'ഗ്രോക്ക് 3 ഉടനിറങ്ങും, എല്ലാ ചാറ്റ്ബോട്ടുകളെയും വെല്ലും'; സാം ആള്‍ട്ട്‌മാനുള്ള അടുത്ത വെല്ലുവിളിയുമായി മസ്ക്

Published : Feb 13, 2025, 02:18 PM ISTUpdated : Feb 13, 2025, 02:30 PM IST
'ഗ്രോക്ക് 3 ഉടനിറങ്ങും, എല്ലാ ചാറ്റ്ബോട്ടുകളെയും വെല്ലും'; സാം ആള്‍ട്ട്‌മാനുള്ള അടുത്ത വെല്ലുവിളിയുമായി മസ്ക്

Synopsis

ഗ്രോക്ക് 3 വികസനത്തെ കുറിച്ച് പുതിയ അപ്‌ഡേറ്റുമായി എക്സ്എഐ ഉടമ ഇലോണ്‍ മസ്ക്, ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി അടക്കമുള്ള മോഡലുകള്‍ക്ക് മസ്കിന്‍റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: എക്സ്എഐയുടെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടന്‍ പുറത്തിറങ്ങുമെന്ന് ഉടമ ഇലോണ്‍ മസ്ക്. ചാറ്റ്‌ജിപിടി അടക്കമുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളെയെല്ലാം മറികടക്കുന്ന പ്രകടന മികവ് ഗ്രോക്ക് 3-നുണ്ടാകുമെന്ന് മസ്ക് ഒരു വീഡിയോയില്‍ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നോ രണ്ടോ ആഴ്‌ചയ്ക്കുള്ളില്‍ ഗ്രോക്ക് 3 എക്സ്എഐ റിലീസ് ചെയ്യും. ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാനുമായുള്ള കൊമ്പുകോര്‍ക്കലിന്‍റെ തുടര്‍ച്ച കൂടിയാണ് ഗ്രോക്ക് 3-യെ കുറിച്ചുള്ള മസ്കിന്‍റെ ഈ അവകാശവാദം. 

ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി അടക്കമുള്ള എഐ മോഡലുകള്‍ക്ക് ഡീപ്‌സീക്ക് അടക്കമുള്ള ചൈനീസ് ചാറ്റ്ബോട്ടുകള്‍ വലിയ വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് ഗ്രോക്ക് 3-യുടെ വികസനത്തെ കുറിച്ച് ഇലോണ്‍ മസ്ക് മനസ് തുറന്നത്. എക്സ്എഐയുടെ ചാറ്റ്ബോട്ടായ ഗ്രോക്ക് 3 വികസനത്തിന്‍റെ അന്തിമ പാതയിലാണെന്നും ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ട് പുറത്തിറക്കുമെന്നും മസ്ക് പറഞ്ഞു. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിക്ക് വലിയ വെല്ലുവിളിയാവുമെന്ന പ്രകടന മികവ് ഗ്രോക്ക് 3-യ്ക്കുണ്ടാകുമെന്ന് മസ്ക്  അവകാശപ്പെട്ടു. 

'ഗ്രോക്ക് 3-യ്ക്ക് വളരെ മികവാര്‍ന്ന റീസണിംഗ് കഴിവുകളുണ്ട്. മറ്റ് എഐ ചാറ്റ്ബോട്ടുകളെയെല്ലാം വെല്ലുന്ന മികവാണ് പരീക്ഷണ ഘട്ടത്തില്‍ ഗ്രോക്ക് 3 കാഴ്ചവെച്ചത്, അതൊരു ശുഭ സൂചനയാണ്'- എന്നുമാണ് ഇലോണ്‍ മസ്കിന്‍റെ വാക്കുകള്‍. 

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐയ്ക്കും ആല്‍ഫബെറ്റിന്‍റെ ഗൂഗിളിനും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ട് ശതകോടീശ്വരനായ ഇലോണ്‍ മസ്ക് സ്ഥാപിച്ചതാണ് എക്സ്എഐ. ഓപ്പണ്‍ എഐയുടെ സഹസ്ഥാപനായിരുന്നുവെങ്കിലും സാം ആള്‍ട്ട്‌മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മസ്ക് 2018ല്‍ ഓപ്പണ്‍ എഐ വിട്ടിരുന്നു. ഇതിന് ശേഷം ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ലോകമെങ്ങും വലിയ പ്രചാരം നേടി. ഇതിനുള്ള മറുപടിയായാണ് മസ്കിന്‍റെ എക്സ്എഐ എല്‍എല്‍എം അടിസ്ഥാനത്തിലുള്ള ഗ്രോക്ക് 1 ചാറ്റ്ബോട്ട് 2023 നവംബര്‍ 3ന് പുറത്തിറക്കിയത്. 2024 ഓഗസ്റ്റ് 13ന് ഗ്രോക്ക് 2 പുറത്തിറങ്ങി. എക്സില്‍ (പഴയ ട്വിറ്റര്‍) നേരിട്ടുള്ള ആക്സസ് ഗ്രോക്കിനുണ്ട്. 

ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോര്‍വിളിയുടെ തുടര്‍ച്ച കൂടിയാണ് ഇലോണ്‍ മസ്കിന്‍റെ ഭാഗത്ത് നിന്ന് ഗ്രോക്ക് 3-യുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്നത്. 97.4 ബില്യൺ ഡോളറിന് ഓപ്പണ്‍ എഐയെ ഏറ്റെടുക്കാൻ മസ്കും സംഘവും ആദ്യം രംഗപ്രവേശനം ചെയ്യുകയായിരുന്നു. എന്നാല്‍ മസ്കിന്‍റെ ഓഫർ എക്സ് പോസ്റ്റിലൂടെ തള്ളിയ ആൾട്ട്മാൻ, വേണമെങ്കിൽ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എക്സിനെ (പഴയ ട്വിറ്റര്‍) 9.74 ബില്യൺ ഡോളറിന് ഏറ്റെടുക്കാമെന്ന് തിരികെ വെല്ലുവിളിച്ചു. ഇലോണ്‍ മസ്ക് സന്തുഷ്ടനല്ലെന്നും അദേഹത്തിന്‍റെ അരക്ഷിതാവസ്ഥയാണ് ഇത്തരം വിവേകശൂന്യമായ അവകാശവാദങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്നുമായിരുന്നു ഇതിന് സാം ആള്‍ട്ട്‌മാന്‍റെ തിരിച്ചടി. 

Read more: 'മസ്ക് സന്തുഷ്ടനല്ല, അരക്ഷിതത്വം പിച്ചുംപേയും പറയിപ്പിക്കുന്നു'; ഓപ്പണ്‍ എഐ വാങ്ങാനെത്തിയതിനെ പരിഹസിച്ച് സാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലോകമെമ്പാടും മണിക്കൂറുകളോളം പണിമുടക്കി യൂട്യൂബ്, ഇന്ത്യയിലും തകരാര്‍
ഈ വർഷം പുറത്തിറങ്ങിയ 'തകർപ്പൻ' സ്മാർട്ട്ഫോണുകൾ!