പിന്നില്‍ ഹൂത്തികളോ? ചെങ്കടലില്‍ സമുദ്രാന്തര്‍ കേബിളുകള്‍ മുറിഞ്ഞു, വിവിധ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം തടസപ്പെട്ടു

Published : Sep 07, 2025, 01:20 PM IST
Undersea Cable

Synopsis

ചെങ്കടലിലെ സമുദ്രാന്തര ഇന്‍റര്‍നെറ്റ് കേബിളുകള്‍ മുറിഞ്ഞതോടെ ഇന്ത്യയിലും പാകിസ്ഥാനിലുമടക്കം ഇന്‍റര്‍നെറ്റ് വേഗക്കുറവ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് അസ്യൂര്‍ ക്ലൗഡ് സേവനങ്ങളില്‍ വേഗക്കുറവ് അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്.

ചെങ്കടലിലെ സമുദ്രാന്തര്‍ നെറ്റ്‌വര്‍ക്കിംഗ് കേബിള്‍ ശൃംഖല വിച്ഛേദിക്കപ്പെട്ടതോടെ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും വിവിധയിടങ്ങളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം തടസപ്പെട്ടു. മൈക്രോ‌സോഫ്റ്റ് അസ്യൂര്‍ അടക്കമുള്ള സേവനങ്ങളില്‍ വേഗക്കുറവാണ് അനുഭവപ്പെടുന്നത്. എന്താണ് സമുദ്രാന്തര്‍ ഇന്‍റര്‍നെറ്റ് കേബിളുകള്‍ മുറിയാനിടയായ സാഹചര്യം എന്ന് വ്യക്തമല്ലെന്നും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്‌തു. ഹൂത്തികള്‍ നടത്തിയ ആക്രമണമാണോ ഇതെന്ന് സംശയമുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.

ലോകത്തിന്‍റെ ഇന്‍റര്‍നെറ്റ് ഗതാഗതത്തിന്‍റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേബിള്‍ നെറ്റ്‌വര്‍ക്കാണ് അണ്ടര്‍സീ കേബിളുകള്‍ അഥവാ സമുദ്രാന്തര്‍ കേബിളുകള്‍. ഉപഗ്രഹങ്ങള്‍ക്കും ഭൗമ കേബിള്‍ ശൃംഖലകള്‍ക്കുമൊപ്പം ഇത് ലോകത്തിന്‍റെ ഇന്‍റര്‍നെറ്റ് ട്രാഫിക്കില്‍ വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള സുപ്രധാന ഇന്‍റര്‍നെറ്റ് കേബിളുകള്‍ കടന്നുപോകുന്ന ഇടനാഴികളിലൊന്നാണ് റെഡ് സീ അഥവാ ചെങ്കടല്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ തന്ത്രത്തിന്‍റെ ഭാഗമായി യെമനിലെ ഹൂത്തികളാണോ ചെങ്കടലിലെ സമുദ്രാന്തര കേബിളുകള്‍ തടസപ്പെടുത്തിയത് എന്ന സംശയമുണ്ട്. മുമ്പും ഈ ആരോപണം ഹൂത്തികള്‍ നേരിട്ടിരുന്നെങ്കിലും അന്നെല്ലാം അത് അവര്‍ നിഷേധിച്ചിരുന്നു.

ചെങ്കടലിലെ ഫൈബർ വിച്ഛേനം കാരണം വർധിച്ച ലേറ്റൻസി അനുഭവപ്പെട്ടേക്കാമെന്ന് അസ്യൂര്‍ ഉപഭോക്താക്കള്‍ക്ക് മൈക്രോ‌സോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലൗഡ് സേവനദാതാക്കളാണ് മൈക്രോ‌സോഫ്റ്റ് അസ്യൂര്‍. ഇന്‍റര്‍നെറ്റ് ആക്‌സസ് നിരീക്ഷിക്കുന്ന സ്ഥാപനമായ നെറ്റ്‌ബ്ലോക്ക്‌സ്, ചെങ്കടലിലെ കേബിള്‍ ഔട്ടേജിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കണക്റ്റിവിറ്റി തടസ്സപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നതായും വാര്‍ത്താ ഏജന്‍സിയായ എപിയുടെ വാര്‍ത്തയില്‍ പറയുന്നു.

കേബിളുകളില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്ര നാള്‍?

അതീവ സുരക്ഷാ കവചങ്ങളോടെ നിര്‍മ്മിക്കപ്പെടുന്നതാണ് സമുദ്രാന്തര്‍ നെറ്റ്‌വര്‍ക്ക് കേബിളുകള്‍. ആരെങ്കിലും മനപ്പൂര്‍വം മുറിക്കാതെ തന്നെ ഇത്തരം കേബിളുകള്‍ കപ്പല്‍ നങ്കൂരങ്ങള്‍ തട്ടിയും മറ്റും വിച്ഛേദിക്കപ്പെടുന്ന സംഭവങ്ങളുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് സംവിധാനം റീറൂട്ട് ചെയ്യുകയാണ് കമ്പനികളുടെ പതിവ്. ഇതിനുള്ള നടപടി മൈക്രോ‌സോഫ്റ്റ് അസ്യൂര്‍ സ്വീകരിച്ചുകഴിഞ്ഞു. സമുദ്രാന്തര നെറ്റ്‌വര്‍ക്ക് കേബിളുകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവാന്‍ ആഴ്‌‌ചകള്‍ വരെ എടുത്തേക്കാം. ഇത്തരം കേബിളുകളില്‍ എവിടെയാണ് തകരാര്‍ വന്നതെന്ന് കണ്ടെത്താനും അത് പരിഹരിക്കാനും കേബിളുകള്‍ മാറ്റി സ്ഥാപിക്കാനും പ്രത്യേക കപ്പലുകള്‍ അടക്കമുള്ള വലിയ സന്നാഹങ്ങളും വിദഗ്‌ധരും ആവശ്യമാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍