Asianet News MalayalamAsianet News Malayalam

അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പിന്തുണക്കും? കേരളാ നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം, യുവനിരയുടെ പിന്തുണ തരൂരിന്

ഹൈക്കമാൻഡിന് സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതൽ പിന്തുണ കിട്ടുമെന്നാണ് തരൂരിൻറെ പ്രതീക്ഷ. 

youth leaders from kerala support shashi tharoor for congress president election
Author
First Published Oct 1, 2022, 1:36 PM IST

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്നതിൽ സംസ്ഥാന നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അതേ സമയം പിന്തുണ ഖാർഗെക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാൻഡിന് സ്ഥാനാർത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതൽ പിന്തുണ കിട്ടുമെന്നാണ് തരൂരിൻറെ പ്രതീക്ഷ. 

അധ്യക്ഷ പോര് മുറുകുമ്പോൾ കേരള നേതാക്കൾക്ക് തരൂരിനോടുള്ള എതിർപ്പ് കുറയുകയാണ്. എതിരാളി ഖാർഗെയായതും ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് ദേശീയ നേതൃത്വം വിശദീകരിച്ചതുമാണ് കാരണം. യുവനിരയാണ് തരൂരിനെ പിന്തുണച്ച് കൂടുതൽ രംഗത്തുള്ളത്.  ജോഡോ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തരൂരിന് മനസാക്ഷി വോട്ട് ആഹ്വാനം ചെയ്ത് പിന്നെ തിരുത്തിയ സുധാകരൻ ഇപ്പോഴും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കളെ പോലെ ഖാർഗെയ പിന്തുണക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. 

അതേ സമയം ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും ആൻറണി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള ഖാർഖെ തന്നെയാണ് നെഹ്റു കുടുംബത്തിൻറെ ചോയ്സ് എന്നാണ് ഒരു വിഭാഗം നേതാക്കൾ വിശദീകരിക്കുന്നത്. തരൂർ ജി 23 സ്ഥാനാർത്ഥി അല്ലാത്തതും സോണിയാ ഗാന്ധി മത്സരത്തിന് സമ്മതം മൂളിയതും കാരണം തരൂരിനിപ്പോൾ വിമത പരിവേഷമില്ല. മത്സരം ഉൾപ്പാർട്ടി ജനാധിപത്യ ലക്ഷണമായി ദേശീയ നേതൃത്വം തന്നെ വിശദീകരിക്കുമ്പോൾ കേരള നേതാക്കൾ പിന്തുണ പരസ്യമാക്കുന്നതിൽ അച്ചടക്ക പ്രശ്നം കാണുന്നുമില്ല. തരൂരിനോടുള്ള എതിർപ്പ് കുറയുമ്പോഴും പാർലമെൻററി രംഗത്തെ മികവിനേക്കാൾ സംഘടനയെ നയിക്കാൻ നല്ലത് ഖാർഗെ തന്നെയെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗത്തെ നിലപാട്. തരൂരിൻറെ നാട്ടിൽ നിന്നും കൂടുതൽ വോട്ട് ഖാർഗെക്കാവുമെന്നും ഈ നേതാക്കൾ കണക്ക് കൂട്ടുന്നു. 

Follow Us:
Download App:
  • android
  • ios