എഐയോട് ചോദിച്ച് ചോദിച്ച് യാത്ര പോകാം; ഗൂഗിൾ മാപ്‍സ് ഏറ്റവും വലിയ അപ്‌ഗ്രേഡ് അവതരിപ്പിച്ചു

Published : Mar 15, 2026, 09:28 AM IST
Ask-Maps

Synopsis

ഗൂഗിള്‍ മാപ്‌സിലെ ആസ്‍ക് മാപ്‍സ് (Ask Maps) ഉപയോഗിച്ച് ഉപയോക്താക്കൾ സാധാരണ ഭാഷയിൽ ടെക്സ്റ്റ് അല്ലെങ്കിൽ വോയിസ് വഴി ചോദ്യങ്ങൾ ചോദിച്ചാല്‍ സ്ഥലങ്ങളെക്കുറിച്ചും യാത്രാ മാർഗങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ലഭിക്കും

ദില്ലി: ഗൂഗിൾ മാപ്‍സ് ആപ്പിന് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും വലിയ അപ്ഡേറ്റ് ലഭിച്ചതായി പ്രഖ്യാപിച്ച് ഗൂഗിൾ. പുതിയ 'ആസ്‍ക് മാപ്‍സ്' ഫീച്ചർ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയതായി കമ്പനി അറിയിച്ചു. ജെമിനി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് സാധാരണ നാവിഗേഷൻ സേവനങ്ങൾക്കപ്പുറം ഒരു സ്‍മാർട്ട് ലോക്കൽ പ്ലാനിംഗ് അസിസ്റ്റന്‍റായി പ്രവർത്തിക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആസ്‌ക് മാപ്‌സ്: പ്രത്യേകതകള്‍

ആസ്‍ക് മാപ്‍സ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സാധാരണ ഭാഷയിൽ ടെക്സ്റ്റ് അല്ലെങ്കിൽ വോയിസ് വഴി ചോദ്യങ്ങൾ ചോദിച്ച് സ്ഥലങ്ങളെക്കുറിച്ചും യാത്രാ മാർഗങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ തേടാം. ലോകമെമ്പാടുമുള്ള 300 ദശലക്ഷം സ്ഥലങ്ങളുടെ വിവരങ്ങളും 500 മില്യൺ ആളുകളുടെ റിവ്യൂകളും അടിസ്ഥാനമാക്കി ഈ ഫീച്ചർ വ്യക്തിഗത നിർദ്ദേശങ്ങൾ നൽകും. ഇപ്പോൾ ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഇംഗ്ലീഷിൽ ലഭ്യമാണ്. ഹിന്ദി ഭാഷാ പിന്തുണ ഉടൻ എത്തുമെന്ന് ഗൂഗിൾ അറിയിച്ചു.

ആസ്‍ക് മാപ്‍സിനും സാധാരണ ഗൂഗിൾ മാപ്‍സ് സെർച്ചിനും തമ്മിലുള്ള പ്രധാന വ്യത്യാസം സംഭാഷണ രീതിയിലുള്ള ചോദ്യം-ഉത്തരം സംവിധാനമാണ്. സാധാരണയായി ഒരു സ്ഥലത്തേക്കുള്ള വഴി കണ്ടെത്താൻ ഉപയോക്താക്കൾ ആദ്യം ദിശകൾ തിരയുകയും പിന്നീട് വഴിയിലുള്ള മറ്റു സ്ഥലങ്ങൾ വേറെയായി പരിശോധിക്കുകയും വേണം. എന്നാൽ ആസ്‍ക് മാപ്‍സിൽ ഒരു ചോദ്യം കൊണ്ട് തന്നെ നിരവധി വിവരങ്ങൾ ഒരുമിച്ച് ലഭിക്കും.

ഉദാഹരണത്തിന്, “ഈ സ്ഥലം മുതൽ ഈ സ്ഥലം വരെ പോകണം. ഇപ്പോൾ ഡ്രൈവ് ചെയ്യുന്നതാണോ നല്ലത്, മെട്രോ എടുക്കുന്നതാണോ? വഴിയിൽ കാപ്പി കിട്ടുന്ന നല്ല സ്ഥലങ്ങൾ ഏതാണ്?” എന്ന രീതിയിൽ ചോദിച്ചാൽ ആ റൂട്ടിലെ ലൈവ് ട്രാഫിക് വിവരങ്ങൾ, യാത്രാ സമയം, ഡ്രൈവിംഗും പബ്ലിക് ട്രാൻസ്‌പോർട്ടും തമ്മിലുള്ള താരതമ്യം, കൂടാതെ വഴിയിലുള്ള കഫേകൾ എന്നിവയെല്ലാം ആസ്‍ക് മാപ്‍സ് ഒരുമിച്ച് നിർദ്ദേശിക്കും എന്നാണ് ഗൂഗിൾ പറയുന്നത്.

എന്ത് ചോദിച്ചാലും മറുപടി

ഇതുകൂടാതെ പരിപാടികൾ അല്ലെങ്കിൽ കൂട്ടായ്മകൾ പ്ലാൻ ചെയ്യുന്നതിനും ആസ്‍ക് മാപ്‍സ് സഹായകരമാകും. ഉദാഹരണത്തിന്, നല്ല അപ്പെറ്റൈസേഴ്സ് ലഭിക്കുന്നതും ആൽക്കഹോളിക് ഡ്രിങ്ക്സ് ലഭ്യമാകുന്നതും പാർക്കിംഗ് സൗകര്യമുള്ള സ്ഥലങ്ങളുമൊക്കെ എന്തൊക്കെയെന്ന് ചോദിച്ചാൽ, ഉപയോക്തൃ റിവ്യൂകളും വെബ് വിവരങ്ങളും പരിശോധിച്ച് അനുയോജ്യമായ ഇടങ്ങൾ നിർദ്ദേശിക്കും.

മറ്റൊരു പ്രധാന സവിശേഷത,ആസ്‍ക് മാപ്‍സ് ഉപയോക്താക്കളുടെ പഴയ തിരച്ചിലുകളും സന്ദർശിച്ച സ്ഥലങ്ങളും അടിസ്ഥാനമാക്കി അവരുടെ ഇഷ്ടങ്ങൾ മനസിലാക്കുന്നുവെന്നതാണ്. ഉദാഹരണത്തിന്, ഒരാൾ സാധാരണയായി വെജിറ്റേറിയൻ ഭക്ഷണം തിരയുന്ന ആളാണെങ്കിൽ, പുതിയ നഗരത്തിൽ റസ്റ്റോറന്‍റുകൾ നിർദ്ദേശിക്കുമ്പോൾ അത് പരിഗണിച്ചായിരിക്കും ശുപാർശകൾ നൽകുക. ഈ അപ്ഡേറ്റോടെ Google Maps ഒരു സാധാരണ നാവിഗേഷൻ ആപ്പിൽ നിന്ന് എഐ അടിസ്ഥാനമാക്കിയ സമഗ്രമായ യാത്രാ-പ്ലാനിംഗ് പ്ലാറ്റ്ഫോമായി മാറുമെന്ന് കമ്പനി പറയുന്നു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇത് സാംസങിനുള്ള പണി; മടക്കില്ലാത്ത സ്ക്രീനുമായി ഫൈന്‍ഡ് എന്‍6 വരുന്നു, സവിശേഷതകള്‍ വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണോ? ഈ സെറ്റിംഗ്‌സുകള്‍ ഉടന്‍ പരീക്ഷിക്കൂ!