
ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഒമ്പതാം മിനിട്ടില്‍ നവജ്യോത് കൗര്‍ എടുത്ത പെനല്‍റ്റിയില്‍ നിന്ന് ലാല്‍റെംസിയാമി ആണ് ഇന്ത്യയുടെ സ്കോറിംഗ് തുടങ്ങിവെച്ചത്. എന്നാല്‍ രണ്ടാം ഗോളിനായി ഇന്ത്യക്ക് 45 മിനിട്ട് വരെ കാത്തിരിക്കേണ്ടിവന്നു.
നേഹാ ഗോയലിലൂടെ രണ്ടാം ഗോള്‍ നേടി ഇന്ത്യ 55-ാം മിനിട്ടില്‍ വന്ദന കടാരിയ നേടിയ ഗോളിലൂടെ ജയവും ക്വാര്‍ട്ടറും ഉറപ്പിച്ചു. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലായിരുന്നെങ്കിലും ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വമ്പന്‍മാരെ അട്ടിമറിച്ചെത്തിയ ഇറ്റലിയെ കരുതലോടെയാണ് ഇന്ത്യ ഇറങ്ങിയത്.
ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ ആക്രമിച്ചുകളിച്ച ഇന്ത്യക്ക് പക്ഷെ രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടിവന്നു. മൂന്നാം ക്വാര്‍ട്ടറില്‍ രണ്ടാം ഗോള്‍ വീണതോടെ ഇറ്റലി രണ്ടുംകല്‍പിച്ചുള്ള ആക്രമണം തുടങ്ങി. ഇതാണ് ഇന്ത്യയുടെ മൂന്നാം ഗോളിലേക്കുള്ള വഴിതുറന്നത്.