2024 ഓഗസ്റ്റിൽ ജർമ്മനിയുടെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ ഒരു വലിയ സൈബർ ആക്രമണം നടന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. ഇതിന് പിന്നില്‍ റഷ്യയാണ് എന്നാണ് ആരോപണം.

ജർമ്മനിയും റഷ്യയും തമ്മിലുള്ള സൈബര്‍ സംഘർഷങ്ങൾ വീണ്ടും രൂക്ഷമായി. ജർമ്മനിക്കെതിരെ റഷ്യയുടെ തുടർച്ചയായ ഹൈബ്രിഡ് ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജർമ്മൻ വിദേശകാര്യ മന്ത്രാലയം ബെർലിനിലെ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി. മനഃപൂർവമായ ഗൂഢാലോചനയുടെ ഭാഗമായി ജർമ്മനിയുടെ ആഭ്യന്തര സ്ഥിരത തകർക്കാൻ റഷ്യ ശ്രമിക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. റഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജിആർയു നടത്തുന്ന ഹാക്കർ ഗ്രൂപ്പുകളാണ് ആക്രമണത്തിന് ഉത്തരവാദികളെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

റഷ്യ-ജര്‍മ്മനി സൈബര്‍ പോര്

2024 ഓഗസ്റ്റിൽ ജർമ്മനിയുടെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ ഒരു വലിയ സൈബർ ആക്രമണം നടന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. റഷ്യൻ ഹാക്കർ ഗ്രൂപ്പായ "ഫാൻസി ബെയർ" ആണ് ഇതിന് ഉത്തരവാദിയെന്ന് അന്വേഷണത്തിൽ വ്യക്തമായി എന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറയുന്നു. ഈ ആക്രമണത്തിന് റഷ്യയുടെ സൈനിക ഇന്റലിജൻസ് സർവീസ് ഉത്തരവാദിയാണെന്ന് ഇന്‍റലിജൻസ് സ്ഥിരീകരിച്ചതായി ജർമ്മൻ വ്യക്താവ് ഉറപ്പിച്ച് പറഞ്ഞു. എന്നാൽ റഷ്യ ഈ ആരോപണങ്ങൾ അസംബന്ധമെന്നും അടിസ്ഥാനരഹിതം" എന്നും പറഞ്ഞ് തള്ളിക്കളഞ്ഞു

അതേസമയം, ഹാക്കിംഗിൽ മാത്രം ഒതുങ്ങുന്നതല്ല ഈ വിഷയം. "സ്റ്റോം 1516" എന്ന റഷ്യൻ പ്രചാരണ ഗ്രൂപ്പ് ജർമ്മൻ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമിച്ചതായി ബെർലിൻ അവകാശപ്പെട്ടു. 2024 മുതൽ സജീവമായ ഈ ഗ്രൂപ്പ് പാശ്ചാത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുന്നിലാണ്. ജർമ്മനിയിൽ അടുത്തിടെ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ, ഈ സംഘം ഗ്രീൻ പാർട്ടി സ്ഥാനാർത്ഥി റോബർട്ട് ഹാബെക്കിനെയും ക്രിസ്ത്യൻ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഫ്രെഡറിക് മെർസിനെയും ലക്ഷ്യം വച്ചതായും വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ്, പൊതുജനവിശ്വാസം തകർക്കുന്നതിനായി ബാലറ്റ് പേപ്പർ ക്രമക്കേടുകളുടെ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ഹൈബ്രിഡ് ആക്രമണങ്ങൾ

സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നാണ് ജർമ്മൻ സർക്കാർ ഇതിനെ വിശേഷിപ്പിച്ചത്. റഷ്യ യുക്രെയ്നിനെതിരെ യുദ്ധം ചെയ്യുക മാത്രമല്ല, ജർമ്മനിക്കുള്ളിലും സമാനമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഒരു വക്താവ് പറഞ്ഞു. ഈ ഹൈബ്രിഡ് ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ, യൂറോപ്യൻ സഖ്യകക്ഷികളോടൊപ്പം ജർമ്മനിയും റഷ്യയ്‌ക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്