ചൈനീസ്, റഷ്യന്‍ പ്രചാരണങ്ങള്‍ക്കുള്ള ആയുധമായി ആയിരക്കണക്കിന് യൂട്യൂബ് ചാനലുകൾ; നീക്കം ചെയ്‌ത് ഗൂഗിള്‍

Published : Jul 23, 2025, 10:01 AM ISTUpdated : Jul 23, 2025, 10:06 AM IST
YouTube logo

Synopsis

ചൈനയുമായും റഷ്യയുമായും ബന്ധമുള്ള ആയിരക്കണക്കിന് ചാനലുകൾ യൂട്യൂബ് നീക്കം ചെയ്‌തു

കാലിഫോര്‍ണിയ: ഗൂഗിൾ ചൈന, റഷ്യ, മറ്റ് രാജ്യങ്ങൾ എന്നിവയുടെ സർക്കാർ പ്രചാരണ ക്യാംപയിനുകളുമായും സംഘടനകളുമായും ബന്ധപ്പെട്ട 11,000-ത്തിലധികം യൂട്യൂബ് ചാനലുകളും അക്കൗണ്ടുകളും നീക്കം ചെയ്‌തതായി റിപ്പോര്‍ട്ട്. ഇതിൽ 7,700-ലധികം ചാനലുകൾ ചൈനയുമായി ബന്ധപ്പെട്ടവയായിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെ പ്രശംസിക്കുന്നതും യുഎസ് വിദേശനയത്തെ വിമര്‍ശിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഈ ചാനലുകൾ പോസ്റ്റ് ചെയ്‌തിരുന്നു. ഇത് വ്യാജ പ്രചാരണവും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുമാണെന്ന് വ്യക്തമാക്കിയാണ് യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്‌തത്.

ഇന്‍റര്‍നെറ്റ് വഴി ലോകമെമ്പാടുമുള്ള വ്യാജ പ്രചാരണങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഗൂഗിൾ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പാണ് (TAG) യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നീക്കം ചെയ്ത ഏകദേശം 11,000 അക്കൗണ്ടുകളിൽ 7,700-ലധികം യൂട്യൂബ് ചാനലുകൾ ചൈനയുമായി ബന്ധമുള്ളതായി കണ്ടെത്തി. ഈ ചാനലുകൾ കൂടുതലും ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ പിന്തുണച്ചതും പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെ പ്രശംസിച്ചതും യുഎസ് വിദേശകാര്യങ്ങൾ ചർച്ച ചെയ്യുന്നവയുമായിരുന്നു അവയുടെ ഉള്ളടക്കം.

നീക്കം ചെയ്‌തവയില്‍ രണ്ടായിരത്തിലധികം ചാനലുകൾ റഷ്യയുമായി ബന്ധപ്പെട്ടവയാണ്. റഷ്യയെ പിന്തുണയ്ക്കുകയും യുക്രെയ്ൻ, നാറ്റോ, പാശ്ചാത്യ രാജ്യങ്ങൾ എന്നിവയെ വിമർശിക്കുകയും ചെയ്യുന്നവയായിരുന്നു ഇവയിലെ ഉള്ളടക്കം. റഷ്യൻ അനുകൂല സന്ദേശങ്ങൾ, തെറ്റായ വിവരങ്ങൾ, പാശ്ചാത്യ രാജ്യങ്ങളെ വിമർശിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഈ ചാനലുകളിൽ ചിലത് റഷ്യൻ സർക്കാർ പിന്തുണയുള്ള സംഘടനകൾ, മീഡിയ സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരുന്നു.

ഇറാൻ, അസർബൈജാൻ, തുർക്കി, ഇസ്രയേൽ, റൊമാനിയ, ഘാന എന്നിവയുമായി ബന്ധപ്പെട്ട പ്രചാരണ ക്യാംപയിനുകളുള്ള യൂട്യൂബ് ചാനലുകളും ഗൂഗിൾ നീക്കം ചെയ്‌തവയിലുണ്ട്. അർമേനിയയെയും സർക്കാർ എതിരാളികളെയും വിമർശിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത അസർബൈജാനിൽ നിന്നുള്ള 457 ചാനലുകൾ നീക്കം ചെയ്തു. യുഎസിനെയും ഇസ്രയേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും വിമർശിക്കുകയും പലസ്‍തീനെ പിന്തുണയ്ക്കുകയും ചെയ്യുന്നവയായിരുന്നു ഇറാനുമായി ബന്ധപ്പെട്ട ചാനലുകൾ. പ്രാദേശിക സംഘർഷങ്ങൾക്ക് പ്രേരിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങൾ ആണിതെന്ന് ഗൂഗിൾ പറയുന്നു.

2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ യൂട്യൂബ്, ഗൂഗിൾ ന്യൂസ്, ബ്ലോഗർ, ആഡ്സെൻസ് എന്നിവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്തിരുന്നു. ഇതേ രീതിയിൽ വർഷത്തിന്‍റെ ആദ്യ പകുതിയിൽ 30,000-ത്തിൽ അധികം വ്യാജ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്തിരുന്നു. ഇതോടൊപ്പം, ഗൂഗിൾ ന്യൂസിലും ഡിസ്‍കവറിലും പ്രത്യക്ഷപ്പെടുന്ന നിരവധി ഡൊമെയ്‌നുകൾ നിർത്തലാക്കുകയും ചെയ്‌തു. മെയ് മാസത്തിൽ, റഷ്യൻ സർക്കാർ നിയന്ത്രിത മാധ്യമമായ ആർടിയുമായി ലിങ്ക് ചെയ്തിരുന്ന 20 യൂട്യൂബ് ചാനലുകൾ, നാല് പരസ്യ അക്കൗണ്ടുകൾ, ഒരു ബ്ലോഗർ ബ്ലോഗ് തുടങ്ങിയവയും ഗൂഗിൾ നീക്കം ചെയ്തു. റഷ്യ യുക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 2022 മാർച്ചിൽ യൂട്യൂബ് റഷ്യ ടുഡേ ചാനലുകൾ തടയാൻ തുടങ്ങി.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്