
ദില്ലി: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പുത്തന്‍ റീചാര്‍ജ് പ്ലാനുമായി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). 251 രൂപ മുടക്കിയാല്‍ 28 ദിവസം വാലിഡിറ്റിയില്‍ കോളിംഗ്, ഡാറ്റ, എസ്എംഎസ് സേവനങ്ങള്‍ ലഭ്യമാവുന്ന സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 13 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂവെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു. ഉപഭോക്തൃ അടിത്തറ മെച്ചപ്പെടുത്താനുള്ള ബിഎസ്എന്‍എല്ലിന്‍റെ വിശാല ശ്രമത്തിന്‍റെ ഭാഗമാണ് 251 രൂപയുടെ പുത്തന്‍ റീചാര്‍ജ് പാക്കേജും.
ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്ന 251 രൂപയുടെ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജിന്‍റെ പ്രത്യേകതകള്‍ വിശദമായി അറിയാം. 251 രൂപയ്‌ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു. ആകെ 100 ജിബി ഡാറ്റ ഈ റീചാര്‍ജ് പ്ലാനില്‍ ഉപയോഗിക്കാം. ദിവസവും 100 എസ്എംഎസ് വീതം ലഭിക്കുമെന്നതാണ് 251 രൂപ സ്റ്റുഡന്‍റ് സ്പെഷ്യല്‍ റീചാര്‍ജിന്‍റെ മറ്റൊരു സവിശേഷത. 28 ദിവസമായിരിക്കും ഈ പ്ലാനിന്‍റെ വാലിഡിറ്റി. ഈ ഓഫര്‍ ലഭിക്കുന്നതിനായി ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീചാര്‍ജ് ലഭിക്കാം. 2025 ഡിസംബര്‍ 13 വരെയായിരിക്കും സ്റ്റുഡന്‍റ് സ്‌പെഷ്യല്‍ റീചാര്‍ജിന് വാലിഡിറ്റിയുണ്ടാവുക.
അടുത്തിടെ, 225 രൂപ വിലയുള്ള ഒരു പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ പരിചയപ്പെടുത്തിയിരുന്നു. 225 രൂപ വരുന്ന ഈ റീചാര്‍ജിന്‍റെ വാലിഡിറ്റി 30 ദിവസമാണ്. പരിധിയില്ലാതെ കോളുകള്‍ വിളിക്കാമെന്നതും മുപ്പത് ദിവസവും 2.5 ജിബി വീതം ഡാറ്റ ഉപയോഗിക്കാം എന്നതുമാണ് ഈ റീചാര്‍ജ് പ്ലാനിന്‍റെ ഏറ്റവും വലിയ സവിശേഷത. ഇതിനെല്ലാം പുറമെ ദിവസവും 100 വീതം എസ്എംഎസുകളും 225 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നു. ഒരു മാസം വാലിഡിറ്റിയോടെ ദിനംപ്രതി 2.5 ജിബി ഡാറ്റ ഇത്രയും കുറഞ്ഞ നിരക്കില്‍ മറ്റൊരു ടെലികോം ഓപ്പറേറ്റര്‍മാരും നല്‍കാത്ത സ്ഥാനത്താണ് ബിഎസ്എന്‍എല്ലിന്‍റെ ഈ വമ്പിച്ച വാഗ്‌ദാനം. 4ജി വ്യാപനത്തോടെ തിരിച്ചുവരവിന്‍റെ പാതയിലുള്ള ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കുകളിലുള്ള റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചും കളംപിടിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam