ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ, മൂന്ന് ഭാഗങ്ങളുള്ള ആദ്യത്തെ ഛിന്നഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തി. 44 നൈസ എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന് ചുറ്റും ഒരു ചെറിയ ഉപഗ്രഹവും ഭ്രമണം ചെയ്യുന്നുണ്ട്. ഈ അപൂർവ കണ്ടെത്തൽ സൗരയൂഥത്തിന്റെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശാൻ സഹായിച്ചേക്കും.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിൽ ശാസ്ത്രജ്ഞർ അപൂർവമായ ഒരു കണ്ടെത്തൽ നടത്തി. മൂന്ന് ഭാഗങ്ങളായി വിഭജിച്ച രൂപമുള്ള ആദ്യത്തെ ത്രിതല ഛിന്നഗ്രഹം ആണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ചുറ്റും ചെറിയൊരു ഉപഗ്രഹവും ഭ്രമണം ചെയ്യുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

44 നൈസ (44 Nysa)

44 നൈസ (44 Nysa) എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹമാണ് പുതിയ പഠനത്തിലെ വിഷയം. 1857-ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നാൽ അന്ന് ആകാശത്തിലെ ഒരു ചെറിയ പ്രകാശബിന്ദു മാത്രമായിരുന്നു നൈസ. പിന്നീട് നടത്തിയ നിരീക്ഷണങ്ങളിലും ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള പഠനങ്ങളിലും ഇതിന്റെ യഥാർഥ രൂപത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. മുൻ പഠനങ്ങൾ പ്രകാരം നൈസയ്ക്ക് രണ്ട് ഭാഗങ്ങളുള്ള രൂപമായിരിക്കാമെന്നായിരുന്നു ശാസ്ത്രജ്ഞരുടെ നിഗമനം. നിരവധി ഛിന്നഗ്രഹങ്ങൾക്കും വാൽനക്ഷത്രങ്ങൾക്കും സമാനമായ ഇരട്ട ഘടനയാണ് സാധാരണയായി കാണപ്പെടുന്നത്. എന്നാൽ അമേരിക്കയിലെ അരിസോണയിലുള്ള ലാർജ് ബൈനോക്കുലർ ടെലിസ്കോപ്പ്, ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പ് എന്നിവ ഉപയോഗിച്ച് നടത്തിയ പുതിയ നിരീക്ഷണങ്ങളിലാണ് നൈസയ്ക്ക് മൂന്ന് ഭാഗങ്ങളുള്ള രൂപമാണെന്ന് കണ്ടെത്തിയത്.

മൂന്ന് ഭാഗങ്ങൾ ചേർന്ന അപൂർവ വസ്‍തു

അരിസോണയിലെ ലോവൽ ഒബ്‍സർവേറ്ററിയിലെ ഗവേഷകയായ കേറ്റ് മിങ്കർയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. "അസാധാരണമായ രൂപമാണ് ചിത്രങ്ങളിൽ കാണുന്നത്. നൈസ മൂന്ന് ഘടകങ്ങൾ ചേർന്ന ഒരു സ്‍തുവായിരിക്കാം, അല്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ക്രമരഹിതമായ ഒറ്റ വസ്തുവായിരിക്കാം," എന്ന് മിങ്കർ വ്യക്തമാക്കി.

നൈസയുടെ വിശദമായ ചിത്രങ്ങൾ പകർത്തുക എളുപ്പമായിരുന്നില്ല. അന്തരീക്ഷത്തിലെ മങ്ങൽ കുറയ്ക്കുന്ന അഡാപ്റ്റീവ് ഒപ്റ്റിക്സ് സാങ്കേതികവിദ്യയ്ക്കൊപ്പം ഉയർന്ന കോൺട്രാസ്റ്റ് ഇമേജിങ് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇറ്റലിയിൽ നിർമിച്ച ഷാർക്ക്-വിസ് (SHARK-VIS) ഉപകരണവും ചിലിയിലെ ടെലിസ്കോപ്പിലെ സ്പിയർ (SPHERE) സംവിധാനവും ഉപയോഗിച്ചാണ് ചെറിയ വിശദാംശങ്ങൾ കണ്ടെത്തിയത്.

75 കിലോമീറ്റർ വീതിയുള്ള ഛിന്നഗ്രഹം

പുതിയ ചിത്രങ്ങളിൽ നൈസയുടെ പരമാവധി വീതി ഏകദേശം 75 കിലോമീറ്റർ ആണെന്ന് കണ്ടെത്തി. ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ചുറ്റും നീളുന്ന രണ്ട് വലിയ താഴ്വരകൾ പോലുള്ള ഭാഗങ്ങൾ കാണപ്പെട്ടു. ഇവയാണ് മൂന്ന് ഭാഗങ്ങൾ തമ്മിലുള്ള ‘കഴുത്ത്’ പോലുള്ള ഭാഗങ്ങളെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഇതിനൊപ്പം നൈസയെ ചുറ്റുന്ന ചെറിയൊരു ഉപഗ്രഹത്തെയും കണ്ടെത്തി. ഏകദേശം ഒരു കിലോമീറ്റർ വീതിയുള്ള ഈ ഉപഗ്രഹം നൈസയിൽ നിന്ന് കുറഞ്ഞത് 170 കിലോമീറ്റർ അകലെയാണ് ഭ്രമണം ചെയ്യുന്നത്. താൽക്കാലികമായി ഈ ഉപഗ്രഹത്തിന് എസ്/2026 (44) 1 എന്നാണ് പേര് നൽകിയിരിക്കുന്നത്.

ചെറിയ ഉപഗ്രഹത്തെ കണ്ടെത്തിയത് പ്രത്യേക സാങ്കേതികവിദ്യയിലൂടെ

പ്രധാന ഛിന്നഗ്രഹത്തിന്റെ ശക്തമായ പ്രകാശത്തിൽ മറഞ്ഞുപോകുന്ന ചെറിയ ഉപഗ്രഹത്തെ കണ്ടെത്താൻ ജ്യോതിശാസ്ത്രത്തിലെ ഉയർന്ന കോൺട്രാസ്റ്റ് ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചതായി ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിലെ ഗവേഷകൻ ജിയാൻലൂക്ക ലി കൗസി പറഞ്ഞു. രണ്ട് വ്യത്യസ്‍ത നിരീക്ഷണ ഘട്ടങ്ങളിൽ ഉപഗ്രഹത്തെ കണ്ടെത്താൻ കഴിഞ്ഞതിനാൽ, അത് നൈസയെ ചുറ്റി സഞ്ചരിക്കുന്നതിന്റെ ചലനവും നിരീക്ഷിക്കാൻ സാധിച്ചു.

ഗ്രീക്ക് പുരാണത്തിലെ പേരാണ് നൈസയ്ക്ക്

പുരാതന ഗ്രീക്ക് പുരാണങ്ങളിൽ ദൈവമായ ഡയോണിസസ് വളർന്നുവെന്ന് കരുതപ്പെടുന്ന പ്രദേശമായ നൈസയുടെ പേരാണ് ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്നത്. ലാർജ് ബൈനോക്കുലർ ടെലിസ്കോപ്പ് ഒബ്‍സർവേറ്ററിയിലെ ആൽ കോൺറാഡ് പറയുന്നതനുസരിച്ച്, നാടകത്തിന്റെ ദൈവമായ ഡയോണിസസിന്റെ പേരിനോട് ഈ കണ്ടെത്തൽ യോജിക്കുന്നു. കാരണം പുരാതന ഗ്രീക്ക് നാടകങ്ങളിൽ മുഖംമൂടികളും മറഞ്ഞ വ്യക്തിത്വങ്ങളും പ്രധാനമായിരുന്നു. "കണ്ടെത്തിയിട്ട് ഏറെ വർഷങ്ങൾക്ക് ശേഷം ഒടുവിൽ ഈ ഛിന്നഗ്രഹത്തിന്റെ യഥാർഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ കഴിഞ്ഞു," കോൺറാഡ് പറഞ്ഞു.

നൈസ എങ്ങനെ രൂപപ്പെട്ടു?

നൈസയുടെ വിചിത്രമായ രൂപം എങ്ങനെ ഉണ്ടായെന്നത് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഗവേഷകർക്ക് രണ്ട് പ്രധാന സാധ്യതകളുണ്ട്. ആദ്യത്തേതും കൂടുതൽ സാധ്യതയുള്ളതുമായ വിശദീകരണം, നൈസ മൂന്ന് ഛിന്നഗ്രഹ ഭാഗങ്ങൾ ഗുരുത്വാകർഷണത്താൽ ദുർബലമായി ചേർന്നിരിക്കുന്ന കോൺടാക്ട് ട്രൈനറി ആണെന്നാണ്. മറ്റൊരു സാധ്യത, പണ്ടൊരിക്കൽ വലിയൊരു ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നൈസയുടെ രൂപം മാറിയതാകാം എന്നതാണ്. ശക്തമായ ഗുരുത്വാകർഷണ സ്വാധീനത്തിൽ ഛിന്നഗ്രഹത്തിന്റെ ഉൾഭാഗം വളയുകയും മൂന്ന് ഭാഗങ്ങളായി വേർപെടുകയും ചെയ്തിരിക്കാമെന്നാണ് ഈ സിദ്ധാന്തം. ഇവയിൽ ഏതാണ് ശരിയെന്ന് കണ്ടെത്താൻ നൈസയുടെ ഉപഗ്രഹത്തിന്റെ ഭ്രമണ വേഗതയും കാലയളവും കൂടുതൽ പഠിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി.

ഭൂമിയുടെ ജനന രഹസ്യങ്ങൾ കണ്ടെത്താൻ സഹായിക്കുമോ?

നൈസ ശാസ്ത്രജ്ഞർക്ക് ഏറെ താൽപര്യമുള്ള ഛിന്നഗ്രഹമാണ്. കാരണം ഇതിന്റെ ഉപരിതലത്തിൽ എൻസ്റ്ററ്റൈറ്റ് എന്ന ഇരുമ്പ് കുറഞ്ഞ സിലിക്കേറ്റ് ധാതു കൂടുതലായി കാണപ്പെടുന്നു. ഇത്തരം ഛിന്നഗ്രഹങ്ങളെ ഇ-ടൈപ്പ് ഛിന്നഗ്രഹങ്ങൾ എന്നാണ് വിളിക്കുന്നത്. നൈസ ഇവയിൽ ഏറ്റവും വലുതും ഏറ്റവും കൂടുതൽ പ്രകാശം പ്രതിഫലിപ്പിക്കുന്നതുമായ ഒന്നാണ്. ഇ-ടൈപ്പ് ഛിന്നഗ്രഹങ്ങൾ സൂര്യനോട് അടുത്ത പ്രദേശങ്ങളിൽ രൂപപ്പെട്ടവയാണെന്നും ആന്തരിക ഗ്രഹങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ വസ്‍തുക്കളുടെ ഭാഗമായിരിക്കാമെന്നും കരുതപ്പെടുന്നു.

അതുകൊണ്ട് തന്നെ 450 കോടി വർഷങ്ങൾക്ക് മുമ്പുള്ള ആന്തരിക സൗരയൂഥത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ നൈസയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ പഠനത്തിന്റെ വിശദാംശങ്ങൾ ആർക്കൈവ് പ്രീപ്രിന്റ് ശേഖരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ജേണലിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഗവേഷകർ അറിയിച്ചു.