യൂത്ത് ഒളിംപിക്സ്: ഗുസ്തിയിൽ വെള്ളി, ഹോക്കിയില്‍ ഇരു ടീമുകളും ഫൈനലില്‍

By Web TeamFirst Published Oct 14, 2018, 9:00 AM IST
Highlights

പെൺകുട്ടികളുടെ ഗുസ്തിയിൽ ഇന്ത്യയുടെ സിമ്രാന് വെള്ളിയോടെ മടക്കം. അമേരിക്കൻ താരം എമിലി ഷിൽസണോട് പരാജയപ്പെട്ടു. എന്നാല്‍ ഹോക്കിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഫൈനലിൽ...

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്സിൽ പെൺകുട്ടികളുടെ ഗുസ്തിയിൽ ഇന്ത്യയുടെ സിമ്രാന് വെള്ളിയോടെ മടക്കം. 43 കിലോ ഗ്രാം വിഭാഗത്തിൽ അമേരിക്കൻ താരം എമിലി ഷിൽസൺ ആണ് സിമ്രാനെ കീഴടക്കിയത്. ആറിനെതിരെ 11 പോയിന്‍റിനായിരുന്നു എമിലിയുടെ ജയം. യൂത്ത് ഒളിംപിക്സിൽ അമേരിക്കയുടെ ആദ്യ സ്വർണമാണ് ഇത്. 2017ലെ വെങ്കല മെഡൽ ജേതാവാണ് ഇന്ത്യയുടെ സിമ്രൻ. ഈ വർഷം തന്നെ നടന്ന ലോക ഗുസ്തി ചാംപ്യൻഷിപ്പിലും സിമ്രൻ എമിലിയോട് തോറ്റിരുന്നു. 

യൂത്ത് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആൺകുട്ടികളും പെൺകുട്ടികളും ഫൈനലിൽ കടന്നു. ആൺകുട്ടികളുടെ സെമിയിൽ കരുത്തരായ അര്‍ജന്‍റീനയെ ആണ് ഇന്ത്യ തോൽപിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ജയം. സാംപിയയെ തോൽപിച്ചെത്തിയ മലേഷ്യയാണ് ആൺകുട്ടികളുടെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

ഇന്ത്യയുടെ പെൺകുട്ടികൾ ഫൈനലിൽ കരുത്തരായ അർജന്‍റീനയെ ആണ് നേരിടുക. ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയെ 11.0 ന് കീഴടക്കിയാണ് അർജന്‍റീന ഫൈനലിലെത്തിയത്.

click me!