
തിരുവനന്തപുരം: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റര്‍) ലോകത്തിന്‍റെ പലഭാഗത്തും പ്രവര്‍ത്തനരഹിതമായി. ഇന്ന് (മെയ് 23) ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് അനവധി എക്സ് യൂസര്‍മാര്‍ക്ക് ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെയും ഡിഎം പ്രവര്‍ത്തിക്കാതെയും വന്നത്. ഡാറ്റാ സെന്‍റര്‍ ഔട്ടേജാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് എക്‌സ് അധികൃതരുടെ പ്രതികരണം. ഇന്ത്യയില്‍ എക്സ് സേവനങ്ങള്‍ക്ക് കാര്യമായ തകരാറുകള്‍ നേരിട്ടില്ല എന്നും റിപ്പോര്‍ട്ടുണ്ട്.
'ഞങ്ങളുടെ ചില ഉപയോക്താക്കൾ ഇന്ന് പ്ലാറ്റ്‌ഫോമിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി എക്‌സ് അധികൃതര്‍ക്ക് അറിയാം. ഡാറ്റാ സെന്‍റർ തകരാറാണ് ഇതിന് കാരണം. ഈ പ്രശ്‌നം പരിഹരിക്കാൻ എക്സ് ടീം സജീവമായി പ്രവർത്തിക്കുന്നു'- എന്നുമായിരുന്നു പുലര്‍ച്ചെ 1.51ന് എക്സിന്‍റെ വിശദീകരണ ട്വിറ്റ്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു എക്‌സില്‍ സാങ്കേതിക പ്രശ്നം നേരിടുന്നതായി ഉപയോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടാന്‍ തുടങ്ങിയത്. യുഎസ്, കാനഡ, ഫ്രാന്‍സ്, പെറു, യുകെ, മലേഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ എക്സ് ഉപയോക്താക്കള്‍ക്ക് സാങ്കേതിക പ്രശ്നം നേരിട്ടു. എക്സ് ആപ്പിന് പുറമെ വെബ്‌സൈറ്റിലും പ്രശ്നം നേരിടുന്നതായി പരാതികളിലുണ്ടായിരുന്നു. എക്സ് ഡിഎമ്മില്‍ മെസേജുകള്‍ പ്രത്യക്ഷപ്പെടാത്തതായി ചില എക്സ് യൂസര്‍മാര്‍ പരാതിപ്പെട്ടു. അതേസമയം ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നില്ല, പിന്നീട് ശ്രമിക്കൂ എന്ന അറിയിപ്പാണ് മറ്റ് ചില എക്സ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. എക്‌സ് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായാണ് വിവരം.
ഈ വര്‍ഷം എക്‌സില്‍ സംഭവിക്കുന്ന രണ്ടാമത്തെ പ്രധാന ഔട്ടേജാണ് ഇന്നത്തെ സംഭവം. മാര്‍ച്ച് 10-ാം തിയതി അര മണിക്കൂറോളം നേരം എക്സ് പ്ലാറ്റ്‌ഫോം തകരാറിലായിരുന്നു. അന്നും എക്സിന്‍റെ മൊബൈല്‍ ആപ്പിലും വെബ് വേര്‍ഷനിലും സാങ്കേതിക പ്രശ്നം ഉപയോക്താക്കള്‍ നേരിട്ടു. അതിന് മുമ്പ് 2024 സെപ്റ്റംബറില്‍ ഒരു മണിക്കൂറോളം സമയം എക്സ് പ്രവര്‍ത്തനരഹിതമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam