ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസറായ ധ്രുവ്-64 പ്രഖ്യാപിച്ചു. സെന്‍റർ ഫോർ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാൻസ്‍ഡ് കമ്പ്യൂട്ടിംഗ് ആണ് ഈ മൈക്രോപ്രൊസസർ വികസിപ്പിച്ചത്. 

ദില്ലി: സെമികണ്ടക്‌ടര്‍, പ്രോസസർ സാങ്കേതികവിദ്യ മേഖലയിൽ ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസറായ ധ്രുവ്-64 (DHRUV64) പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്‍റെ മൈക്രോപ്രൊസസ്സർ ഡെവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ (MDP) കീഴിൽ സെന്‍റർ ഫോർ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാൻസ്‍ഡ് കമ്പ്യൂട്ടിംഗ് (C-DAC) സി-ഡാക് ആണ് ഈ മൈക്രോപ്രൊസസർ വികസിപ്പിച്ചെടുത്തത്. 1GHz ക്ലോക്ക് വേഗതയിലാണ് പ്രോസസർ പ്രവർത്തിക്കുന്നത്.

സെമികണ്ടക്‌ടര്‍ മേഖലയില്‍ കരുത്ത് വര്‍ധിപ്പിക്കുന്ന ഇന്ത്യ

സെമികണ്ടക്‌ടര്‍ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്‍തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ധ്രുവ-64-ന്‍റെ വരവ് വലിയ രീതീയിൽ ശക്തിപ്പെടുത്തുന്നു. വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൽ ഈ ഘട്ടം പ്രധാനമാണെന്ന് കണക്കാക്കപ്പെടുന്നു. തന്ത്രപരവും വാണിജ്യപരവുമായ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കാൻ കഴിവുള്ള, പൂർണ്ണമായും തദ്ദേശീയമായ പ്രോസസർ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് DHRUV64. ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഇത് കണക്കാക്കപ്പെടുന്നു.

മെച്ചപ്പെട്ട കാര്യക്ഷമത, മൾട്ടിടാസ്‍കിംഗ്, വിശ്വസനീയമായ പ്രകടനം എന്നിവ നൽകുന്നതിനായി ആധുനിക സവിശേഷതകളോടെയാണ് ധ്രുവ്-64 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 5ജി ഇൻഫ്രാസ്ട്രക്‌ചര്‍, ഓട്ടോമോട്ടീവ് സിസ്റ്റങ്ങൾ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ തുടങ്ങിയവ ഉൾപ്പെടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന വിധത്തിലാണ് ഈ മൈക്രോപ്രൊസസർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആധുനിക ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രോസസർ എന്ന് സി-ഡാക് പറയുന്നു. ഇത് വിവിധ ഹാർഡ്‌വെയർ സിസ്റ്റങ്ങളുമായി എളുപ്പത്തിൽ സംയോജിപ്പിക്കാൻ അനുവദിക്കുന്നു.

ഏതൊരു ഇലക്‌ട്രോണിക്‌സ് ഉപകരണത്തിന്‍റെയും തലച്ചോറായി ഒരു മൈക്രോപ്രൊസസറിനെ കണക്കാക്കുന്നു. മൊബൈൽ ഫോണുകൾ മുതൽ കമ്പ്യൂട്ടറുകൾ, ഉപഗ്രഹങ്ങൾ, വ്യാവസായിക യന്ത്രങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ മൈക്രോപ്രൊസസ്സറുകൾ നിർണായക പങ്ക് വഹിക്കുന്നു. ലോകമെമ്പാടും ഉൽപ്പാദിപ്പിക്കുന്ന മൊത്തം മൈക്രോപ്രൊസസ്സറുകളുടെ ഏകദേശം 20 ശതമാനം ഇന്ത്യ ഉപയോഗിക്കുന്നു. അതിനാൽ, DHRUV64-ന്‍റെ വികസനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഈ പുതിയ പ്രോസസറിന്‍റെ വരവ് വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കും.

തദ്ദേശീയ പ്രോസസ്സറുകളുടെ പട്ടിക

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത തദ്ദേശീയ പ്രോസസ്സറുകളുടെ പട്ടികയിൽ ഇപ്പോൾ ധ്രുവ-64 ഉൾപ്പെടുന്നു. 2018-ൽ ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ശക്തി പ്രോസസർ, ഐഐടി ബോംബെ വികസിപ്പിച്ച അജിത് (AJIT) പ്രോസസർ, ഇസ്രൊ-എസ്‌സിഎല്‍ വികസിപ്പിച്ച വിക്രം (VIKRAM), സി-ഡാക്ക് നിർമ്മിച്ച തേജസ് 64 (THEJAS64) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രോസസറുകളെല്ലാം ബഹിരാകാശം, പ്രതിരോധം, വ്യാവസായിക ഓട്ടോമേഷൻ, റോബോട്ടിക്‌സ് തുടങ്ങിയ വിവിധ മേഖലകൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ധനുഷ്, ധനുഷ്+ SoC-കൾ ഉൾപ്പെടെയുള്ള അടുത്ത തലമുറ RISC-V അധിഷ്‌ഠിത പ്രോസസറുകളിലും സി-ഡാക് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്