
ടെക്‌സസ്: ഇലോൺ മസ്‌കിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ xAI സൃഷ്‍ടിച്ച എഐചാറ്റ്ബോട്ട് ഗ്രോക്കിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇപ്പോൾ മസ്‌ക് മറ്റൊരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. കുട്ടികൾക്ക് സുരക്ഷിതവും കൃത്യവുമായ ഉള്ളടക്കം നൽകുന്ന ഗ്രോക് ചാറ്റ്ബോട്ടിന്‍റെ ഒരു പതിപ്പ് സൃഷ്‍ടിക്കുമെന്ന് ഇലോണ്‍ മസ്‌ക് എക്സില്‍ പ്രഖ്യാപിച്ചു. ഈ പുതിയ പതിപ്പിന് 'ബേബി ഗ്രോക്' എന്ന് പേരിടും. കുട്ടികൾക്ക് അനുയോജ്യമായ രീതിയില്‍ നിലവിലുള്ള ഗ്രോക്ക് ചാറ്റ്ബോട്ടിന്‍റെ പ്രത്യേക പതിപ്പായിരിക്കും ഇത്.
"കുട്ടികൾക്കായി പ്രത്യേകം ഒരു ആപ്പ് ആയ ബേബി ഗ്രോക് എക്സ്എഐ നിർമ്മിക്കുകയാണ്"- ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റ് ചെയ്തു. കുട്ടികളെ ലക്ഷ്യം വച്ചുള്ള ഒരു പ്രത്യേക ആപ്പായി പുതിയ പതിപ്പ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ ആപ്പിനെക്കുറിച്ച് മസ്‌ക് ഇതുവരെ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. സ്‍പാം സംബന്ധമായ പ്രശ്നങ്ങൾ കാരണം ഇലോണ്‍ മസ്‌കിന്‍റെ മറ്റൊരു കമ്പനിയായ എക്സ് പ്ലാറ്റ്‌ഫോമിലെ പുതിയ ഗ്രോക് പരാമർശങ്ങൾ താൽക്കാലികമായി നിർത്തലാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് മസ്‍കിന്‍റെ പുതിയ പ്രഖ്യാപനം. വൈറൽ വീഡിയോകൾ സൃഷ്‌ടിക്കാൻ ഗ്രോക്കിനെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയെക്കുറിച്ചും മസ്‌ക് സൂചന നൽകി.
ജൂലൈ 10-ന് എക്സ്എഐ അതിന്‍റെ ഏറ്റവും പുതിയ മോഡലായ ഗ്രോക് 4 പുറത്തിറക്കി. ഏത് ചോദ്യത്തിനും പരിഹാരം കാണാൻ കഴിവുള്ള ഏറ്റവും നൂതനമായ ചാറ്റ്ബോട്ടുകളിൽ ഒന്നാണ് ഗ്രോക് 4 എന്ന് മസ്‌ക് പറയുന്നു. ഗ്രോക്കിന്‍റെ മുൻ പതിപ്പിലെ സെമിറ്റിക് വിരുദ്ധ പ്രതികരണങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അതുകൊണ്ടുതന്നെ പുതിയതിനെ ഒരു പ്രധാന അപ്‌ഗ്രേഡ് എന്നാണ് മസ്ക് വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ, ചാറ്റ്ബോട്ട് ചില പ്രോംപ്റ്റുകളിൽ അഡോൾഫ് ഹിറ്റ്ലറെ പ്രശംസിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്ന് എക്സ് ഉപയോക്താക്കളും ആന്‍റി-ഡിഫമേഷൻ ലീഗും (ADL) ആശങ്കകൾ ഉന്നയിച്ചിരുന്നു.
എന്താണ് എക്സ്എഐയും ഗ്രോക് ചാറ്റ്ബോട്ടും?
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വികസനത്തിനായി ഇലോണ്‍ മസ്ക് 2023-ല്‍ തുടക്കമിട്ട കമ്പനിയാണ് എക്സ്എഐ. എക്‌സ്എഐ ആരംഭിച്ച ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്ബോട്ടാണ് ഗ്രോക്. ഈ രംഗത്ത് ഓപ്പൺഎഐയുടെ ചാറ്റ്‍ജിപിടി, ഗൂഗിളിന്‍റെ ജെമിനി എന്നിവയ്ക്കുള്ള ഇലോണ്‍ മസ്‌കിന്‍റെ മറുപടിയാണ് ഗ്രോക്. സാങ്കേതികവിദ്യയുടെയും മാനവികതയുടെയും ഭാവിയായി എഐ കണക്കാക്കപ്പെടുന്നതോടെ, ഗ്രോക്കിന്‍റെ വികസനം വേഗത്തിലാക്കാൻ മസ്‌ക് ഗണ്യമായ വിഭവങ്ങൾ ചെലവഴിക്കുന്നു.
അതേസമയം, കുട്ടികൾക്കായി ഒരു പ്രത്യേക ജെമിനി ആപ്പിൽ ഗൂഗിളും പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ആപ്പ് കുട്ടികളെ ഗൃഹപാഠം ചെയ്യാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഥകൾ സൃഷ്ടിക്കാനും സഹായിക്കും. ഫാമിലി ലിങ്ക് ആപ്പ് വഴി മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്കുള്ള ജെമിനി ആക്‌സസ് ഓഫാക്കാനും കഴിയും. ജെമിനിയുടെ കുട്ടികളുടെ പതിപ്പിൽ പരസ്യങ്ങളോ ഡാറ്റാ ശേഖരണമോ ഉണ്ടാകില്ലെന്നും പഠനത്തിലും സൃഷ്‍ടിപരമായ ആവിഷ്‍കാരത്തിലും മാത്രമായിരിക്കും ശ്രദ്ധ എന്നും ഗൂഗിൾ വ്യക്തമാക്കി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam