
ദില്ലി: 2012 ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വർ ദത്തിന് സ്വർണം ലഭിക്കാനുള്ള സാധ്യത അവസാനിച്ചു. മൽസരത്തിൽ സ്വർണം നേടിയ അസർബൈജാൻ താരം തൊഗ്രുൽ അസഗരോവ് ഉത്തേജകം ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ യുണൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ് തള്ളി. അസഗരോവ് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റസ്‌ലിംഗ് അസോസിയേഷന്‍ വ്യക്തമാക്കി.
തൊഗ്രുൽ അസഗരോവ് പ്രാഥമിക ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മൽസരത്തിൽ വെള്ളി മെഡൽ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചതിന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് യോഗേശ്വറിന്റെ വെങ്കലം വെള്ളിയായത്. എന്നാൽ, വെള്ളി മെഡല്‍ സ്വീകരിക്കാന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വിസമ്മതിക്കുകയായിരുന്നു.
നാലു തവണ ലോക ചാംപ്യനായിട്ടുള്ള കുഡുഖോവ് 2013ൽ റഷ്യയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. 2008 ബെയ്ജിങ് ഒളിംപിക്സിൽ കുഡുഖോവ് വെങ്കലം നേടിയിട്ടുമുമുണ്ട്. ബെസിക് കുഡുഖോവ് മഹാനായ ഗുസ്തി താരമായിരുന്നെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താന്‍ ആ മെഡല്‍ സ്വീകരിക്കാതിരിക്കുന്നതെന്നും യോഗേശ്വർ ദത്ത് വ്യക്തമാക്കുകയായിരുന്നു. വെള്ളിമെഡൽ റഷ്യന്‍ താരത്തിന്റെ കുടുംബത്തിന് തന്നെ സൂക്ഷിക്കാമെന്നും യോഗേശ്വര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ യോഗേശ്വറിന്റെ വെള്ളി മെഡല്‍ സംബന്ധിച്ച് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. യോഗേശ്വറിന്റെ മൂത്ര സാംപിളും പരിശോധനയ്ക്ക് വിധേയമാക്കിയശേഷമെ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിക്കൂവെന്നാണ് സൂചന.
ബെസിക് കുഡുഖോവ് ഉത്തേജകം ഉപയോഗിച്ചുവെന്നു തെളിഞ്ഞതിനെ തുടർന്നാണ് ലണ്ടൻ ഒളിംപിക്സിലെ മറ്റു ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് സ്വർണം നേടിയ തൊഗ്രുൽ അസഗരോവും നിരോധിത മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ലണ്ടന്‍ ഒളിംപിക്സില്‍ 60 കിലോഗ്രാം വിഭാഗത്തിലാണ് യോഗേശ്വർ മൽസരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!