ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ മെറ്റയുടെ വന്‍ നീക്കം; വോയ്‌സ് എഐ സ്റ്റാർട്ടപ്പായ പ്ലേ എഐ ഏറ്റെടുത്തു

Published : Jul 14, 2025, 03:12 PM ISTUpdated : Jul 14, 2025, 03:15 PM IST
Meta logo

Synopsis

ഒട്ടനവധി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിദഗ്ധരെ പാളയത്തിലെത്തിച്ചതിന് പിന്നാലെ എഐ സ്റ്റാർട്ടപ്പായ പ്ലേ എഐ ഏറ്റെടുത്ത് മെറ്റ

കാലിഫോര്‍ണിയ: വോയ്‌സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറുതും എന്നാൽ മികച്ചതുമായ എഐ സ്റ്റാർട്ടപ്പായ പ്ലേ എഐയെ മെറ്റ പ്ലാറ്റ്‌ഫോംസ് ഇൻ‌കോർപ്പറേറ്റഡ് ഏറ്റെടുത്തു. ജനറേറ്റീവ് വോയ്‌സ് സാങ്കേതികവിദ്യയിലെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലേ എഐയെ മെറ്റ ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ മുഴുവൻ പ്ലേ എഐ ടീമും അടുത്ത ആഴ്ചയോടെ മെറ്റയിൽ ചേരും. അവിടെ അവർ ഗൂഗിളിലെ മുൻ സീനിയർ സ്പീച്ച് എഐ തലവൻ ജോഹാൻ ഷാൽക്വിക്കിന്‍റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങും. അടുത്തിടെയാണ് ജോഹാൻ ഷാൽക്വിക്കും മെറ്റയിൽ എത്തിയത്.

നൂതന വോയ്‌സ് ക്ലോണിംഗ് ടൂളിന് പേരുകേട്ടതാണ് പ്ലേ എഐ. ഇത് ഉപയോക്താക്കളെ സ്വന്തം ശബ്‍ദങ്ങൾ പകർത്താനോ പുതിയ മനുഷ്യസമാന ശബ്‍ദങ്ങൾ സൃഷ്ടിക്കാനോ അനുവദിക്കുന്നു. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ഫോണുകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഇവ വിന്യസിക്കാൻ കഴിയും. എഐ അധിഷ്‍ഠിത ഇടപെടലിലെ മെറ്റയുടെ വളർന്നുവരുന്ന പദ്ധതികളുമായി അടുത്ത് യോജിക്കുന്ന ഒരു പ്രവർത്തനമാണിത്. മെറ്റ എഐ, എഐ ക്യാരക്ടറുകൾ, വെയറബിൾസ് വിഭാഗം എന്നിവയുൾപ്പെടെ നിലവിലുള്ള എഐ സംരംഭങ്ങൾക്ക് പ്ലേ എഐയുടെ സാങ്കേതികവിദ്യ മികച്ച രീതിയിൽ പൊരുത്തപ്പെടുന്നതായിട്ടാണ് മെറ്റ കാണുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഈ ഏറ്റെടുക്കലിന്‍റെ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിൽ അടുത്തകാലത്തായി മെറ്റ നടത്തുന്ന ശക്തമായ വിപുലീകരണ ശ്രമങ്ങളുടെയും നിരവധി റിക്രൂട്ട്മെന്‍റുകളുടെയും ഏറ്റവും പുതിയ അധ്യായങ്ങളില്‍ ഒന്നാണ് ഈ ഏറ്റെടുക്കൽ. മനുഷ്യരേക്കാൾ മികച്ച കൃത്രിമ ഇന്‍റലിജൻസ് സംവിധാനങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കമ്പനി അടുത്തിടെ ഒരു സൂപ്പർ ഇന്‍റലിജൻസ് ലാബ് ആരംഭിച്ചിരുന്നു. ജൂണിൽ എഐ ഡാറ്റ ലേബലിംഗിന് പേരുകേട്ട സ്റ്റാർട്ടപ്പായ സ്കെയിൽ എഐയിൽ മെറ്റ 14.3 ബില്യൺ ഡോളർ നിക്ഷേപം നേടി. പുതിയ ലാബിനെ നയിക്കാൻ അതിന്‍റെ സിഇഒ അലക്‌സാണ്ടർ വാങിനെയും കൊണ്ടുവന്നു.

എതിരാളികളായ കമ്പനികളിൽ നിന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി മെറ്റ വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, ആപ്പിൾ തുടങ്ങിയ വമ്പൻ ടെക് കമ്പനികളിലെ എഐ വിദഗ്ധർക്ക് 100 മില്യൺ ഡോളർ വരെ ബോണസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ജിപിടി-4 എന്നിവയിൽ പ്രവർത്തിച്ച നിരവധി എഞ്ചിനീയർമാരെയും ഗൂഗിൾ ജെമിനി ടീമിലെ പ്രതിഭകളെയും മെറ്റ ഇതിനകം തങ്ങളുടെ കമ്പനിയിൽ എത്തിച്ചുകഴിഞ്ഞു. നൂതന സവിശേഷതകളിൽ പ്രവർത്തിക്കുന്ന ആപ്പിളിന്‍റെ ഉന്നത എഐ എക്സിക്യൂട്ടീവും ഈ വർഷം മെറ്റയിലേക്ക് എത്തിയതും ശ്രദ്ധേയമാണ്.

പ്ലേ എഐയുടെ വോയ്‌സ് സാങ്കേതികവിദ്യയുടെ സംയോജനം മെറ്റയുടെ പുതിയൊരു ഭാവിയിലേക്കുള്ള നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. മെറ്റയുടെ ശബ്‍ദവും എഐ സാങ്കേതികവിദ്യയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പായി ഈ ഏറ്റെടുക്കൽ കണക്കാക്കപ്പെടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യത്തെ ആദ്യ തദ്ദേശീയ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസർ വികസിപ്പിച്ച് ഇന്ത്യ
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു