെ പേരിലാണ് ഇന്ത്യൻ താരങ്ങളുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. വിന്‍ഡീസ് താരങ്ങളില്‍ 85 റണ്‍സുമായി പുറത്താകാതെ നിന്ന മര്‍ലോണ്‍ സാമുവല്‍സിന്‍റെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
റണ്‍വേട്ടക്കാരില്‍ കോലി
ഈഡനില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യൻ താരം വിരാട് കോലിയാണ്. നാലു മത്സരങ്ങളില്‍ 139 റണ്‍സ്. നാലു മത്സരങ്ങളില്‍ 184 റണ്‍സെടുത്ത വിന്‍ഡീസിന്‍റെ നിക്കോളാസ് പുരാനാണ് ഈഡനില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം.
വിക്കറ്റ് വേട്ടക്കാരില്‍ മുമ്പില്‍ വിന്‍ഡീസ് താരവും
ഈഡനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യൻ ബൗളര്‍ ഹര്‍ഷൽ പട്ടേലാണ്. നാലു മത്സരങ്ങളില്‍ 7 വിക്കറ്റ്. നാലു മത്സരങ്ങളില്‍ 7 വിക്കറ്റെടുത്ത വിന്‍ഡീസിന്‍റെ റൊമാരിയോ ഷെപ്പേര്‍ഡിനും ഈഡനില്‍ മികച്ച റെക്കോര്‍ഡുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

