ബി‌എസ്‌എൻ‌എല്ലിന്‍റെ 5ജി സേവനത്തിന് പേരിട്ടു; ക്യു-5ജി വിന്യാസം ഉടന്‍ തുടങ്ങും, വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

Published : Jun 19, 2025, 09:04 AM ISTUpdated : Jun 19, 2025, 09:09 AM IST
BSNL 5G: You can order BSNL 4G, 5G SIM from home

Synopsis

5ജി സേവനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ബി‌എസ്‌എൻ‌എൽ പൂർത്തിയാക്കിയിട്ടുണ്ട്

ദില്ലി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ (ബിഎസ്എൻഎൽ) 5ജി നെറ്റ്‌വർക്ക് ഉടൻ ആരംഭിക്കും. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വരാനിരിക്കുന്ന 5ജി സേവനത്തിന്‍റെ പേര് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. 'ബി‌എസ്‌എൻ‌എൽ ക്യു-5ജി- ക്വാണ്ടം 5ജി' (Q-5G, Quantum 5G) എന്നാണ് 5ജി നെറ്റ്‌വർക്കിന് കമ്പനി പേരിട്ടത്. നേരത്തെ, ബി‌എസ്‌എൻ‌എൽ 5ജി ബ്രാൻഡിനായി പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങളോട് കമ്പനി അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഈ പേര് തിരഞ്ഞെടുത്തത്.

ബി‌എസ്‌എൻ‌എൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിലാണ് തങ്ങളുടെ 5ജി സേവനത്തിന് Q-5G എന്ന് പേരിട്ടിട്ടുണ്ടെന്നും അത് ക്വാണ്ടം 5ജി എന്നും വിളിക്കപ്പെടുമെന്നും അറിയിച്ചത്. ഈ പേര് ബിഎസ്എന്‍എല്ലിന്‍റെ കരുത്ത്, വേഗത, ഭാവിയിലെ 5ജി നെറ്റ്‌വർക്ക് എന്നിവയുടെ സൂചനയാണെന്ന് കമ്പനി പറഞ്ഞു. ബി‌എസ്‌എൻ‌എൽ തങ്ങളുടെ 4ജി നെറ്റ്‌വർക്ക് ശക്തിപ്പെടുത്താനും തയ്യാറെടുക്കുകയാണ്. ഇതിനായി കമ്പനി ഒരു ലക്ഷം അധിക ടവറുകൾ സ്ഥാപിക്കും. ഈ മാസം ആദ്യം, രാജ്യത്തുടനീളം ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുന്ന ജോലി ബി‌എസ്‌എൻ‌എൽ പൂർത്തിയാക്കിയിരുന്നു.

ബി‌എസ്‌എൻ‌എല്ലിന്‍റെ 4ജി സേവനങ്ങൾ വിപുലീകരിക്കുന്നതിനായി ടെലികോം വകുപ്പ് (ഡി‌ഒ‌ടി) ഉടൻ തന്നെ കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടുമെന്ന് അടുത്തിടെ കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞിരുന്നു. സ്വദേശ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു ലക്ഷം ടവറുകൾ സ്ഥാപിച്ച ശേഷം, ഒരു ലക്ഷം ടവറുകൾ കൂടി സ്ഥാപിക്കുന്നതിന് അനുമതി തേടാൻ കേന്ദ്ര മന്ത്രിസഭയെയും പ്രധാനമന്ത്രിയെയും സമീപിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. 4ജി, 5ജി നെറ്റ്‌വർക്കുകൾക്കുള്ള ഉപകരണങ്ങൾ വർധിപ്പിക്കാനും ബി‌എസ്‌എൻ‌എൽ പദ്ധതിയിടുന്നു. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ വൻകിട സ്വകാര്യ ടെലികോം കമ്പനികളുടെ 5ജി നെറ്റ്‌വർക്കുകൾ രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് നിലവിലുണ്ട്. ഈ കമ്പനികളുമായി മത്സരിക്കാൻ ഉടൻ 5ജി സേവനം ആരംഭിക്കാനാണ് ബി‌എസ്‌എൻ‌എല്ലിന്‍റെ നീക്കം.

5ജി സേവനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ബി‌എസ്‌എൻ‌എൽ പൂർത്തിയാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ 5ജി പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളം കമ്പനി ഇതിനകം ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ 70,000-ത്തിലധികം ടവറുകൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ബി‌എസ്‌എൻ‌എൽ ക്രമേണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 5ജി സേവനം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇത് ഉപഭോക്താക്കൾക്ക് അതിവേഗ ഇന്‍റർനെറ്റും മികച്ച നെറ്റ്‌വർക്ക് സൗകര്യങ്ങളും നൽകും.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും