ഒരിടത്തും ഇല്ലാത്ത 2 പ്രത്യേകതകളുമായി പുതിയ ഐഫോണുകള്‍

By Web TeamFirst Published Sep 13, 2018, 10:42 AM IST
Highlights

ഫോണിന്‍റെ വേഗത നിര്‍ണ്ണയിക്കുന്ന ചിപ്പില്‍ വലിയ മാറ്റമാണ് ആപ്പിള്‍ വരുത്തിയിരിക്കുന്നത്. പുതിയ ഐഫോണുകളിലെ പുതിയ പ്രൊസസറിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര് A12 ബയോണിക് എന്നാണ്. 

സന്‍ഫ്രാന്‍സിസ്കോ: ആപ്പിളിന്‍റെ ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ഐഫോണ്‍ XS, XS മാക്സ്, XR ഫോണുകള്‍ പുറത്തിറക്കിയത്. ഫോണുകള്‍ ഇറങ്ങിയതോടെ ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നത് ഫോണിന്‍റെ രണ്ട് പ്രധാന ഫീച്ചറുകളാണ്. ലോകത്ത് ഇതുവരെ ഒരു ഫോണിനും ഈ പ്രത്യേകതയില്ലെന്നാണ് ആപ്പിള്‍ അവകാശ വാദം.

ഫോണിന്‍റെ വേഗത നിര്‍ണ്ണയിക്കുന്ന ചിപ്പില്‍ വലിയ മാറ്റമാണ് ആപ്പിള്‍ വരുത്തിയിരിക്കുന്നത്. പുതിയ ഐഫോണുകളിലെ പുതിയ പ്രൊസസറിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര് A12 ബയോണിക് എന്നാണ്. ഇതാണ് ലോകത്തെ ആദ്യത്തെ 7 നാനോമീറ്റര്‍ ചിപ്. ഇതിന് 6.9 ബില്ല്യന്‍ ട്രാന്‍സിസ്റ്ററുകളാണ് ഇതില്‍ അടുക്കിയിരിക്കുന്നത്. 

ആപ്പിള്‍ സ്വന്തമായി നിര്‍മിച്ച 6 കോറുള്ള സിപിയു ആണ് ഇതിനുള്ളത്. ഇതൊരു ഫ്യൂഷന്‍ സിസ്റ്റമാണ്. ഇതിന് രണ്ടു ഹൈ പെര്‍ഫോമന്‍സ് കോറുകളും, നാല് ഹൈ എഫിഷ്യന്‍സി കോറുകളും ആണുള്ളത്. തൊട്ടു മുൻപിലെ തലമുറിയിലെ ഗ്രാഫിക്‌സ് പ്രൊസസറിനെക്കാള്‍ 50 ശതമാനം വേഗത കൂടുതലുണ്ട് പുതിയ ജിപിയുവിനെന്ന് ആപ്പിള്‍ പറയുന്നു. 

ഇതൊരു 8 കോറുള്ള മെഷീന്‍ ലേണിങ് എൻജിനാണ്. കഴിഞ്ഞ വര്‍ഷത്തെ ജിപിയുവിന് സെക്കന്‍ഡില്‍ 600 ബില്യന്‍ ഓപ്പറേഷനുകളാണ് നടത്താന്‍ കഴിയുമായിരുന്നതെങ്കില്‍ പുതിയ A12 ന്യൂറല്‍ എൻജിന് സെക്കന്‍ഡില്‍ 5 ട്രില്ല്യന്‍ ഓപ്പറേഷന്‍സ് നടത്താനുള്ള ശേഷിയുണ്ടെന്നും ആപ്പിള്‍ അവകാശപ്പെടുന്നു.

ഇത് പോലെ തന്നെ ഓഗ്മെന്‍റ് റിയാലിറ്റി ഏറ്റവും മനോഹരമായി സംയോജിപ്പിച്ച ഫോണുകളാണ് പുതിയ ഐഫോണുകള്‍. ഓഗ്മെന്റഡ് റിയാലിറ്റിയില്‍ തീര്‍ത്ത സ്പോര്‍ട്സ്, ഗെയിം, ലീവിങ്ങ് ടൂള്‍ ആപ്പുകള്‍ മനോഹരമായി ഈ ഫോണുകളില്‍ ഉപയോഗിക്കാം‍. ഉദാഹരണമായി ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കല്‍ ചടങ്ങില്‍ കാണിച്ചത് ഹോം കോര്‍ട്ട് എന്ന ആപ്പാണ്. ചില ബാസ്‌കറ്റ് ബോള്‍ പരിശീലനം നടക്കുന്നിടത്തേക്ക് ഐഫോണ്‍ ക്യാമറ തിരിച്ചു പിടിച്ചാല്‍ കളിയുടെ അല്ലെങ്കില്‍ പരിശീലനത്തിന്‍റെ എല്ലാ വിശദാംശങ്ങളും ഫോണിന് പിടിച്ചെടുക്കാനും അവ പിന്നീട് വിശകലനം നടത്താനും സാധിക്കും. ഇത് പോലെ എആര്‍ ഗെയിമുകളും സാധ്യമാകും.

click me!