പേര് 'അന്നപൂര്‍ത്തി'; ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന 5ജി എടിഎമ്മുമായി എറിക്‌സൺ

Published : Oct 10, 2025, 02:36 PM IST
Annapurti

Synopsis

പണം മാത്രമല്ല, ധാന്യങ്ങളും വിതരണം ചെയ്യും, ഇന്ത്യയില്‍ 5ജി എടിഎമ്മുമായി എറിക്‌സൺ. ദില്ലിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ ആണ് എറിക്‌സൺ കമ്പനി രാജ്യത്തെ ആദ്യത്തെ ധാന്യ എടിഎം ആയ 'അന്നപൂർത്തി' അവതരിപ്പിച്ചത്.

ദില്ലി: റേഷൻ വാങ്ങാൻ ഇനി പൊതുവിതരണ കേന്ദ്രത്തിൽ പോകേണ്ട ആവശ്യമില്ല. രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്താൻ കഴിയുന്ന ഒരു അതുല്യ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് എറിക്സൺ കമ്പനി. ദില്ലിയിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025-ൽ ആണ് എറിക്‌സൺ കമ്പനി രാജ്യത്തെ ആദ്യത്തെ ധാന്യ എടിഎം ആയ 'അന്നപൂർത്തി' അവതരിപ്പിച്ചത്. പൊതുവിതരണ സംവിധാനം കൂടുതൽ സൗകര്യപ്രദവും സുതാര്യവുമാക്കുക എന്നതാണ് ഈ മെഷീൻ അവതരിപ്പിക്കുന്നതിന്‍റെ ഉദ്ദേശ്യം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തിന് 24 മണിക്കൂറും ധാന്യം വിതരണം ചെയ്യാൻ കഴിയും. ഈ യന്ത്രത്തെപ്പറ്റി കൂടുതൽ അറിയാം.

5ജി സാങ്കേതികവിദ്യയിലുള്ള ഉപകരണം

5ജി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ധാന്യ എടിഎം ആണ് 'അന്നപൂര്‍ത്തി'. വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി സഹകരിച്ച് വികസിപ്പിച്ച ഈ 'മെയ്‌ഡ്-ഇന്‍-ഇന്ത്യ' ഉപകരണം വിവിധതരം ഭക്ഷ്യധാന്യങ്ങള്‍ കൃത്യതയോടെ വിതരണം ചെയ്യും. വെറും 30 സെക്കന്‍ഡിനുള്ളില്‍ 25 മുതല്‍ 30 കിലോഗ്രാം വരെ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ ഇതിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

24 മണിക്കൂറും റേഷൻ എടിഎം

പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) പ്രകാരം നൽകുന്ന റേഷൻ വാങ്ങാൻ ഇനി റേഷൻ കടകൾ സന്ദർശിക്കേണ്ട ആവശ്യമില്ല. ഗുണഭോക്താക്കൾക്ക് 24 മണിക്കൂറും ഏത് സമയത്തും അവര്‍ക്ക് അനുവദിച്ച ക്വാട്ട അനുസരിച്ച് റേഷൻ ഈ എടിഎം മെഷീന്‍ വഴി വാങ്ങാൻ കഴിയും. ഈ ധാന്യ മെഷീൻ സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നതാണ് ശ്രദ്ധേയം. വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ സൗരോർജ്ജം ഉപയോഗിക്കുന്ന ബാറ്ററിയിൽ ഇത് പ്രവർത്തിക്കും.

 

 

വിരൽ തൊട്ടാൽ ധാന്യങ്ങൾ ലഭിക്കും

'അന്നപൂർത്തി' ധാന്യ എടിഎമ്മിൽ ബയോമെട്രി‌ക് സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു. ന്യായവും സുതാര്യവുമായ വിതരണം ഉറപ്പാക്കാന്‍ ഈ ആധാര്‍ അധിഷ്‌ഠിത ബയോമെട്രിക് സ്‌കാനിംഗ് സഹായിക്കുന്നു. ഗുണഭോക്താക്കൾ മെഷീനിന്‍റെ ഫിംഗർപ്രിന്‍റ് സെൻസറിൽ തള്ളവിരൽ വച്ചാൽ മാത്രം മതി. മെഷീൻ അവരെ ഓട്ടോമാറ്റിക്കായി തിരിച്ചറിയുകയും അവരുടെ ക്വാട്ട അനുസരിച്ചുള്ള റേഷൻ വിതരണം ചെയ്യുകയും ചെയ്യും. ധാന്യത്തിന്‍റെ അളവും അതിന്‍റെ ഭാരവും മെഷീനിന്‍റെ സ്ക്രീനിൽ പ്രദർശിപ്പിക്കും.

ഈ നഗരങ്ങളിൽ ധാന്യ എടിഎം ലഭ്യം

'അന്നപൂർത്തി' ധാന്യ എടിഎം നിലവില്‍ ഭോപ്പാല്‍, ഗൊരഖ്‍പൂർ, ലഖ്‌നൗ, ഷില്ലോംഗ്, വാരണാസി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 2026 അവസാനത്തോടെ 23 നഗരങ്ങളില്‍ കൂടി ഇത് ലഭ്യമാക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെറുതെ പറയുന്നതല്ല, ഇത് ക്യാമറ ഇല്ലാത്ത ഐ ഫോൺ! വിലയാണേൽ ക്യാമറ ഉളള ഐഫോണിനേക്കാൾ കൂടുതൽ, പക്ഷേ എല്ലാവർക്കും കിട്ടില്ല
പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു