1.75 ദശലക്ഷം അപകടകരമായ ആപ്പുകൾ നിരോധിച്ച് ഗൂഗിള്‍

Published : Feb 21, 2026, 03:58 PM IST
Google Play Store logo

Synopsis

കർശനമായ പരിശോധനകളും എഐ നിരീക്ഷണവുമാണ് ഇതിന് കാരണം. അതേസമയം, പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള ആപ്പുകൾ വഴിയുള്ള ഭീഷണികൾ വർധിക്കുന്നതായും ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് കണ്ടെത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.

കാലിഫോര്‍ണിയ: ഗൂഗിള്‍ പ്ലേ സ്റ്റോറിനെ (Google Play) ലക്ഷ്യമിട്ടുള്ള തട്ടിപ്പുകള്‍ കുറയുന്നതായി ഗൂഗിള്‍. 2025-ല്‍ നയലംഘനങ്ങളുള്ള ആപ്പുകളും നിരോധിക്കപ്പെട്ട ഡെവലപ്പര്‍ അക്കൗണ്ടുകളും ഗണ്യമായി കുറഞ്ഞതായി കമ്പനി പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ പരിശോധനാ മാനദണ്ഡങ്ങളും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളുടെ വ്യാപനവുമാണ് ഈ കുറവിന് പ്രധാന കാരണമെന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തല്‍. അതേസമയം, ഭീഷണികള്‍ ഔദ്യോഗിക ആപ്പ് മാര്‍ക്കറ്റിന് പുറത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. 

ഗൂഗിള്‍ പ്ലേയില്‍ ശക്തമായ സുരക്ഷ

2025-ല്‍ മാത്രം 17.5 ലക്ഷം നയലംഘന ആപ്പുകള്‍ ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ല്‍ ഇത് 23.6 ലക്ഷവും 2023-ല്‍ 22.8 ലക്ഷവുമായിരുന്നു. കഴിഞ്ഞ വര്‍ഷം ദോഷകരമോ നിബന്ധനകള്‍ ലംഘിക്കുന്നതുമായ ആപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചതിനാല്‍ 80,000-ത്തിലധികം ഡെവലപ്പര്‍ അക്കൗണ്ടുകള്‍ നിരോധിക്കുകയും ചെയ്‌തു. 2024-ലെ 1.58 ലക്ഷം, 2023-ലെ 3.33 ലക്ഷം എന്നീ കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഡെവലപ്പര്‍മാര്‍ക്കുള്ള കര്‍ശനമായ സ്ഥിരീകരണ നടപടികള്‍, നിര്‍ബന്ധിത പ്രീ-റിവ്യൂ പരിശോധനകള്‍, ഉയര്‍ന്ന പരിശോധനാ മാനദണ്ഡങ്ങള്‍ എന്നിവയാണ് ഇടിവിന് കാരണമായതെന്ന് ഗൂഗിൾ പറയുന്നു. ഓരോ ആപ്പും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് 10,000-ത്തിലധികം സുരക്ഷാ പരിശോധനകള്‍ നടത്തുന്നതായും, പ്ലേ സ്റ്റോറില്‍ ആപ്പുകൾ ലൈവായ ശേഷം പോലും നിരന്തരമായ നിരീക്ഷണം തുടരുന്നതായും ഗൂഗിള്‍ വ്യക്തമാക്കി. കമ്പനിയുടെ ഏറ്റവും പുതിയ ജനറേറ്റീവ് എ ഐ മോഡലുകള്‍ റിവ്യൂവര്‍മാരെ സങ്കീര്‍ണമായ തട്ടിപ്പ് രീതികള്‍ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട് എന്നാണ് ഗൂഗിളിന്‍റെ വിലയിരുത്തല്‍.

എങ്കിലും ഭീഷണികള്‍ പ്ലേ സ്റ്റോറിന് പുറത്തേക്ക് മാറുന്നതായും ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഗൂഗിളിന്റെ ഇന്‍ബില്‍റ്റ് സുരക്ഷാ സംവിധാനമായ ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് 2025-ല്‍ 2.7 കോടി പുതിയ തട്ടിപ്പ് ആപ്പുകള്‍ കണ്ടെത്തുകയും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കുകയോ പ്രവര്‍ത്തനം തടയുകയോ ചെയ്‌തു എന്നാണ് റിപ്പോർട്ട്. 2024-ല്‍ 1.3 കോടി, 2023-ല്‍ 50 ലക്ഷം എന്നിങ്ങനെയായിരുന്നു ഈ കണക്കുകൾ. ഔദ്യോഗിക സ്റ്റോറിനെ മറികടന്ന് സൈഡ്‌ലോഡ് ചെയ്‌ത ആപ്പുകളും തേർഡ്-പാർട്ടി വിതരണ ചാനലുകളും വഴി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു എന്നതാണ് സൂചന.

കൂടാതെ 2.55 ലക്ഷം ആപ്പുകള്‍ക്ക് അനാവശ്യമായ ഉപയോക്തൃ ഡാറ്റാ ആക്‌സസ് ലഭിക്കുന്നത് തടഞ്ഞതായും 16 കോടി സ്‍പാം റേറ്റിംഗുകളും റിവ്യൂകളും ബ്ലോക്ക് ചെയ്തതായും ഗൂഗിള്‍ അറിയിച്ചു. 2026-ല്‍ എ ഐ നിക്ഷേപം വര്‍ധിപ്പിച്ച് ഉയര്‍ന്നു വരുന്ന ഭീഷണികളെ നേരിടാന്‍ പദ്ധതിയുണ്ടെന്നും കമ്പനി വ്യക്തമാക്കി. പ്ലേ സ്റ്റോറിനുള്ളിലെ സുരക്ഷ ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റത്തിലെ ദുര്‍ബലതകള്‍ ലക്ഷ്യമാക്കി തട്ടിപ്പുകാർ പുതിയ വഴികള്‍ തേടുന്നുവെന്ന യാഥാര്‍ഥ്യവും ഗൂഗിൾ പുറത്തുവിട്ട ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

1.5 ജിബി ഡാറ്റ പ്ലാനുകളില്‍ ഏതാണ് ഏറ്റവും മികച്ചത്? ബിഎസ്എന്‍എല്‍, ജിയോ, എയർടെൽ റീചാര്‍ജ് പ്ലാനുകള്‍ തമ്മിലൊരു താരതമ്യം
ഗൂഗിൾ ജെമിനി 3.1 പ്രോ പുറത്തിറക്കി; സങ്കീർണ്ണ ജോലികൾ കൂളായി തീര്‍ക്കും, പൊമെല്ലിക്ക് ഫോട്ടോഷൂട്ട് ഫീച്ചർ