
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം പേജുകളിലാണ് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളിൽ ചിലർ കൊട്ടാരക്കര പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
അന്വേഷണത്തിൽ ചിത്രങ്ങൾ വന്ന സമൂഹമാധ്യമ പേജുകളെല്ലാം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ പരിശോധനയിലാണ് വ്യാജ അക്കൗണ്ടുകളുടെ പിന്നിൽ ഒരാൾ തന്നെയാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഈ പേജുകളുടെ ഉടമയായ സജിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിലാണ് പ്രതി ഞെട്ടിക്കുന്ന സംഭവങ്ങൾ പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകളിലൂടെയാണ് പ്രതി പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉണ്ടാക്കിയത്. ആദ്യം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യും. പിന്നിട് അതിൽ രൂപ മാറ്റം വരുത്തി നഗ്ന ചിത്രങ്ങളാക്കും. വ്യാജ പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കും.
അടുത്ത കാലത്ത് ഏറെ പ്രചാരത്തിലായ ചില എഐ ആപ്പുകളാണ് സജി ഇതിനായി കൂടുതലായും ഉപയോഗിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ചിത്രങ്ങൾ ഇയാൾ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളും പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എഴുകോൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാന കേസിലും ഇയാൾ തന്നെയാണ് പ്രതി. പൂയപ്പള്ളി എസ്എച്ച്ഒ എസ് റ്റി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു മാസത്തെ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.
സെപ്തംബര്‍ മാസത്തില്‍ സ്പെയിനിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂള്‍ അവധി പൂര്‍ത്തിയാക്കി ക്ലാസിലേക്ക് തിരികെ എത്തിയ പ്രായപൂര്‍ത്തിയാകാത്ത നിരവധി സ്കൂള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച് പുറത്ത് വന്നിരുന്നു. സ്പെയിനിലെ ആല്‍മെന്‍ഡറാലെജോയിലെ ഒരു കൂട്ടം അമ്മമാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഡിജിറ്റല്‍ രംഗത്ത് പെണ്‍കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് എഐ ഉപയോഗിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഇതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
ട്രെന്‍ഡിനൊപ്പം വൈറല്‍ ഫോട്ടോകള്‍ സൃഷ്ടിക്കാനുള്ള തിരക്കിലാണോ? ഇക്കാര്യം കൂടി അറിയുക...
എഐ ഉപയോഗിച്ച് ട്രെന്‍ഡിംഗ് ഫോട്ടോകള്‍ സൃഷ്ടിക്കാന്‍ വെമ്പി ആപ്പുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ഉണ്ടാകുന്ന വിവര ചോര്‍ച്ചയേക്കുറിച്ച് മുന്നറിയിപ്പുകള്‍ വരുന്നതിനിടയ്ക്കാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൾ അടക്കമുള്ളവർക്കെതിരായ ഇത്തരം അതിക്രമത്തേക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എത്തരത്തിലെല്ലാം ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കൊല്ലത്തെ സംഭവമെന്നാണ് സാങ്കേതിക വിദ്യാ വിദഗ്ധര്‍ വിശദമാക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമോ തനിച്ചോ ഉള്ള ചിത്രങ്ങളിലും ഇത്തരത്തിലുള്ള ദുരുപയോഗ സാധ്യതകൾ ഇത്തരം എഐ ആപ്പുകളുടെ വരവോടെ ഏറിയിട്ടുണ്ടെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam