
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ വരാനിരിക്കുന്ന ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറയുകയാണ്. ഇതിലെ വാനില ഐഫോണ്‍ 17 ഒഴികെയുള്ള ഫോണ്‍ മോഡലുകള്‍ക്ക് യുഎസ് വിപണിയില്‍ വില കൂടും എന്ന് ഇതിനകം പ്രവചിക്കപ്പെട്ടുകഴിഞ്ഞു. ട്രംപിന്‍റെ താരീഫ് നയമാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഇന്ത്യയടക്കമുള്ള മറ്റ് പ്രധാന വിപണികളില്‍ ഐഫോണ്‍ 17 ശ്രേണിയുടെ വില കൂടുമോ എന്ന് വ്യക്തമല്ല.
യുഎസ് ഇതര ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുത്തനെ രണ്ടാംവട്ടം അധികാരത്തിലെത്തിയ ശേഷം ഡോണള്‍ഡ് ട്രംപ് വര്‍ധിപ്പിച്ചിരുന്നു. എങ്കിലും അമേരിക്കയില്‍ ഐഫോണ്‍ 16 ലൈനപ്പിന്‍റെ വിലയില്‍ വ്യത്യാസം വന്നില്ല. ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ ഐഫോണ്‍ 16 ശ്രേണിയിലെ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്താണ് ആപ്പിള്‍ ഒരു പരിധി വരെ പിടിച്ചുനിന്നത്. എന്നാല്‍ ഈ അവസ്ഥ ഐഫോണ്‍ 17 ലൈനപ്പില്‍ മാറിയേക്കും. ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഒഴികെയുള്ള പ്രോ വേരിയന്‍റുകള്‍ക്ക് യുഎസില്‍ ആപ്പിള്‍ വില 50 ഡോളര്‍ വീതം വര്‍ധിപ്പിച്ചേക്കുമെന്നാണ് ഒരു വിപണി വിദഗ്‌ധന്‍റെ നിരീക്ഷണമെന്ന് ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്തു. ഇതുപ്രകാരം, ഐഫോണ്‍ 17 പ്രോയ്ക്ക് 1,049 ഡോളറും ഐഫോണ്‍ 17 പ്രോ മാക്സിന് 1,249 ഡോളറും വിലയാകുമെന്നാണ് പ്രവചനം. അതേസമയം നിലവിലെ ഐഫോണ്‍ 16 പ്ലസിന് പകരമെത്തുന്ന സ്ലിം വേരിയന്‍റായ ഐഫോണ്‍ 17 എയറിന്‍റെ അമേരിക്കയില്‍ വില 949 ഡോളറായിരിക്കുമെന്നും പറയപ്പെടുന്നു.
ആപ്പിളിന്‍റെ ഐഫോണ്‍ 17 ലൈനപ്പ് ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങും. നാല് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഐഫോണ്‍ 17 ശ്രേണിയില്‍ ആപ്പിള്‍ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 17 നിരയില്‍ ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയാണുണ്ടാവുക. ഇതിലെ എയര്‍ മോഡല്‍ പഴയ പ്ലസ് വേരിയന്‍റിന് പകരമെത്തുന്ന സ്ലിം ഫോണാണ്. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണായിരിക്കും 17 എയര്‍. ഐഫോണ്‍ 17 എയറിന് മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരക്കുറവുമുണ്ടാകും എന്നാണ് സൂചന. എങ്കിലും, ആപ്പിളിന്‍റെ പതിവ് അനുസരിച്ച് പുത്തന്‍ ഐഫോണുകളുടെ വിലയും ഫീച്ചറുകളും സ്ഥിരീകരിക്കപ്പെടണമെങ്കില്‍ സെപ്റ്റംബറില്‍ ലോഞ്ച് ഇവന്‍റ് വരെ കാത്തിരുന്നേ മതിയാകൂ.