മോട്ടറോളയുടെ പുതിയ പ്രീമിയം മോഡലായ എഡ്‍ജ് 70 മാക്‌സ് ജൂലൈ 15ന് ഇന്ത്യയിൽ അവതരിപ്പിക്കും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ്, 7,100 എംഎഎഎച്ച് ബാറ്ററി, 144 ഹെർട്സ് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്‌ക്കെത്തുന്ന ഫോണിൽ മാഗ്നറ്റിക് വയർലെസ് ചാർജിങ് പോലുള്ള സവിശേഷതകളുമുണ്ട്.

ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കാൻ മോട്ടറോള. കമ്പനിയുടെ പുതിയ പ്രീമിയം മോഡലായ മോട്ടറോള എഡ്‍ജ് 70 മാക്‌സ് ഇന്ത്യയിൽ ജൂലൈ 15ന് ഉച്ചയ്ക്ക് 12 മണിക്ക് അവതരിപ്പിക്കും. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഫ്ലിപ്‍കാർട്ട് മൈക്രോസൈറ്റിലൂടെ ഫോണിന്‍റെ ഡിസൈനും പ്രധാന സവിശേഷതകളും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ്, 7,100 എംഎഎഎച്ച് ബാറ്ററി, 144 ഹെർട്സ് ക്വാഡ് എച്ച്ഡി പ്ലസ് എൽടിപിഒ ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്ലിപ്‍കാർട്ടിലൂടെ വിൽപ്പനയ്ക്കെത്തുന്ന എഡ്‍ജ് 70 മാക്‌സ് ഫ്ലാറ്റ് ഡിസ്പ്ലേയും നേർത്ത ബെസലുകളും ചതുരാകൃതിയിലുള്ള പിൻ ക്യാമറ മോഡ്യൂളുമായാണ് എത്തുന്നത്. ലൈറ്റ് ബ്ലൂ, ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. പെർഫോമൻസിന്‍റെ കാര്യത്തിൽ ഫോണിന് കരുത്തേകുന്നത് ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ്. മുൻതലമുറയെ അപേക്ഷിച്ച് എഐ പ്രോസസിങ് ശേഷിയിൽ 46 ശതമാനം വരെ വർധനയുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 30 ലക്ഷത്തിൽ അധികം ആൻടുടു സ്‌കോർ, 12 ജിബി വരെ എൽപിഡിഡിആർ5എക്സ് റാം, ഓൺ-ഡിവൈസ് എഐ സൗകര്യങ്ങൾ എന്നിവയും ഫോണിലുണ്ടാകും.

ഗെയിമിങ്ങിനും ഹെവി മൾട്ടിടാസ്‍കിംഗിനുമായി ആർട്ടിക്‌മെഷ് കൂളിങ് സിസ്റ്റം ആണ് മോട്ടറോള നൽകിയിരിക്കുന്നത്. 5,500 ചതുരശ്ര മില്ലിമീറ്റർ വിസ്‍തൃതിയുള്ള വേപ്പർ ചേംബർ ചൂട് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിച്ച് ദീർഘനേരം സ്ഥിരതയാർന്ന പ്രകടനം ഉറപ്പാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡിസ്പ്ലേയും ഫ്ലാഗ്ഷിപ്പ് നിലവാരത്തിലാണ്. ക്വാഡ് എച്ച്ഡി പ്ലസ് എൽടിപിഒ പാനൽ, 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 7,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം എന്നിവ ഫോണിലുണ്ട്. 95.12 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, ഡിസിഐ-പി3 കളർ ഗാമട്ട്, 10-ബിറ്റ് കളർ പിന്തുണ എന്നിവയ്ക്കൊപ്പം ബിജിഎംഐ ഗെയിമിൽ 120 എഫ്പിഎസ് വരെ ഗെയിമിങ് പിന്തുണയും കമ്പനി ഉറപ്പുനൽകുന്നു.

7,100 എംഎഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണിന്‍റെ മറ്റൊരു പ്രധാന സവിശേഷത. ഒറ്റ ചാർജിൽ 58 മണിക്കൂർ വരെ ഉപയോഗം ലഭിക്കുമെന്നാണ് മോട്ടറോളയുടെ അവകാശവാദം. 90 വാട്ട് ടർബോപവർ ഫാസ്റ്റ് വയേർഡ് ചാർജിങ്ങിനൊപ്പം ഈ വിഭാഗത്തിൽ ആദ്യമായി മാഗ്നറ്റിക് വയർലെസ് ചാർജിങ് സംവിധാനവും എഡ്‍ജ് 70 മാക്‌സിൽ ലഭ്യമാകും. ക്യാമറ സവിശേഷതകൾ, വില, സ്റ്റോറേജ് വേരിയന്റുകൾ എന്നിവ ജൂലൈ 15-ലെ ലോഞ്ച് ചടങ്ങിൽ കമ്പനി പ്രഖ്യാപിക്കും.