Asianet News MalayalamAsianet News Malayalam

പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ  മരവിപ്പിച്ചു

നേരത്തെ ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചപ്പോൾ പാക്ക് സർക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു.

Pakistan government's official Twitter account  withheld in India
Author
First Published Oct 1, 2022, 12:46 PM IST

ദില്ലി : പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാന്റെ  ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് കേന്ദ്ര സർക്കാർ നടപടിയെന്നാണ് സൂചന. നേരത്തെ ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചപ്പോൾ പാക്ക് സർക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിലെ ഏറ്റവും പുതിയ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഇതിനോടകം വന്നു തുടങ്ങിയിട്ടുണ്ട്. 

ട്വിറ്ററിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് വേണ്ടിയാണ് സാധാരണയായി മൈക്രോബ്ലോഗിംഗ് സൈറ്റ് ഇത്തരം നടപടി സ്വീകരിക്കുന്നത്. യുഎൻ, തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾ ട്വിറ്റർ ഇതുപോലെ തന്നെ ജൂണിൽ ഇന്ത്യയിൽ  നിരോധിച്ചിരുന്നു

.സമൂഹിക മാധ്യമങ്ങളിലും നടപടി; പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

ഈ വർഷം ഓഗസ്റ്റിൽ "വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം" ഓൺലൈനിൽ പോസ്റ്റ് ചെയ്തെന്ന പേരിൽ വാർത്ത ചാനലുകൾ ബ്ലോക്ക് ചെയ്തിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉൾപ്പെടെയാണ് ഇന്ത്യ ഓഗസ്റ്റിൽ ബ്ലോക്ക് ചെയ്തത്.ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് 100-ലധികം യൂട്യൂബ് ചാനലുകൾ, നാല് ഫേസ്ബുക്ക് പേജുകൾ, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവയും കേന്ദ്ര സർക്കാർ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ്, 2021 പ്രകാരമുള്ള അടിയന്തര അധികാരങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് നടപടിയെടുത്തിരിക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഓഗസ്റ്റ് 16-നായിരുന്നു ഈ നീക്കം സംബന്ധിച്ച ഉത്തരവുകൾ പുറത്തുവന്നത്. ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ വ്യാജവും സെൻസേഷണൽ ചിത്രങ്ങൾ ഉപയോഗിക്കുന്നതാണെന്നും ആണ് റിപ്പോർട്ട്. വാർത്ത ആധികാരികമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി വാർത്താ അവതാരകരുടെ ചിത്രങ്ങളും ചില ടിവി വാർത്താ ചാനലുകളുടെ ലോഗോകളും ഉപയോ​ഗിച്ചിരുന്നതായും കണ്ടെത്തി.

ഓൺലൈനിലെ തെറ്റിദ്ധരിപ്പിക്കലുകൾ പുറത്ത് വരും, തുറന്നു കാട്ടാൻ ട്വിറ്റർ !

Follow Us:
Download App:
  • android
  • ios