വാട്‍സ്ആപ്പിനെ സമ്പൂര്‍ണമായി പൂട്ടിക്കാൻ റഷ്യ; സർക്കാർ പിന്തുണയുള്ള മാക്‌സ് മെസഞ്ചർ ആപ്പ് നിർബന്ധമാക്കാൻ ഉത്തരവ്

Published : Aug 24, 2025, 03:57 PM IST
WhatsApp logo

Synopsis

വാട്‌സ്ആപ്പിനും ടെലിഗ്രാമിനും എതിരായി റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മാക്‌സ് മെസഞ്ചര്‍ ആപ്പ് ഗാഡ്‌ജറ്റുകളില്‍ നിര്‍ബന്ധമാക്കുന്നത്

മോസ്‌കോ: സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്‍മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും സർക്കാർ പിന്തുണയുള്ള മാക്‌സ് മെസഞ്ചർ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് റഷ്യ. മൊബൈൽ ഫോണുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെ എല്ലാ ഗാഡ്‌ജെറ്റുകളിലും ഈ ആപ്പ് നിർബന്ധിതമാക്കുന്നതായി റഷ്യൻ സർക്കാർ പ്രസ്‍താവനയിൽ പറഞ്ഞു. യുക്രെയിനുമായി ബന്ധപ്പെട്ട് പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള സംഘർഷത്തിനിടയിൽ ഡിജിറ്റൽ ആശയവിനിമയങ്ങളിൽ നിയന്ത്രണം കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. റഷ്യയുടെ ഡിജിറ്റൽ ഗവൺമെന്‍റ് പ്ലാറ്റ്‌ഫോമായ ഗോസുസ്‌ലുഗി ഉൾപ്പെടെയുള്ള ഔദ്യോഗിക സേവനങ്ങളുമായി സംയോജിപ്പിക്കുന്ന ഒരു 'ദേശീയ മെസഞ്ചർ' ആയിട്ടാണ് റഷ്യൻ സർക്കാർ മാക്‌സിനെ കാണുന്നത്. വിദേശ ടെക് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള റഷ്യയുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തരമായി വിൽക്കുന്ന എല്ലാ മൊബൈൽ ഡിവൈസുകളെയും ഈ തീരുമാനം ബാധിക്കുന്നു.

തീവ്രവാദ, ഫ്രോഡ് അന്വേഷണങ്ങളിൽ വിദേശ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കുന്നില്ലെന്ന് റഷ്യ ആരോപിക്കുന്നു. ഇക്കാരണത്താൽ വാട്‌സ്ആപ്പിനും ടെലിഗ്രാമിനും എതിരായി റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പുതിയ ഉത്തരവ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. വാട്‌സ്ആപ്പ് 97.3 ദശലക്ഷം റഷ്യക്കാർ ഉപയോഗിക്കുന്നുണ്ട്. അതേസമയം ടെലിഗ്രാം 90.8 ദശലക്ഷം പേർക്ക് സേവനം നൽകുന്നു. അതായത് നിലവിൽ ഇവ രാജ്യത്തെ പ്രധാന ആശയവിനിമയ പ്ലാറ്റ്‌ഫോമുകളാണെന്ന് ചുരുക്കം.

സർക്കാർ നിയന്ത്രണത്തിലുള്ള വികെ കമ്പനി വികസിപ്പിച്ചെടുത്ത മാക്‌സ് മാർച്ചിൽ ആണ് ആരംഭിച്ചത്. ഇതിനുശേഷം 18 ദശലക്ഷം ഡൗൺലോഡുകൾ ഈ ആപ്പിന് ലഭിച്ചു. എങ്കിലും ആപ്പിന്‍റെ ഭൂരിഭാഗവും ബീറ്റാ പരീക്ഷണത്തിലാണ്. അതേസമയം മാക്‌സ് ഒരു ചാര ആപ്ലിക്കേഷനാണെന്നും ഇതിന് ഉപഭോക്താക്കൾക്കുമേൽ സർക്കാരിന് നിരീക്ഷണം നടപ്പിലാക്കാൻ കഴിയുമെന്നും വിമർശകർ വാദിക്കുന്നു. എന്നാൽ റഷ്യൻ അധികൃതരും മാധ്യമങ്ങളും ഈ ആശങ്കകൾ തള്ളിക്കളയുന്നു. മാക്‌സ് അതിന്‍റെ വിദേശ എതിരാളികളേക്കാൾ കുറച്ച് ഉപയോക്തൃ അനുമതികൾ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ എന്നാണ് റഷ്യൻ ഭരണകൂടം അവകാശപ്പെടുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും