പതിറ്റാണ്ടുകളായി കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ കണ്ണീരൊപ്പി എഐ! വന്ധ്യതാചികിത്സയിൽ പുതുവിപ്ലവം

Published : Nov 05, 2025, 09:15 AM IST
child hand

Synopsis

രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ 15 തവണ പരാജയപ്പെട്ട ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF)ചികിത്സകളും, ഒന്നിലധികം ശസ്ത്രക്രിയകള്‍ക്കും ശേഷം അമേരിക്കൻ ദമ്പതികൾ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള ഫെർട്ടിലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകരമായി ഗർഭം ധരിച്ചു 

ന്യൂയോര്‍ക്ക്: എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മനുഷ്യജീവിതത്തെ അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടുകളായി കുട്ടികളുണ്ടാകാതിരുന്ന ഒരു ദമ്പതികളുടെ കണ്ണീർ ഒപ്പിയിരിക്കുകയാണ് എഐ സാങ്കേതികവിദ്യ എന്ന അതിശയകരമായ വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ 15 തവണ പരാജയപ്പെട്ട ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF)ചികിത്സകളും, ഒന്നിലധികം ശസ്ത്രക്രിയകള്‍ക്കും ശേഷം അമേരിക്കൻ ദമ്പതികൾ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള ഫെർട്ടിലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകരമായി ഗർഭം ധരിക്കുകയായിരുന്നു.

39 വയസുള്ള പുരുഷനും 37 വയസുള്ള സ്ത്രീ പങ്കാളിയും കുട്ടികൾ ഉണ്ടാകാൻ നിരവധി തവണ ഐവിഎഫ് ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും വിധേയരായിരുന്നു. പക്ഷേ അവയെല്ലാം പരാജയപ്പെട്ടു. ബീജം കാണപ്പെടാത്ത അവസ്ഥയായ അസൂസ്പെര്‍മിയ ബാധിച്ചവരായിരുന്നു ഈ ദമ്പതികൾ. ഈ മെഡിക്കല്‍ കണ്ടീഷനുള്ള മിക്ക ദമ്പതികൾക്കും ജൈവശാസ്ത്രപരമായി ഒരു കുട്ടിയുണ്ടാകുക അസാധ്യമാണെന്ന് കൊളംബിയ സര്‍വകലാശാല ഫെർട്ടിലിറ്റി സെന്‍ററിന്‍റെ ഡയറക്‌ടർ സെവ് വില്യംസ് പറയുന്നു.

രക്ഷകനായത് സ്‍പേം ട്രാക്കിംഗ് ആൻഡ് റിക്കവറി (STAR)

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, ഗവേഷകർ സ്‍പേം ട്രാക്കിംഗ് ആൻഡ് റിക്കവറി (STAR) എന്ന എഐ അധിഷ്‍ഠിത സംവിധാനം വികസിപ്പിച്ചെടുത്തു. മുമ്പ് ബീജരഹിതമെന്ന് കണക്കാക്കിയിരുന്ന സാമ്പിളുകളിലെ അപൂർവ ബീജകോശങ്ങൾ കണ്ടെത്തുന്നതിന് ഈ സംവിധാനം അതിവേഗ ഇമേജിംഗും മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. പരമ്പരാഗത സാങ്കേതിക വിദഗ്‌ധർക്ക് കഴിയാത്തത് നേടുന്നതിനായി സ്റ്റാർ സിസ്റ്റം ഉയർന്ന പവർ ഇമേജിംഗും ഒരു എഐ അൽഗോരിതവും ഉപയോഗിക്കുന്നു. ആകാശ ശബ്‌ദങ്ങൾക്കിടയിൽ പുതിയ നക്ഷത്രങ്ങളെ കണ്ടെത്താൻ ജ്യോതിശാസ്ത്രജ്ഞർ എഐ ഉപയോഗിക്കുന്ന രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ സിസ്റ്റം അവിശ്വസനീയമാംവിധം ഉയർന്ന വേഗതയിൽ സാമ്പിളുകൾ സ്‍കാൻ ചെയ്യുന്നുവെന്നും ചലിക്കുന്ന ബീജത്തെ കണ്ടെത്തുന്നുവെന്നും ഗവേഷകർ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ എട്ട് ദശലക്ഷത്തിലധികം ചിത്രങ്ങൾ സ്‍കാൻ ചെയ്യാനും ഉയർന്ന കൃത്യതയോടെ സാധ്യതയുള്ള ബീജകോശങ്ങളെ തിരിച്ചറിയാനും ഈ സിസ്റ്റത്തിന് കഴിയും.

ഈ എഐ സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ആരോഗ്യമുള്ള ഒരു ബീജകോശത്തെ എഐ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ഒരു മൈ‌ക്രോഫ്ലൂയിഡിക് ചിപ്പും ഒരു റോബോട്ടും ചേർന്ന് ബീജകോശത്തെ വേർതിരിക്കുന്നു. ഈ ബീജങ്ങളെ ഉടനടി ബീജസങ്കലനത്തിനായി ഉപയോഗിക്കാം, അല്ലെങ്കിൽ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കാം. മേൽപ്പറഞ്ഞ ദമ്പതികളുടെ കാര്യത്തിൽ ബീജ സാമ്പിളിന്റെ പതിവ് മാനുവൽ സ്ലൈഡ് പരിശോധനയിൽ ബീജങ്ങളൊന്നും കണ്ടെത്തിയില്ല. പകരം കോശാവശിഷ്‍ടങ്ങൾ മാത്രമാണ് കണ്ടത്. പക്ഷേ സ്‍പേം ട്രാക്കിംഗ് ആൻഡ് റിക്കവറി സിസ്റ്റത്തിലൂടെ സാമ്പിൾ പരിശോധിച്ചപ്പോൾ ഫലം അമ്പരപ്പിക്കുന്നതായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ 2.5 ദശലക്ഷം സൂക്ഷ്‍മ ചിത്രങ്ങൾ എഐ വിശകലനം ചെയ്യുകയും ഏഴ് ബീജകോശങ്ങളെ വിജയകരമായി കണ്ടെത്തുകയും ചെയ്‌തു. ഈ ബീജോകോശങ്ങളിൽ രണ്ടെണ്ണം ഊർജ്ജമുള്ളതും ചലനാത്മകവുമായിരുന്നു. തുടർന്ന് സിസ്റ്റം മൈക്രോഫ്ലൂയിഡിക് ചിപ്പും റോബോട്ടും ഉപയോഗിച്ച് ഈ സൂക്ഷ്‍മകോശങ്ങളെ വേർതിരിച്ചെടുത്തു.

ഈ രണ്ട് ചലനശേഷിയുള്ള ബീജങ്ങളെ ഉടൻ തന്നെ ഇൻട്രാസൈറ്റോപ്ലാസ്‍മിക് ബീജ കുത്തിവയ്പ്പിന് (ICSI) ഉപയോഗിച്ചു. അതായത് ഈ ബീജങ്ങളെ പക്വമായ അണ്ഡങ്ങളിലേക്ക് കുത്തിവച്ചു. പതിമൂന്ന് ദിവസങ്ങൾക്കകം സ്ത്രീയുടെ ആദ്യ ഗർഭ പരിശോധനാ ഫലം പോസിറ്റീവായി. എട്ട് ആഴ്‌ചകൾക്കുശേഷം നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ, സ്‍ത്രീയുടെ ഉദരത്തിലെ ജീവന്‍റെ തുടിപ്പിന് ആവശ്യത്തിനുള്ള വളർച്ചയും ആരോഗ്യകരമായ ഹൃദയമിടിപ്പും ദൃശ്യമായി.

വന്ധ്യതാചികിത്സയിൽ പുതുവിപ്ലവം

മനുഷ്യനിലെ വിജയകരമായ ഗർഭധാരണത്തിന് എഐ സഹായിച്ച ഈ സംഭവം നിലവിൽ ഒരു കേസിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ ഈ മേഖലയിൽ വലിയ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങൾ വിജയിച്ചാൽ പുരുഷന്മാരിലെ അസൂസ്പെര്‍മിയ ചികിത്സയിൽ സ്‍പേം ട്രാക്കിംഗ് ആൻഡ് റിക്കവറി (STAR) സാങ്കേതികവിദ്യ വിപ്ലവം സൃഷ്‍ടിക്കും. ഇത് നിരവധി ദമ്പതികൾക്ക് പ്രതീക്ഷയുടെ ഒരു പുതിയ കിരണം നൽകുകയും ചെയ്യും.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍