വിന്‍ഡീസിനെ വീഴ്ത്തി സെമിയിലെത്തിയാല്‍ ആരാകും ഇന്ത്യയുടെ എതിരാളികളെന്നാണ് ആരാധകർക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം.

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ സിംബാബ്‌വെയെ കീഴടക്കി ഇന്ത്യ സെമി പ്രതീക്ഷകള്‍ സജമാക്കിയതിന് പിന്നാലെ സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി ആരെത്തുമെന്ന ചര്‍ച്ചകളും സജീവമായി. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചാലെ ഇന്ത്യക്ക് സെമി ഉറപ്പിക്കാനാവു. ഇന്ത്യക്കും വെസ്റ്റ് ഇന്‍ഡീസിനും ഇത് അക്ഷരാര്‍ത്ഥത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാണ്.

വിന്‍ഡീസിനെ വീഴ്ത്തി സെമിയിലെത്തിയാല്‍ ആരാകും ഇന്ത്യയുടെ എതിരാളികളെന്നാണ് ആരാധകർക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം. സൂപ്പര്‍ 8 ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇംഗ്ലണ്ട് മാത്രമാണ് ഇതുവരെ സെമി ഉറപ്പിച്ച ഒരേയൊരു ടീം. ഇന്ന് നടകുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മത്സരമായിരിക്കും ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതെത്തുന്ന ടീം ഏതെന്ന് തീരുമാനിക്കുക. നിലവില്‍ ഇംഗ്ലണ്ടിന് നാലു പോയന്‍റും ന്യൂസിലന്‍ഡിന് മൂന്ന് പോയന്‍റുമാണുള്ളത്.

ഇന്നത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ ന്യൂസിലന്‍ഡാകും ഗ്രൂപ്പ് ചാമ്പ്യൻമാര്‍. ഇതോടെ അവസാന മത്സരം കളിക്കുന്നതിന് മുമ്പ് തന്നെ പാകിസ്ഥാന്‍ സെമിയിലെത്താതെ പുറത്താവും. എന്നാല്‍ ഇംഗ്ലണ്ടാണ് ഇന്ന് ജയിക്കുന്നതെങ്കില്‍ ആറ് പോയന്‍റുമായി ഇംഗ്ലണ്ടാകും ഗ്രൂപ്പ് ചാമ്പ്യൻമാര്‍. ഇതോടെ നാളെ നടക്കുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം കൂടി കഴിഞ്ഞാലെ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമേതെന്ന് വ്യക്തമാവു. ഇംഗ്ലണ്ടിനെതിരെ ഇന്ന് തോറ്റാലും +3.050 എന്ന മികച്ച നെറ്റ് റണ്‍റേറ്റുള്ള ന്യൂസിലന്‍ഡിന് സെമി സാധ്യതയുണ്ട്. -0.461 നെറ്റ് റണ്‍റേറ്റുള്ള പാകിസ്ഥാനാകട്ടെ നാളെ ശ്രീലങ്കക്കെതിരെ വമ്പന്‍ ജയം നേടിയാലെ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാനാവു.

സെമിയില്‍ ഇന്ത്യയുടെ എതിരാളി

ഇന്ന് ന്യൂസിലന്‍ഡ് ജയിക്കുകയും ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഇന്ന് ന്യൂസിലന്‍ഡ് തോല്‍ക്കുകയും ഇന്ത്യ വിന്‍‍ഡീസിനെ മറികടന്ന് സെമിയിലെത്തുകയും ചെയ്താല്‍ ഇന്ത്യയും ഇംഗ്ലണ്ടുമാകും സെമിയില്‍ ഏറ്റുമുട്ടുക. വെസ്റ്റ് ഇന്‍ഡീസിനെതിരെ ജയിച്ചാലും ഗ്രൂപ്പ് ഒന്നില്‍ നിന്ന് രണ്ടാ സ്ഥാനക്കാരായി മാത്രമെ ഇന്ത്യയ്ക്ക് സെമിയിലെത്താനാവു. മികച്ച നെറ്റ് റണ്‍റേറ്റുള്ള ദക്ഷിണാഫ്രിക്ക അവസാന മത്സരത്തില്‍ സിംബാബ്‌വെയെ കീഴടക്കിയാല്‍ അവരാകും ഇന്ത്യയുടെ ഗ്രൂപ്പിലെ ചാമ്പ്യൻമാര്‍. സെമി ഫൈനല്‍ മത്സരക്രമം അനുസരിച്ച് ഗ്രൂപ്പ് ഒന്നിരെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് രണ്ടിലെ ഒന്നാം സ്ഥാനക്കാരുമാണ് സെമിയില്‍ ഏറ്റുമുട്ടുക. അത്ഭുതങ്ങള്‍ സംഭവിച്ച് പാകിസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തിയാലും ഇന്ത്യ-പാകിസ്ഥാന്‍ സെമി പോരാട്ടമുണ്ടാകില്ല.

സെമിയും ഫൈനലും എവിടെ

ഇന്ത്യയുടെ സെമി മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദിയാവുക. പാകിസ്ഥാന്‍ ഫൈനലിലെത്തിയില്ലെങ്കില്‍ കിരീടപ്പോരാട്ടത്തിന് അഹമ്മദാബാദാകും വേദിയാകുക. പാകിസ്ഥാന്‍ ഫൈനലിലെത്തിയാല്‍ കൊളംബോയാകും ഫൈനലിന് വേദിയാവുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക