ബെംഗളൂരുവിലിരുന്ന് അമേരിക്കക്കാരില്‍ നിന്ന് തട്ടിയത് കോടികള്‍; വ്യാജ 'മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് ടീം' പിടിയില്‍

Published : Nov 17, 2025, 01:34 PM IST
cyber fraud

Synopsis

'മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് ടീം' എന്ന വ്യാജേന പ്രവര്‍ത്തിച്ചിരുന്ന സംഘം ബെംഗളൂരുവിലിരുന്ന് അമേരിക്കക്കാരില്‍ നിന്ന് തട്ടിയത് കോടികള്‍. ലക്ഷങ്ങള്‍ നല്‍കി 4500 ചതുരശ്ര അടി സ്ഥലം വാടകയ്‌ക്ക് എടുത്തായിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തനം. 

ബെംഗളൂരു: 'മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് ടീം' എന്ന വ്യാജേന അമേരിക്കക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത വന്‍ സൈബര്‍ തട്ടിപ്പ് സംഘം ബെംഗളൂരുവില്‍ പിടിയില്‍. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് കെട്ടിടം വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിച്ചിരുന്ന മസ്‌ക് കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിലെ 21 പേരാണ് ബെംഗളൂരു പൊലീസിന്‍റെ പിടിയിലായത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മസ്‌ക് കമ്മ്യൂണിക്കേഷന്‍സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമയെയും അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്യും. സ്ഥാപനവുമായുള്ള വാടക കരാര്‍, പേയ്‌മെന്‍റ് വിവരങ്ങള്‍ തുടങ്ങിയവയും പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബെംഗളൂരു പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.

മസ്‌ക് കമ്മ്യൂണിക്കേഷന്‍സ്: അമേരിക്കയെ വിറപ്പിച്ച ഇന്ത്യന്‍ സൈബര്‍ തട്ടിപ്പ് സംഘം? 

മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് ടെക്‌നീഷ്യന്‍ എന്ന വ്യാജേന വിലസിയിരുന്ന വന്‍ സൈബര്‍ റാക്കറ്റിന്‍റെ ചുരുളഴിച്ചിരിക്കുകയാണ് ബെംഗളൂരു പൊലീസ്. വൈറ്റ്‌ഫീല്‍ഡിലെ സിഗ്‌മ സോഫ്റ്റ് ടെക് പാര്‍ക്കിലെ ഒരു കെട്ടിടത്തിന്‍റെ ആറാം നിലയില്‍ 'മസ്‌ക് കമ്മ്യൂണിക്കേഷന്‍സ്' എന്ന പേരില്‍ 2025 ഓഗസ്റ്റ് മാസം പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തിന്‍റെ മറവിലായിരുന്നു സൈബര്‍ തട്ടിപ്പ് എന്നാണ് പൊലീസ് പറയുന്നത്. 4,500 ചതുരശ്രയടി സ്ഥലം വാടയ്‌ക്ക് എടുത്തായിരുന്നു സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തനം. തട്ടിപ്പ് സംഘത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള നടപടിയുടെ ഭാഗമായി കോടതി ഉത്തരവ് സഹിതം മസ്ക് കമ്മ്യൂണിക്കേഷന്‍സില്‍ ശനിയാഴ്‌ച ബെംഗളൂരു സൈബര്‍ കമാന്‍ഡിലെ സ്‌പെഷ്യല്‍ സെല്ലും വൈറ്റ്‌ഫീല്‍ഡ് ഡിവിഷനിലെ സൈബര്‍ ക്രൈം പൊലീസും ചേര്‍ന്ന് റെയ്‌ഡ് നടത്തുകയായിരുന്നു. പൊലീസ് പരിശോധനയില്‍ കമ്പനിയിലെ ജീവനക്കാരായ 21 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ത്യന്‍ ഐടി ആക്‌ട്, 2000-ത്തിലെ സെക്ഷന്‍ 66, സെക്ഷന്‍ 66 (സി) എന്നിവയും ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 318 (4) വകുപ്പും പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്ഥാപനത്തില്‍ നിന്ന് നിരവധി കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഹാര്‍ഡ്‌ഡിസ്ക്കുകളും മറ്റ് ഇലക്‌ട്രോണിക്‌സ് ഡിവൈസുകളും പിടിച്ചെടുത്തു. സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

അമേരിക്കക്കാരെ വീഴ്‌ത്തിയിരുന്നത് ഫേസ്ബുക്ക് പരസ്യം വഴി

അമേരിക്കന്‍ പൗരന്‍മാരെ ലക്ഷ്യമിട്ടായിരുന്നു ഈ തട്ടിപ്പ് സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ബെംഗളൂരു പൊലീസ് പറയുന്നത്. യുഎസ് "ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC)" ലംഘനങ്ങൾ വ്യാജമായി ചൂണ്ടിക്കാണിച്ചുകൊണ്ട് സംഘം കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു. ഫേസ്ബുക്ക് പരസ്യങ്ങൾ വഴിയാണ് അമേരിക്കൻ ഉപയോക്താക്കളെ ഈ സൈബര്‍ തട്ടിപ്പ് സംഘം വലയിലാക്കിയിരുന്നത്. ആരെങ്കിലും ആ പരസ്യത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ കമ്പ്യൂട്ടറിന്‍റെ നിയന്ത്രണം തട്ടിപ്പ് സംഘം ഏറ്റെടുത്ത് തുടങ്ങും. പരസ്യത്തിൽ ക്ലിക്ക് ചെയ്‌താല്‍, ഒരു കോഡ് കമ്പ്യൂട്ടർ പ്രവര്‍ത്തനം മരവിപ്പിക്കുകയും 'മൈക്രോസോഫ്റ്റ് ആഗോള സാങ്കേതിക പിന്തുണ'യിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരു പോപ്പ്-അപ്പ് ദൃശ്യമാക്കുകയും വ്യാജ ഹെൽപ്പ്‌ലൈൻ നമ്പർ പ്രദർശിപ്പിക്കുകയും ചെയ്യും. ആരെങ്കിലും ഈ നമ്പറില്‍ വിളിച്ചാല്‍, നിങ്ങളുടെ കമ്പ്യൂട്ടറും ഐപി അഡ്രസും ഹാക്ക് ചെയ്യപ്പെട്ടതായും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപകടത്തിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം സംഘം ആവശ്യപ്പെടും. എഫ്‌ടിസി ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരുവിലെ സൈബര്‍ തട്ടിപ്പ് സംഘം ഇത്തരത്തില്‍ പണം തട്ടിയിരുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ
54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ