
ദില്ലി: ഒരു പ്രത്യേക ദീപാവലി സ്‌പെഷ്യല്‍ പ്രൊമോഷണൽ പ്ലാനുമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഈ ദീപാവലി ആഘോഷക്കാലത്ത് 4ജി നെറ്റ്‌വർക്കിലുടനീളം അസാധാരണമായ മൂല്യം പ്രദാനം ചെയ്യുന്നതിനും പുതിയ ഉപഭോക്കളെ ആകർഷിക്കുന്നതിനുമാണ് ഈ ഓഫര്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് ബിഎസ്എൻഎൽ ജനറൽ മാനേജർ പി ലോഗനാഥൻ പറഞ്ഞു.
ഒരു രൂപ മാത്രം വിലയുള്ള ഈ പ്രമോഷണൽ പ്ലാൻ പുതിയ വരിക്കാർക്ക് 30 ദിവസത്തേക്ക് സാധുതയുള്ള സമഗ്ര മൊബൈൽ സേവന പാക്കേജ് നൽകുന്നു. ആനുകൂല്യങ്ങളിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ (ലോക്കൽ/എസ്‌ടിഡി), പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. നവംബർ 15 വരെ ഈ ഓഫർ ലഭ്യമാണ്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) ഉപയോഗിച്ച് ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ ചേരുന്നവർ ഉൾപ്പെടെയുള്ള പുതിയ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാകും.
വരുന്ന ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 4ജി പോലെതന്നെ തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കും രാജ്യത്ത് ഒരുക്കുന്നത്. 5ജിയും സാധ്യമാകുന്നതോടെ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും ബിഎസ്എന്‍എല്ലിനാകുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 'മെയ്‌ഡ‍് ഇന്‍ ഇന്ത്യ' 4ജി ടവറുകൾ ഉദ്ഘാടനം ചെയ്‌തിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam