ഐഫോണ്‍ കൊണ്ടുനടക്കാന്‍ ചെറിയൊരു തുണിസഞ്ചി, 20000 രൂപയെന്ന് കേട്ട് ഞെട്ടി ആപ്പിള്‍ പ്രേമികള്‍!

Published : Nov 12, 2025, 12:35 PM IST
iPhone Pocket

Synopsis

വില കുറച്ച് കുറയ്‌ക്കാന്‍ പറ്റുമോ? 'ഐഫോണ്‍ പോക്കറ്റ്' എന്ന ചെറിയ സഞ്ചി പുറത്തിറക്കി ആപ്പിള്‍ കമ്പനി. ഒരു തുണിക്കഷണത്തിന് ഇത്ര വിലയോ എന്ന് പരിഹസിച്ച് ആളുകള്‍.

കാലിഫോര്‍ണിയ: ഐഫോണുകള്‍ അലക്ഷ്യമായി കീശയിലിട്ട് നടക്കേണ്ട, പകരം കൈത്തണ്ടയിലെ ചെറിയൊരു തുണിസഞ്ചിയില്‍ കൊണ്ടുനടന്നാല്‍ മതി. ആപ്പിള്‍ പ്രേമികളെ ഒന്നുകൂടി മോഡേണാക്കാന്‍ പുത്തന്‍ ഐഫോണ്‍ പൗച്ച് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 'ഐഫോണ്‍ പോക്കറ്റ്' (iPhone Pocket) എന്നാണ് ഈ ഫാഷന്‍ ആക്‌സിസറിയുടെ പേര്. പ്രമുഖ ജാപ്പനീസ് ഫാഷന്‍ ഡിസൈനറായ ഇസി മിയാകെയുമായി സഹകരിച്ചാണ് ഈ ചെറിയ തുണിസഞ്ചി ആപ്പിള്‍ തയ്യാറാക്കിയത്. എന്നാല്‍ ആപ്പിളിന്‍റെ 'ഐഫോണ്‍ പോക്കറ്റ്' വലിയ വിമര്‍ശനം നേരിടുകയാണ്. വളരെ ഉയര്‍ന്ന വില തന്നെ ഇതിന് കാരണം. 229.95 യുഎസ് ഡോളര്‍ അഥവാ 20,379 ഇന്ത്യന്‍ രൂപയാണ് ക്രോസ്-ബോഡി ഐഫോണ്‍ പോക്കറ്റിന് വില.

ഐഫോണ്‍ പോക്കറ്റ്

ഐഫോണോ അതുപോലെയോ ഉള്ള ചെറിയ ഡിവൈസുകള്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള വലിപ്പമേ ഐഫോണ്‍ പോക്കറ്റ് എന്ന ആക്‌സസറിക്കുള്ളൂ. "piece of cloth" എന്ന കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇതിന്‍റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു. കൈത്തണ്ടയില്‍ ധരിക്കുകയോ അല്ലെങ്കില്‍ ബാഗിനൊപ്പം കെട്ടിയിടാനോ, ശരീരത്തില്‍ ധരിക്കാനോ (ക്രോസ്-ബോഡി) ഐഫോണ്‍ പോക്കറ്റ് കൊള്ളാമെന്ന് ആപ്പിള്‍ പറയുന്നു. എല്ലാ ഐഫോണ്‍ മോഡലുകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ വിവിധ നിറങ്ങളിലാണ് ഐഫോണ്‍ പോക്കറ്റ് ഡിസൈന്‍ ചെയ്‌തിരിക്കുന്നതെന്നും ആപ്പിള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഫ്രാന്‍സ്, ചൈന, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ പോക്കറ്റ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ക്രോസ്-ബോഡി ഐഫോണ്‍ പോക്കറ്റിനാണ് 229.95 ഡോളര്‍ വില. കൈത്തണ്ടയില്‍ ധരിക്കുന്ന ഐഫോണ്‍ പോക്കറ്റിന്‍റെ വില 149.95 രൂപയും.

ഐഫോണ്‍ പോക്കറ്റിന് രൂക്ഷ വിമര്‍ശനം

ആപ്പിളിന്‍റെ ഐഫോണ്‍ പോക്കറ്റിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ആപ്പിള്‍ എന്ത് പുറത്തിറക്കിയാലും സ്വാഗതം ചെയ്യുകയും വാങ്ങുകയും ന്യായീകരിക്കുകയും ചെയ്യുന്നവര്‍ക്കുള്ള അഗ്നിപരീക്ഷയാണ് ഈ ഐഫോണ്‍ പോക്കറ്റ് എന്നാണ് പ്രമുഖ ടെക് യൂട്യൂബര്‍ മാർക്വീസ് ബ്രൗൺലീയുടെ പ്രതികരണം. മറ്റ് ടെക് ഭീമന്‍മാര്‍ എഐ മോഡലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ആപ്പിള്‍ സോക്‌സ് കൊണ്ട് ഇറങ്ങിയിരിക്കുകയാണ് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ആപ്പിള്‍ പോക്കറ്റ് എന്ന ആക്‌സസറിയെ കുറിച്ച് വിശ്വാസം വരാത്തവരും ഏറെ. ആപ്പിളിന്‍റെ ആരാധകര്‍ ന്യായീകരിക്കാന്‍ ഏതറ്റം വരെ പോകുമെന്നറിയാനുള്ള ആപ്പിളിന്‍റെ പരീക്ഷയാണിത് എന്നായിരുന്നു മറ്റൊരു പ്രതികരണം. അതേസമയം, പ്രശസ്‌ത ജാപ്പനീസ് ഡിസൈനറായ ഇസി മിയാകെയുടെ ഉത്പന്നങ്ങളുടെ ചരിത്രം അറിയുന്നവര്‍ക്ക് ഇതൊരു വിലക്കൂടുതലേ അല്ല എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'