ഗൂഗിള്‍ മാപ്സ് നോക്കി സഞ്ചരിച്ച കാര്‍ വെള്ളക്കെട്ടില്‍ വീണെന്ന വനിതയുടെ പരാതിയില്‍ ട്വിസ്റ്റ്! മറുപടിയുമായി ഗൂഗിള്‍

Published : Jul 31, 2025, 02:14 PM ISTUpdated : Jul 31, 2025, 02:17 PM IST
Google Maps

Synopsis

പാലത്തിന് അടിയിലൂടെ കാര്‍ ഓടിച്ച് പോകുമ്പോഴാണ് വാഹനം വെള്ളക്കെട്ടിലേക്ക് വീണത്, പാലത്തിന് മുകളിലൂടെയുള്ള വഴി മാത്രമേ ഇവിടെ മാപ്സില്‍ ചേര്‍ത്തിട്ടുള്ളൂ എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം

മുംബൈ: ഗൂഗിള്‍ മാപ്സ് നോക്കി സഞ്ചരിച്ച കാര്‍ കുഴിയില്‍ വീണെന്ന വനിതയുടെ പരാതിക്കെതിരെ ഗൂഗിള്‍ അധികൃതര്‍. മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ കഴിഞ്ഞ ആഴ്‌ചയായിരുന്നു ബേ ബ്രിഡ്‌ജിലൂടെ പോകേണ്ടതിന് പകരം താഴെക്കൂടിയുള്ള പാതയിലൂടെ സഞ്ചരിച്ച വനിതയുടെ ഔഡി കാര്‍ വെള്ളക്കെട്ടിലേക്ക് വീണത്. ഗൂഗിള്‍ മാപ്പ് ചതിച്ചതായിരുന്നു അപകടത്തിന് കാരണം എന്നായിരുന്നു വനിതയുടെ പരാതി. ഇതിനെതിരെയാണ് ഗൂഗിള്‍ മാപ്‌സ് അധികൃതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗൂഗിള്‍ അധികൃതരുടെ പ്രതികരണം

നവി മുംബൈയില്‍ ഔഡി കാര്‍ അപകടത്തില്‍പ്പെട്ടതിനേക്കുറിച്ച് ഗൂഗിള്‍ അധികൃതര്‍ പ്രതികരിച്ചു. 'പാലത്തിന് അടിയിലൂടെയുള്ള റോഡ‍് നാവിഗേഷനായി മാപ് ചെയ്തിരുന്നില്ല. ഗൂഗിള്‍ മാപ്സ് ആ വഴി യുവതിക്ക് നിര്‍ദേശിച്ചിരുന്നില്ല എന്ന് ആഭ്യന്തര പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈ പ്രദേശത്ത് കൂടെ ഗൂഗിള്‍ മാപ്സ് നിര്‍ദ്ദേശിക്കുന്ന ഏക റൂട്ട് ബേലാപൂര്‍ പാലത്തിന് മുകളിലൂടെയുള്ളത് മാത്രമാണ്. യാത്രക്കാരുടെ സുരക്ഷ മനസില്‍ക്കണ്ടാണ് ഗൂഗിള്‍ മാപ്സ് ഞങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള നാവിഗേഷന്‍ സംവിധാനം ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്'- ഗൂഗിള്‍ എന്നും ഗൂഗിള്‍ വക്താവ് പറഞ്ഞതായി ടെലിഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പാലത്തിന് അടിയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങുന്നത് കണ്ട് ഓടിക്കൂടിയ മറൈൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് വനിതയെ പുറത്തെടുത്ത് രക്ഷിക്കുകയായിരുന്നു. അപകടത്തില്‍ വനിതയ്ക്ക് പരിക്കുകളൊന്നുമുണ്ടായില്ല. അപകടത്തില്‍പ്പെട്ട ഔഡി കാർ പിന്നീട് ക്രെയിന്‍റെ സഹായത്തോടെ പുറത്തെടുക്കുകയും ചെയ്തു.

ഗൂഗിള്‍ മാപ്സ് നോക്കി യാത്ര ചെയ്ത് അപകടത്തില്‍പ്പെട്ടു എന്ന തരത്തിലുള്ള പരാതികള്‍ ഇതാദ്യമല്ല. കേരളത്തിലടക്കം ഇത്തരം പരാതികള്‍ അനേകം മുമ്പായിട്ടുണ്ട്. ഗൂഗിള്‍ മാപ്സ് നോക്കി വാഹനമോടിച്ച് കുഴികളിലും പുഴകളിലും പാലത്തിന് താഴേക്കും വീണ വാര്‍ത്തകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ചില്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഗൂഗിള്‍ മാപ്സ് നോക്കി യാത്ര ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു യാത്രക്കാര്‍ 30 ഓടി താഴ്‌ചയിലേക്ക് വാഹനവുമായി വീണിരുന്നു. ഏപ്രില്‍ മാസത്തില്‍ ദില്ലി-ലക്നൗ ഹൈവേയില്‍ നടന്ന ഒരു കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടതിലും ഗൂഗിള്‍ മാപ്സിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഗൂഗിള്‍ മാപ്സ് കാണിച്ച നാവിഗേഷന്‍ അനുസരിച്ച് കാര്‍ തിരിച്ചതോടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ