
ദില്ലി: ഇന്ത്യയില്‍ പുതിയ സർക്കിളുകളിലെ ഉപയോക്താക്കൾക്കായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം അവതരിപ്പിച്ചു. സെല്ലുലാർ കവറേജ് ഇല്ലാത്തപ്പോഴും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്‌വർക്കിലൂടെ വോയ്‌സ് കോളുകൾ വിളിക്കാനും സ്വീകരിക്കാനും അനുവദിക്കുന്നതാണ് വോയ്‌സ് ഓവർ വൈ-ഫൈ (VoWiFi) സേവനം. ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി വോയ്‌സ് വൈഫൈ ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലും ഈ സംവിധാനം അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
ഒക്‌ടോബര്‍ 2-ന് നടന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ഡിഒടി സെക്രട്ടറി നീരജ് മിത്തൽ വെസ്റ്റ്, സൗത്ത് സോൺ സർക്കിളുകളിൽ ബിഎസ്എൻഎല്ലിന്‍റെ വോവൈ-ഫൈ സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടൊപ്പം, ബിഎസ്എൻഎൽ മുംബൈയിൽ 4 ജി സേവനങ്ങൾ ആരംഭിക്കുകയും ഇന്ത്യയിലുടനീളം ഇ-സിം സേവനങ്ങൾ വ്യാപിപ്പിക്കുകയും ചെയ്‌തു.
ബിഎസ്‌എൻഎല്ലിന്‍റെ ഡിജിറ്റൽ വികാസത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ പ്രഖ്യാപനങ്ങൾ. വൈ-ഫൈ കോളിംഗ് സൗകര്യം ഉപയോഗിച്ച് ബിഎസ്‌എൻഎൽ ഉപയോക്താക്കൾക്ക് സെല്ലുലാർ റിസപ്ഷൻ കുറവുള്ള പ്രദേശങ്ങളിൽ പോലും പതിവായി വോയ്‌സ് കോളുകൾ ചെയ്യാൻ കഴിയുന്നു. മൊബൈൽ സിഗ്നൽ ദുർബലമാകുമ്പോൾ കോളുകൾ റൂട്ട് ചെയ്യുന്നതിന് ഓട്ടോമാറ്റിക്കായി വൈ-ഫൈയിലേക്ക് മാറുന്നതാണ് ഈ സാങ്കേതികവിദ്യ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റർമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈ-ഫൈ കോളിംഗ് പിന്തുണ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിന് സാധാരണയായി അധിക ചെലവൊന്നുമില്ല.
സമീപകാലത്തായി വൻ നവീകരണത്തിന്‍റെ പാതയിലാണ് ബിഎസ്‌എൻഎൽ. കമ്പനി അടുത്തിടെ തമിഴ്‌നാട് സർക്കിളിൽ ഇ-സിം സേവനങ്ങൾ നൽകാൻ തുടങ്ങിയിരുന്നു. ടാറ്റ കമ്മ്യൂണിക്കേഷൻസുമായി കൈകോർത്താണ് ബിഎസ്എൻഎൽ ഇ-സിം സേവനങ്ങൾ നല്‍കുന്നത്. ടാറ്റ കമ്മ്യൂണിക്കേഷൻസിന്‍റെ 'മൂവ്' പ്ലാറ്റ്‌ഫോമാണ് ഇ-സിം സേവനങ്ങൾ എത്തിക്കുന്നത്. ഓഗസ്റ്റിൽ ബിഎസ്‌എൻഎൽ ദില്ലിയിൽ 4ജി നെറ്റ്‌വർക്ക് ആരംഭിച്ചു. 1.65 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി ബിഎസ്‌എൻഎൽ സിം കാർഡ് വിൽപ്പനയും മൊബൈൽ റീചാർജ് സേവനങ്ങളും ആരംഭിക്കുന്നതിനായി ടെലികോം കമ്പനി ഈ മാസം ആദ്യം തപാൽ വകുപ്പുമായി (ഡിഒപി) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. അടുത്തിടെ ഒഡിഷയിലെ ജാർസുഗുഡയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഎസ്‌എൻഎല്ലിന്‍റെ പൂർണ്ണമായും തദ്ദേശീയമായ 4ജി നെറ്റ്‌വർക്ക് ഉദ്ഘാടനം ചെയ്‌തിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം