പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ (Android Emergency Live Video) എന്ന പുതിയ സുരക്ഷാ ഫീച്ചര്‍ ഗൂഗിൾ പുറത്തിറക്കി 

സമയബന്ധിതമായ വിവരങ്ങളുടെ അഭാവം മൂലം ജീവൻ നഷ്‌ടപ്പെടാൻ ഇടയാക്കുന്ന റോഡപകടങ്ങളെക്കുറിച്ചും മറ്റ് മെഡിക്കൽ എമർജൻസികളെക്കുറിച്ചും നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി ഗൂഗിൾ ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തത്സമയ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ (Android Emergency Live Video) എന്ന പുതിയ സുരക്ഷാ ഫീച്ചറാണ് ഗൂഗിൾ പുറത്തിറക്കിയത്. വാഹനാപകടങ്ങൾ, തീപിടുത്തങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ അടിയന്തിരഘട്ടങ്ങളിൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ സാഹചര്യ അവബോധം നല്‍കാന്‍ ഈ ഗൂഗിള്‍ ഫീച്ചറിലൂടെയാവും.

ആൻഡ്രോയ്‌ഡ് എമർജൻസി ലൈവ് വീഡിയോ

പുത്തന്‍ ഫീച്ചറിന്‍റെ ഏറ്റവും വലിയ നേട്ടം ഈ സവിശേഷത ഉപയോഗിക്കാനുള്ള എളുപ്പമാണ്. ഇത് ഉപയോഗിക്കാൻ നിങ്ങളുടെ ഫോണിന്‍റെ സെറ്റിംഗ്‍സുകൾ ഓണാക്കുകയൊന്നും വേണ്ട. ഒരു പ്രതിസന്ധിഘട്ടത്തില്‍ നിങ്ങൾ പൊലീസ്, ആംബുലൻസ് അല്ലെങ്കിൽ അഗ്നിശമന സേനയിലേക്ക് ഒരു അടിയന്തര കോൾ/മെസേജ് ചെയ്യുമ്പോൾ, സ്ഥലത്തുള്ള ഉദ്യോഗസ്ഥന് നിങ്ങൾക്ക് ഒരു വീഡിയോ റിക്വസ്റ്റ് അയയ്ക്കാൻ കഴിയും. റിക്വസ്റ്റ് അംഗീകരിച്ചാൽ നിങ്ങളുടെ മൊബൈല്‍ ക്യാമറ ഒറ്റ ടാപ്പിൽ ഓണാകും. രക്ഷാപ്രവർത്തകർക്ക് ദൃശ്യങ്ങളിലൂടെ നിങ്ങളുടെ അവസ്ഥ നേരിട്ട് കാണാൻ ഇതിലൂടെയാകും. നിങ്ങൾക്ക് ഏതുതരം വൈദ്യസഹായവും രക്ഷാ ഉപകരണങ്ങളുമാണ് ആവശ്യമെന്ന് ഇതിലൂടെ എളുപ്പം മനസിലാക്കാന്‍ കഴിയും.

ഏതൊക്കെ ആന്‍ഡ്രോയ്‌ഡ് ഫോണുകളിലാണ് ഇത് പ്രവർത്തിക്കുക?

നിങ്ങളുടെ സ്‍മാർട്ട്‌ഫോൺ ആൻഡ്രോയ്‌ഡ് 8 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പിൽ പ്രവർത്തിക്കുന്നതാണെങ്കിൽ ഈ ഫീച്ചർ പ്രവർത്തിക്കും. തുടക്കത്തിൽ യുഎസ്, ജർമ്മനി, മെക്‌സിക്കോയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ ഈ ഫീച്ചര്‍ ഗൂഗിൾ ആദ്യം പുറത്തിറക്കും. എങ്കിലും ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാകാനിരിക്കുന്ന സവിശേഷതയാണിത്. ഗൂഗിൾ പിക്‌സൽ ഫോണുകളിൽ ഇതിനകം തന്നെ 45 മിനിറ്റ് ദൈർഘ്യം വരെയുള്ള വീഡിയോ റെക്കോർഡ് ചെയ്‌ത് കോൺടാക്റ്റുകൾക്ക് അയയ്ക്കുന്ന ഒരു അടിയന്തര റെക്കോർഡിംഗ് സവിശേഷത ഉണ്ടെങ്കിലും, ഈ പുതിയ സവിശേഷത അതിനേക്കാള്‍ മികവുറ്റതാണ്. കാരണം, ഇത് ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്യുക മാത്രമല്ല ലൈവ് സ്ട്രീമുകൾ നടത്തുകയും ചെയ്യുന്നു.

ആപ്പിളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗൂഗിള്‍

ആപ്പിൾ കുറച്ചു കാലമായി തങ്ങളുടെ ഐഫോൺ ഉപയോക്താക്കൾക്ക് "എമർജൻസി എസ്ഒഎസ് ലൈവ് വീഡിയോ" വാഗ്‍ദാനം ചെയ്യുന്നുണ്ട്. സ്‍മാർട്ട്‌ഫോണുകൾ വിനോദത്തിനുള്ള ഉറവിടം മാത്രമല്ല, ജീവൻ രക്ഷിക്കാനുള്ള ഒരു ഉപകരണം കൂടിയാണെന്ന് ടെക് കമ്പനികൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന്‍റെ സൂചന കൂടിയാണ് ഈ നീക്കം. ഗൂഗിളിന്‍റ ഈ നീക്കം ആ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്