വിക്കിപീഡിയയിൽ എഐ സൃഷ്‍ടിച്ച ഉള്ളടക്കത്തിന് വിലക്ക്; രണ്ട് കാര്യങ്ങൾക്ക് മാത്രം പ്രത്യേക ഇളവ്

Published : Mar 29, 2026, 01:54 PM IST
wikipedia

Synopsis

വിശ്വാസ്യത ഉറപ്പാക്കാൻ വിക്കിപീഡിയ തങ്ങളുടെ ഉള്ളടക്ക നയത്തിൽ വലിയ മാറ്റം വരുത്തി, കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് ലേഖനങ്ങൾ എഴുതുന്നത് പൂർണ്ണമായും നിരോധിച്ചു. ചാറ്റ്‍ജിപിടി പോലുള്ള വലിയ ഭാഷാ മോഡലുകൾ സൃഷ്‌ടിക്കുന്ന ഉള്ളടക്കത്തിലെ തെറ്റായ വിവരങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം. 

ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ഓൺലൈൻ എൻസൈക്ലോപീഡിയയാണ് വിക്കിപീഡിയ. ഇപ്പോഴിതാ വിക്കീപീഡിയ തങ്ങളുടെ ഉള്ളടക്ക നയത്തിൽ വലിയ മാറ്റം പ്രഖ്യാപിച്ചു. പുതിയ മാർഗ്ഗനിർദേശങ്ങൾ പ്രകാരം, കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്‌ടിച്ച എഴുത്തുകൾ ലേഖനങ്ങളിൽ ഉൾപ്പെടുത്തുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച്, വലിയ ഭാഷാ മോഡലുകൾ (LLMs) ഉപയോഗിച്ച് ലേഖനങ്ങൾ എഴുതുകയോ നിലവിലുള്ള ഉള്ളടക്കം പുനരാഖ്യാനം ചെയ്യുകയോ ചെയ്യുന്നത് അനുവദനീയമല്ലെന്ന് വിക്കിപീഡിയ വ്യക്തമാക്കി.

വിക്കിപീഡിയയില്‍ എഐ ഉള്ളടക്കത്തിന് നിയന്ത്രണം

ഉള്ളടക്കത്തിന്‍റെ വിശ്വാസ്യതയും നിഷ്‍പക്ഷതയുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ചാറ്റ്‍ജിപിടി, ജെമിനി, ക്ലോഡ്, ഡീപ്‍സീക്ക് തുടങ്ങിയ എഐ ചാറ്റ്ബോട്ടുകൾ സൃഷ്‌ടിക്കുന്ന ഉള്ളടക്കം ചിലപ്പോൾ തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളാൻ ഇടയാക്കുന്നു. “ഹല്ലുസിനേഷൻ” എന്നറിയപ്പെടുന്ന പ്രശ്‍നം മൂലം, യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത വിവരങ്ങൾ പോലും എഐ നിർദ്ദേശിക്കാൻ സാധ്യതയുണ്ട്. വിക്കിപീഡിയയുടെ പ്രധാന ലക്ഷ്യം വിശ്വസനീയവും ഉറവിടങ്ങൾ ഉപയോഗിച്ച് പരിശോധിക്കാവുന്നതുമായ ഉള്ളടക്കം നൽകുന്നതാണ്. അതിനാൽ എഐയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ഈ ലക്ഷ്യത്തെ ബാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

അതേസമയം, എഡിറ്റർമാർക്ക് എഐ ഉപകരണങ്ങൾ ഉപയോഗിക്കാൻ രണ്ട് പ്രത്യേക സാഹചര്യങ്ങളിൽ മാത്രം അനുമതി നൽകിയിട്ടുണ്ട്. ഒന്നാമതായി, ലേഖനങ്ങളിൽ ചെറിയ വ്യാകരണ തിരുത്തലുകൾക്കും ശൈലി മെച്ചപ്പെടുത്തലുകൾക്കുമായി കോപ്പി എഡിറ്റിംഗ് സഹായമായി എഐ ഉപയോഗിക്കാം. എന്നാൽ എഐ പുതിയ വിവരങ്ങൾ ചേർക്കാൻ പാടില്ല, കൂടാതെ മനുഷ്യ പരിശോധനയ്ക്കു ശേഷം മാത്രമേ തിരുത്തലുകൾ അംഗീകരിക്കാവൂ.

രണ്ടാമതായി, മറ്റൊരു ഭാഷയിൽ നിന്നുള്ള ലേഖനങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനും എഐ ഉപയോഗിക്കാം. എന്നാൽ ഇത്തരം വിവർത്തനങ്ങൾ ഓട്ടോമാറ്റിക്ക് ട്രാൻസിലേഷൻ എന്ന് അടയാളപ്പെടുത്തുകയും പിന്നീട് മനുഷ്യർ പരിശോധിച്ച് ശരിവെക്കുകയും വേണം. ഇതിലൂടെ തെറ്റായ വിവർത്തനങ്ങൾ ഒഴിവാക്കാനാണ് ശ്രമം.

സോഷ്യൽ മീഡിയയിലുടനീളം എഐ സൃഷ്‌ടിച്ച ഉള്ളടക്കം വ്യാപകമാകുന്ന സാഹചര്യത്തിലാണ് വിക്കിപീഡിയയുടെ ഈ നടപടി. മനുഷ്യരുടെ സൃഷ്‍ടിപരമായ എഴുത്തുകൾക്ക് പകരം എഐ ഉള്ളടക്കം വരുന്നതിനെ കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഉള്ളടക്കത്തിന്‍റെ ഗുണമേന്മയും വിശ്വാസ്യതയും നിലനിർത്താൻ വിക്കിപീഡിയ എടുത്ത തീരുമാനം ശ്രദ്ധേയമാണ്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ചു വർഷത്തിനകം മനുഷ്യരാശിക്ക് ഭീഷണിയാകുമോ എഐ? മുൻ ഓപ്പൺ എഐ ഗവേഷകന്‍റെ മുന്നറിയിപ്പ്
ചൊവ്വയിലേക്കുള്ള സ്കൈഫാൾ ദൗത്യത്തിനായി ആണവോർജ്ജം ഉപയോഗിക്കുന്ന ബഹിരാകാശ പേടകവുമായി നാസ