ഡേറ്റാ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ: 5ജി സര്‍വ്വീസ് ആരംഭിച്ചു

By Web TeamFirst Published Oct 1, 2022, 1:49 PM IST
Highlights

5ജി സേവനങ്ങളുടെ താരിഫും പ്ലാനുകളും കമ്പനികൾ ഉടൻ പ്രഖ്യാപിക്കും. വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സെപ്ക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകുന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ദില്ലി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിൽ 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവമായ ഇന്ന് തന്നെ എട്ട് നഗരങ്ങളിൽ 5ജി സേവനം തുടങ്ങുമെന്ന് മൊബൈൽ ഡേറ്റ സേവനദാതാക്കളായ എയർടെൽ പ്രഖ്യാപിച്ചു. അടുത്ത വർഷം ഡിസംബറോടെ രാജ്യത്തെല്ലായിടത്തും 5ജി സേവനം എത്തിക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചു. 5ജി സേവനങ്ങളുടെ താരിഫും പ്ലാനുകളും കമ്പനികൾ ഉടൻ പ്രഖ്യാപിക്കും. 

രാജ്യത്തെ ടെലികോം രംഗത്തെ പുതിയ തുടക്കമാണിത്, രാജ്യത്തിനുള്ള പുതിയ സമ്മാനമാണിത് - ദേശീയ തലത്തിൽ 5ജി സേവനത്തിന് ഔദ്യോഗികമായി തുടക്കമിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതാണിത്. ദില്ലിയിലെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  5ജി സേവനങ്ങൾക്ക് തുടക്കമിട്ടത്.

രാജ്യത്തെ അഞ്ചാം തലമുറ മൊബെൈൽ സേവനങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയയുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുത്തു.  രാജ്യത്തെ എട്ട് നഗരങ്ങളിൽ ഇന്നു മുതലും 2024 ൽ രാജ്യമാകെയും എയർടെൽ 5 ജി ലഭ്യമാകുമെന്ന് സുനിൽ മിത്തൽ  ചടങ്ങിൽ പ്രഖ്യാപിച്ചു. 

ഡിസംബറിൽ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു. ഉദ്ഘാടനത്തിന് പിന്നാലെ മൂന്ന് സേവനദാതക്കളും വിദ്യാഭ്യാസം , മെഡിക്കൽ , തൊഴിൽ രംഗങ്ങളിൽ എങ്ങനെ പൊതുജനങ്ങൾക്ക് 5ജി സേവനം മാറ്റം വരുത്തുമെന്നതിൻ്റെ അവതരണം പ്രധാനമന്ത്രിക്ക് മുന്നിൽ നടത്തി. 

മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ വിദ്യാർത്ഥികളുമായി 5ജി  സേവനം വഴി മോദി സംസാരിച്ചു. രാജ്യത്ത് പുതിയ യുഗത്തിന്റെ തുടക്കമാകും 5ജി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മൂന്ന് മൊബൈൽ സേവനദാതക്കളും ഒരുക്കിയ 5ജി സേവനങ്ങളുടെ പ്രദർശനവും സന്ദർശിച്ചിരുന്നു. 

വമ്പൻ മുതൽ മുടക്കലിലാണ് കമ്പനികൾ 5ജി സെപ്ക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകൾ ജനങ്ങൾക്ക് താങ്ങാനാകുന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി എത്തുക.  

2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്.

click me!