
ഐഫോൺ എന്ന പേര് കേൾക്കുമ്പോൾ ഒരുപക്ഷേ പലർക്കും ആദ്യം മനസിൽ വരുന്നത് 'ചൈന' എന്ന പേരായിരിക്കും. കാരണം ഈ ഫോണിന്റെ നിർമ്മാണത്തിന്റെ ഭൂരിഭാഗവും അവിടെയായിരുന്നു നടന്നിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. ഐഫോണുകളുടെ നിർമ്മാണത്തിൽ ഇന്ത്യ ശക്തമായ സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോൾ നിർമ്മിക്കപ്പെടുന്ന ഓരോ അഞ്ച് ഐഫോണുകളിലും ഒരെണ്ണം വീതം ഇന്ത്യയിലാണ് നിർമ്മിക്കുന്നത് എന്നാണ് പുതിയ കണക്കുകൾ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തിൽ 60 ശതമാനം വമ്പിച്ച വർധനവുണ്ടായി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഒരു വർഷത്തിനുള്ളിൽ ഇന്ത്യ 22 ബില്യൺ ഡോളറിന്റെ ഐഫോണുകൾ നിർമ്മിച്ചു. 2025 മാർച്ച് വരെയുള്ള 12 മാസത്തിനുള്ളിൽ ആണ് ആപ്പിൾ ഇന്ത്യയിൽ 22 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ നിർമ്മിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 60 ശതമാനം വർദ്ധനവാണെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.
ഐഫോൺ നിർമ്മാണ ഫാക്ടറികളിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലാണ് പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിലെയും കർണാടകയിലെയും ഫാക്ടറികളിലാണ് ഐഫോണുകൾ പ്രധാനമായും നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ഫോക്സ്കോണിന്റെ വലിയ യൂണിറ്റുകൾ ഇവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ, ടാറ്റ ഇലക്ട്രോണിക്സ്, വിസ്ട്രോൺ, പെഗാട്രോൺ തുടങ്ങിയ കമ്പനികളും ആപ്പിളിനായി പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇപ്പോൾ ഉയർന്ന നിലവാരമുള്ള ടൈറ്റാനിയം മോഡലുകളുടെ ഐഫോണുകളും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നു എന്നതാണ്.
ചൈനയിൽ നിന്ന് വരുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക കനത്ത തീരുവ ഏർപ്പെടുത്തിയത് ചൈനയെ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നതിന്‍റെ കാരണങ്ങളിൽ ഒന്നെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം ആപ്പിളിന് നഷ്‍ടം സംഭവിക്കാൻ തുടങ്ങി. അത്തരമൊരു സാഹചര്യത്തിൽ, ചൈനയിൽ നിന്ന് മാറി ഇന്ത്യയിലെ പ്രൊഡക്ഷൻ കൂട്ടുകയാണ് കമ്പനി എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളെ വളർത്തുകയെന്നാൽ വിപ്ലവം; ഹൃദയം തൊടുന്ന കുറിപ്പുമായി ഒരച്ഛന്‍
ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല വിൽക്കപ്പെടുന്നത്, മറിച്ച് വലിയ അളവിൽ വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നു. 2025 മാർച്ചോടെ ഏകദേശം 17.4 ബില്യൺ ഡോളർ (അതായത് 1.5 ട്രില്യൺ രൂപ) മൂല്യമുള്ള ഐഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു. അതായത് 'മെയ്ഡ് ഇൻ ഇന്ത്യ' ഇപ്പോൾ ലോകമെമ്പാടും വിൽക്കപ്പെടുന്നു എന്നാണ് കണക്കുകൾ.
നേരത്തെ, കോവിഡ് കാലത്ത് ഇന്ത്യയിൽ ഐഫോൺ നിർമ്മാണത്തിൽ ആപ്പിൾ അതിവേഗ വളർച്ച കൈവരിച്ചിരുന്നു. ആ സമയത്ത് നിരവധി കമ്പനികൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറിയിരുന്നു. കൊറോണക്കാലത്ത് ലോക്ക്ഡൗൺ, വിതരണ ശൃംഖലയിലെ തടസങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ചൈനയ്ക്ക് നേരിടേണ്ടി വന്നു. ഇതുമൂലം ഈ രാജ്യത്തിന്റെ അവസ്ഥ കൂടുതൽ വഷളായി. അതിനുശേഷം ആപ്പിൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. പിന്നീട് അമേരിക്ക ചൈനയ്ക്കു മേലുള്ള താരിഫ് വർദ്ധിപ്പിച്ചപ്പോൾ ആപ്പിളിന്റെ ആത്മവിശ്വാസം കൂടുതൽ വർദ്ധിച്ചു. ഇപ്പോൾ ആപ്പിളിന് ഇന്ത്യ ശക്തമായ ഒരു ഓപ്ഷനായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം