അറട്ടൈയില്‍ നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള പാട്ട് കോളര്‍ ട്യൂണായി സെറ്റ് ചെയ്യാം; മറ്റൊരു തകര്‍പ്പന്‍ ഫീച്ചറും ഉടന്‍

Published : Oct 12, 2025, 02:46 PM IST
Arattai

Synopsis

സോഹോയുടെ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പായ അറട്ടൈയില്‍ നിങ്ങള്‍ക്ക് ഇഷ്‌ടമുള്ള പാട്ട് കോളര്‍ ട്യൂണായി സെറ്റ് ചെയ്യാം. മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉടന്‍ വരും. 

ചെന്നൈ: വാട്‌സ്ആപ്പിന് ബദലായി ഇന്ത്യന്‍ കമ്പനിയായ സോഹോ അവതരിപ്പിച്ച ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ 'അറട്ടൈ'യിലേക്ക് കൂടുതല്‍ അപ്‌‌ഡേറ്റുകള്‍. അറട്ടൈയില്‍ കോളര്‍ ട്യൂണ്‍ കസ്റ്റം ആയി സെറ്റ് ചെയ്യാം. അറട്ടൈ ആപ്പ് തുറന്ന ശേഷം സെറ്റിംഗ്‌സില്‍ പ്രവേശിച്ച് 'കോള്‍സ് ആന്‍ഡ് മീറ്റിംഗ്‌സ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ കോളര്‍ ട്യൂണ്‍ സെറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ കാണാനാകും. നിലവില്‍ ആപ്പ് നല്‍കുന്ന ചുരുക്കം കോളര്‍ ട്യൂണ്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുകയോ, അല്ലെങ്കില്‍ കസ്റ്റം കോളര്‍ ട്യൂണ്‍സ് സെറ്റ് ചെയ്യുകയോ ചെയ്യാം. നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട ട്രാക്ക് ഇതിലൂടെ കോളര്‍ ട്യൂണായി ക്രമീകരിക്കാം.

ഇതിന് പുറമെ മറ്റനേകം അപ്‌‍ഡേറ്റുകളും അറട്ടൈ ആപ്പിലേക്ക് വരുന്നുണ്ട്. ചാറ്റിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൊന്ന്. ‘ഡിലീറ്റ് ഫോര്‍ മി’, ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നീ ഓപ്ഷനുകള്‍ ഉടന്‍തന്നെ വരുമെന്ന് അറട്ടൈ ആപ്പ് അധികൃതര്‍ അറിയിച്ചു. 'പോള്‍' ഫീച്ചറും അറട്ടൈ ആപ്പില്‍ ഡവലപ്‌മെന്‍റ് ഘട്ടത്തിലാണ്. യുഎഇയില്‍ അറട്ടൈ ആപ്പ് യൂസര്‍മാര്‍ക്ക് ഉടനടി ലഭ്യമാക്കാനുള്ള ശ്രമങ്ങളും അറട്ടൈ അധികൃതര്‍ നടത്തുന്നുണ്ട്.

 

 

എന്താണ് അറട്ടൈ ആപ്പ്?

ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണ് അറട്ടൈ. അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യയിലെ ആപ്പ് സ്റ്റോർ റാങ്കിംഗിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ കരുത്തരായ വാട്‌സ്ആപ്പിനെ അറട്ടൈ പിന്തള്ളി. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി നിരവധി ഫീച്ചറുകള്‍ അറട്ടൈ എന്ന ഒറ്റ പ്ലാറ്റ്‌ഫോം വാഗ്‌ദാനം ചെയ്യുന്നു. അറട്ടൈ ആപ്പില്‍ ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവ സാധ്യമാണ്. 

വാട്‌സ്ആപ്പില്‍ നിന്ന് അറട്ടൈ എത്രത്തോളം വ്യത്യസ്‌തം?

യൂസര്‍ ഇന്‍റര്‍ഫേസും ടെക്സ്റ്റിംഗ്, കോളിംഗ്, ഫയല്‍ ഷെയറിംഗ് എന്നിങ്ങനെ ഏതാണ്ട് ഒട്ടുമിക്ക ഫീച്ചറുകളും വാട്‌സ്ആപ്പിലേതിന് സമാനമാണെങ്കിലും അറട്ടൈ ആപ്പില്‍ ഇപ്പോള്‍ തന്നെ ചില അധിക മേന്‍മകളുണ്ട്. സൂം ഒക്കെപ്പോലെ ഒരു മീറ്റിംഗ് പ്ലാറ്റ്‌ഫോമായും അറട്ടൈ ആപ്പ് ഉപയോഗിക്കാം എന്നതാണ് ഇതിലൊന്ന്. ആന്‍ഡ്രോയ്‌ഡ് ടിവിക്കായി അറട്ടൈയ്ക്ക് പ്രത്യേക ആപ്പ് ഉണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. വാട്‌സ്ആപ്പിനാവട്ടേ ഇതുവരെ സ്‌മാര്‍ട്ട്‌ ടിവികള്‍ക്കായി പ്രത്യേക ആപ്പ് ഇല്ല. പ്ലേസ്റ്റോറില്‍ നിന്ന് ഈ ആന്‍ഡ്രോയ്‌ഡ് ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്‌ഡ് ടിവിയില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്‌ത് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‌താല്‍ ബിഗ് സ്‌ക്രീനില്‍ നിങ്ങള്‍ക്ക് വീഡിയോ കോളും മറ്റ് ഫീച്ചറുകളും ഉപയോഗിക്കാം.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

മാട്രിമോണിയൽ സൈറ്റില്‍ കണ്ടയാള്‍ ചതിച്ചു! വിവാഹ വാഗ്‍ദാനം നൽകി യുവാവിൽ നിന്നും തട്ടിയത് 49 ലക്ഷം
കേരളത്തിലെ തിയറ്റര്‍ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍! സിസിടിവി വീഡിയോകള്‍ എങ്ങനെ ചോരുന്നു, എങ്ങനെ തടയാം?