'ഓരോ ദിവസവും താൻ വീട്ടിലെത്തുമ്പോൾ തന്റെ മക്കൾ തന്നോട് അന്നത്തെ ദിവസം എങ്ങനെയുണ്ട് എന്ന് ചോദിക്കും. 'നമുക്ക് ജീവിക്കാൻ തക്കതായ രീതിയിൽ ഈ ലോകം മാറ്റുന്നതിന് ഇന്ന് നിങ്ങൾ എന്തെങ്കിലും ചെയ്തോ' എന്ന ചോദ്യം അപ്പോൾ അവരുടെ കണ്ണുകളിൽ എനിക്ക് കാണാം.'

ഇന്ത്യയിൽ പെൺമക്കളെ വളർത്തുന്നതിനെ കുറിച്ച് ഒരു അച്ഛനെഴുതിയ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യു & ഐയുടെ സഹസ്ഥാപകനായ അജിത് ശിവറാമാണ് ലിങ്ക്ഡ്ഇന്നിൽ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

പാരമ്പര്യമായി പുരുഷാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ പെൺമക്കളെ വളർത്തുക എന്നാൽ വിപ്ലവാത്മകമായ ഒരു പ്രവൃത്തി തന്നെ ആണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

'എല്ലാ ദിവസവും രാവിലെ, തന്റെ പെൺകുഞ്ഞുങ്ങൾ യൂണിഫോം ധരിക്കുന്നതും, അവരുടെ സ്വപ്നങ്ങൾ അടുക്കിവയ്ക്കുന്നതും, അവർക്കുവേണ്ടിയല്ലാത്ത ഒരു ലോകത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതും ഞാൻ കാണുന്നു' എന്നാണ് ശിവറാം എഴുതുന്നത്. അവരുടെ അഭിലാഷങ്ങളെ ചോദ്യം ചെയ്യുന്ന, അവരുടെ ചിരി നിയന്ത്രിക്കുന്ന, അവരുടെ നിശബ്ദതകൊണ്ട് അവരുടെ മൂല്യം അളക്കുന്ന ഒരു ലോകം എന്നും ശിവറാം പറയുന്നു. 

ഇന്ത്യയിൽ പെൺകുട്ടികൾക്ക് നേരെ നിലനിൽക്കുന്ന വിവേചനത്തെ കുറിച്ചും ശിവറാം തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. അതിൽ ഒരു ആൺകുട്ടി ഇല്ലാത്തതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടോ എന്ന ബന്ധുക്കളുടെ ചോദ്യത്തിന് വിശദീകരണം നൽകേണ്ടി വരുന്നു, ഭാര്യയോട് അയൽക്കാർ ബാലെയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്തുകൊണ്ടാണ് അവർ സയൻസ് പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാത്തത് എന്നും ശിവറാം എഴുതുന്നു.

നിങ്ങളവരെ വിശാലമാക്കാൻ പോരാടുമ്പോൾ സമൂഹം അവരെ ചുരുക്കിക്കളയുകയാണ്. സ്ത്രീകളോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞ് അവരെ ചുരുക്കുന്നതിനെ കുറിച്ചും ശിവറാം തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നു. തന്റെ ലീഡർഷിപ്പ് അധികാരത്തിൽ അധിഷ്ഠതമായതല്ല, മറിച്ച് അത് സഹാനുഭൂതിയിൽ അധിഷ്ഠിതമാണ്. 

ഓരോ ദിവസവും താൻ വീട്ടിലെത്തുമ്പോൾ തന്റെ മക്കൾ തന്നോട് അന്നത്തെ ദിവസം എങ്ങനെയുണ്ട് എന്ന് ചോദിക്കും. 'നമുക്ക് ജീവിക്കാൻ തക്കതായ രീതിയിൽ ഈ ലോകം മാറ്റുന്നതിന് ഇന്ന് നിങ്ങൾ എന്തെങ്കിലും ചെയ്തോ' എന്ന ചോദ്യം അപ്പോൾ അവരുടെ കണ്ണുകളിൽ എനിക്ക് കാണാം എന്നാണ് ശിവറാം കുറിക്കുന്നത്. 

നിരവധിപ്പേരാണ് ശിവറാമിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇതേ തോന്നലാണ് പെൺകുട്ടികളുടെ അച്ഛനെന്ന നിലയിൽ തങ്ങൾക്കുമുള്ളത് എന്നും ഏറെപ്പേർ കമന്റ് നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം