മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെക്കുമ്പോഴും, വരും മാസങ്ങളിൽ ഐഫോൺ, മാക്, ഐപാഡ് എന്നിവയുടെ വിതരണത്തിൽ ഗണ്യമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു.
പുതിയ ഉൽപ്പന്നങ്ങൾക്കുള്ള ഉപഭോക്താക്കളുടെ ആവശ്യം ശക്തമായി തുടരുമ്പോഴും, ആവശ്യത്തിന് ഉപകരണങ്ങൾ വിപണിയിലെത്തിക്കുന്നതിൽ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ടെക്ക് ഭീമനായ ആപ്പിൾ. ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിൽ ഐഫോൺ, മാക് വിൽപ്പനകളുടെ കരുത്തിൽ കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചതായി വ്യക്തമാക്കിയെങ്കിലും, വരും മാസങ്ങളിൽ ഐഫോൺ, മാക്, ഐപാഡ് ഉൽപ്പന്നങ്ങളുടെ വിതരണ നിയന്ത്രണം ഗണ്യമായി വർധിക്കാമെന്ന് മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ പാദത്തിൽ വിതരണ പരിമിതികൾ വലിയ തോതിൽ വർധിക്കുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം നിലവിലെ നിലയിൽ തുടർന്നാൽ ചില ഉൽപ്പന്നങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകാമെന്നാണ് സൂചന.
ആവശ്യക്കാരില്ലാത്തതല്ല പ്രശ്‍നം, ഉൽപ്പാദന ശേഷിയിലാണ്
ആപ്പിളിന്റെ ഏറ്റവും പുതിയ സാമ്പത്തിക ഫലങ്ങൾ സമ്മിശ്ര ചിത്രമാണ് നൽകുന്നത്. ഐഫോൺ, മാക് വിഭാഗങ്ങളിൽ ഇരട്ട അക്ക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതിന്റെ ഫലമായി മൊത്തം ലാഭത്തിൽ 27 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഐപാഡ് വിൽപ്പന വരുമാനത്തിൽ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തി. എന്നിരുന്നാലും, ആപ്പിളിന്റെ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കളുടെ താൽപര്യം കുറഞ്ഞിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. ആവശ്യക്കാർ കുറയുന്നതല്ല പ്രശ്‍നം, മറിച്ച് ആവശ്യത്തിന് വേഗത്തിൽ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് എത്തിക്കാൻ കഴിയുമോ എന്നതാണ് വെല്ലുവിളി. സാമ്പത്തിക വിഭാഗം മേധാവി കെവൻ പരേഖ് വരുമാന പ്രഖ്യാപന വേളയിൽ, അടുത്ത പാദത്തിൽ ഐഫോൺ, മാക്, ഐപാഡ് എന്നിവയുടെ വിതരണ നിയന്ത്രണങ്ങൾ വർധിക്കുമെന്ന് വ്യക്തമാക്കി. അതിനർത്ഥം, ഉപഭോക്താക്കൾ വാങ്ങാൻ തയ്യാറായാലും ചില മോഡലുകൾക്ക് വിപണിയിൽ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്നാണ്.
വിനിമയനിരക്കിലെ മാറ്റവും മറ്റൊരു വെല്ലുവിളി
വിതരണ പ്രശ്‍നങ്ങൾക്ക് പുറമെ, വിദേശ കറൻസി വിനിമയ നിരക്കിലെ മാറ്റങ്ങളും ആപ്പിളിന് വെല്ലുവിളിയാകുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ വിൽപ്പന വരുമാനം അമേരിക്കൻ ഡോളറിലേക്ക് മാറ്റുമ്പോൾ കറൻസി മൂല്യത്തിലെ വ്യത്യാസം കമ്പനിയുടെ വരുമാനത്തെ ബാധിക്കാം. ഇതിനെ ആപ്പിൾ "ഫോറിൻ എക്സ്ചേഞ്ച് ഹെഡ്‌വിൻഡ്" എന്നാണ് വിശേഷിപ്പിക്കുന്നത്. കറൻസി മാറ്റങ്ങൾ മാത്രം അടുത്ത പാദത്തിലെ വരുമാന വളർച്ചയിൽ ഏകദേശം 2.5 ശതമാനം പോയിന്റിന്റെ കുറവ് ഉണ്ടാക്കുമെന്നാണ് കെവൻ പരേഖ് വ്യക്തമാക്കിയത്. എന്നിരുന്നാലും, വെല്ലുവിളികൾക്കിടയിലും വാർഷികാടിസ്ഥാനത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 9 ശതമാനം മുതൽ 11 ശതമാനം വരെ ഉയരുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.
ഐഫോൺ 18 പ്രോ ലോഞ്ചിന് മുന്നോടിയായ മുന്നറിയിപ്പ്
പുതിയ ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിക്കാനിരിക്കുന്ന സമയത്താണ് ആപ്പിളിന്റെ ഈ മുന്നറിയിപ്പ് എന്നതാണ് ഏറെ ശ്രദ്ധ നേടുന്നത്. സെപ്റ്റംബറിൽ നടക്കുന്ന കമ്പനിയുടെ പരിപാടിയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫോണുകൾക്ക് വലിയ ആവശ്യകത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ ലോഞ്ചിന് പിന്നാലെ ആവശ്യത്തിന് ഫോണുകൾ ലഭ്യമാക്കാൻ ആപ്പിൾ നേരിടുന്ന വിതരണ വെല്ലുവിളി കൂടുതൽ ശ്രദ്ധേയമാകാനാണ് സാധ്യത.


