
ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എഐ മനുഷ്യ ജോലികൾക്ക് പകരമാകുമെന്നും, പ്രത്യേകിച്ച് ടെക്ക് മേഖലയിൽ നിരവധി ആളുകൾക്ക് ജോലി നഷ്‍ടമാകുമെന്നും നിരവധി റിപ്പോർട്ടുകൾ വരുന്നുണ്ട്. വരും വർഷങ്ങളിൽ എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന് മെറ്റ ഉടമയായ മാർക്ക് സക്കർബർഗ് പറഞ്ഞതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ വീടെന്ന സ്വപ്‍നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കവരുമെന്ന ഭയത്തെക്കുറിച്ച് ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറുടെ പോസ്റ്റ് വൈറലാകുന്നു.
റെഡ്ഡിറ്റിലായിരുന്നു ഈ പോസ്റ്റ്. ഇത് റെഡ്ഡിറ്റ് ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് ഫോറമായ r/indianrealestate-ലെ നെറ്റിസൺമാർക്കിടയിൽ ചൂടേറിയ ചർച്ചാ വിഷയമായി മാറി. ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ എഐയുടെ വളർച്ചയെക്കുറിച്ചും ബെംഗളൂരുവിൽ ഒരു വീട് സ്വന്തമാക്കാനുള്ള തന്‍റെ സ്വപ്‍നത്തെ അത് എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ 25 വർഷത്തെ ഭവന വായ്‍പ എടുക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ ആശങ്ക ഡെവലപ്പർ പോസ്റ്റിൽ വിശദീകരിക്കുന്നു. ഒപ്പം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉയർച്ചയെക്കുറിച്ചും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തെക്കുറിച്ചും അദേഹം ആശങ്ക പ്രകടിപ്പിക്കുന്നു. എഐയുടെ ദിനംപ്രതിയുള്ള പുരോഗതികൾ വ്യാപക തൊഴിൽ നഷ്‍ടത്തിന് കാരണമാകുമെന്ന ഭയം ഐടി മേഖലയിൽ വളരുകയാണ്. ഐടി ഡെവലപ്പർമാരാണ് നിലവിൽ ഏറ്റവും അധികം ആശങ്കയിൽ ജീവിക്കുന്നത്. കാരണം മികച്ച ഒരു കോഡറാണ് എഐ എന്ന് അടുത്തിടെ പലതവണയായി തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ചില സന്ദർഭങ്ങളിൽ മാനുവൽ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരേക്കാൾ മികച്ച സോഫ്റ്റ്‌വെയർ എഐ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ ഭാവിയിൽ ടെക് ജോലികൾക്ക് പകരം എഐ വരുമെന്ന ഭയമാണ് പോസ്റ്റിൽ ഉന്നയിക്കുന്ന പ്രധാന ആശങ്ക. ബെംഗളൂരുവിൽ വീട് വാങ്ങാൻ എടുക്കുന്ന ഭവനവായ്പ തിരിച്ചടയ്ക്കാൻ പിന്നെങ്ങനെ കഴിയും എന്നും ടെക്കി തന്‍റെ പോസ്റ്റിൽ ചോദിക്കുന്നു. അസ്ഥിരമായ ജോലി ഉപയോഗിച്ച് സ്വന്തം വീട് വാങ്ങുന്നതിനേക്കാൾ നല്ലത് വാടക വീട്ടിൽ തന്നെ താമസിക്കുന്നതാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. കാരണം എഐ കാരണം ജോലി നഷ്‍ടമായാൽ കടബാധ്യതയില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തനിക്ക് കഴിയും എന്നും അദേഹം പറയുന്നു.
ഈ പോസ്റ്റിന് നിരവധി കമന്‍റുകൾ ലഭിക്കുന്നുണ്ട്. പോസ്റ്റിനെക്കുറിച്ച് നിരവധി ചർച്ചകളും നടക്കുന്നുണ്ട്. എഐയുടെ ഉയർച്ചയെക്കുറിച്ച് പലരും ആശങ്കകൾ ഉന്നയിക്കുന്നു. ഈ സമയത്ത് ഭവന വായ്‍പയുടെ കെണിയിൽ അകപ്പെടരുതെന്ന് പലരും സോഫ്റ്റ്‌വെയർ ഡെവലപ്പർമാരെ ഉപദേശിക്കുന്നു. ജോലി നഷ്‍ടപ്പെടുമെന്ന ഭയം ഈ കാലയളവിൽ നിങ്ങളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും പലരും ഉന്നയിക്കുന്നു.
എന്നാൽ എല്ലാ അഭിപ്രായങ്ങളും നെഗറ്റീവ് ആയിരുന്നില്ല. ചില കമന്‍റുകൾ പ്രതീക്ഷയുടെ ഒരു കിരണമായി കാണപ്പെടുന്നു. എഐയുടെ കടന്നുവരവിനെക്കുറിച്ചുള്ള ഭയം അതിശയോക്തിപരമായ അവകാശവാദങ്ങൾ മാത്രമാണെന്നാണ് ചിലരുടെ വാദം. എഐ തീർച്ചയായും തൊഴിൽ മേഖലയെ മാറ്റുമെങ്കിലും അത് ജോലികളെ പൂർണ്ണമായും ഇല്ലാതാക്കില്ലെന്നും ചിലർ വാദിക്കുന്നു. ഇത് തൊഴിലാളികളെയും അവർ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് എഐ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുമെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു.
എന്തായാലും തൊഴിൽ നഷ്‍ടമാകുമെന്ന ഭയം തൊഴിലാളികൾക്കിടയിൽ ഒരു പ്രധാന പ്രശ്‍നമായി മാറിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. സാങ്കേതികവിദ്യയിലും എഐയിലും സംഭവിച്ച ദ്രുതഗതിയിലുള്ള വികസനം തൊഴിലാളികൾക്കിടയിൽ മുമ്പെന്നത്തേക്കാളും ഭയം കൂട്ടിയതായാണ് റിപ്പോർട്ടുകൾ. കമ്പനികളുടെ ഭാവിയെക്കുറിച്ചും സ്ഥാപനത്തിൽ എഐയുടെ ഉപയോഗത്തെക്കുറിച്ചുമുള്ള ആശങ്കകൾ തൊഴിലാളികൾക്കിടയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിചയസമ്പന്നരായ പ്രൊഫഷണലുകളിലും പുതുമുഖങ്ങളിലും ഉൾപ്പെടെ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്‍ടിച്ചിട്ടുണ്ട്. നമുക്കിടയിലുള്ള വലിയൊരു പ്രശ്‍നത്തിന്റെ ഒരു ചെറിയ ഉദാഹരണമാണ് ബംഗളൂരുവിലെ ടെക്കിയുടെ ഈ പോസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam