
കാലിഫോര്‍ണിയ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ, യുഎസിൽ വിറ്റഴിച്ച ദശലക്ഷക്കണക്കിന് INIU ബ്രാൻഡ് പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു. ബ്രാൻഡിന്‍റെ ഈ പവർ ബാങ്കുകൾ തീപ്പിടുത്തത്തിന് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ (CPSC) ഈ പവർ ബാങ്കുകൾ ഉടനടി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ ആമസോണിൽ വിറ്റഴിക്കപ്പെട്ടവയാണ് ഈ പവർ ബാങ്കുകൾ.
ഏകദേശം 210,000 പവർ ബാങ്കുകൾ ഈ തിരിച്ചുവിളിക്കലിന് വിധേയമാണ്. തീപ്പിടുത്തം, സ്വത്ത് നാശനഷ്‌ടങ്ങൾ, പരിക്കുകൾ എന്നിവയെ തുടർന്നാണ് തിരിച്ചുവിളിക്കൽ. യുഎസ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ തിരിച്ചുവിളിക്കൽ ബാധകമാകൂ. INIU ബിഐ-ബി41 എന്ന പേരിൽ വിൽക്കുന്ന ഈ ഉൽപ്പന്നം ആമസോണിന്‍റെ യുഎസ് വെബ്‌സൈറ്റിൽ മാത്രമായി ലഭ്യമാണ്. ഏകദേശം 18 ഡോളർ (ഏകദേശം 1,600 രൂപ) ആണ് അതിന്‍റെ വില. കറുപ്പ് അല്ലെങ്കിൽ നീല നിറങ്ങളിൽ വിൽക്കപ്പെട്ടവയാണ് തിരിച്ചുവിളിച്ച യൂണിറ്റുകൾ. മുൻവശത്ത് പാവ്-പ്രിന്‍റ് എൽഇഡി ലൈറ്റുള്ള INIU ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പവർ ബാങ്കുകൾ അമിതമായി ചൂടാകുന്നതായി 15 പരാതികളും 11 തീപ്പിടുത്തങ്ങളും ഐഎൻഐയുവിന് ലഭിച്ചു. ഈ സംഭവങ്ങളിൽ മൂന്ന് പേർക്ക് നിസ്സാര പൊള്ളലേറ്റു, അതേസമയം തീപ്പിടുത്തത്തിൽ ഏകദേശം 380,000 ഡോളർ (3.43 കോടി രൂപ) വിലമതിക്കുന്ന സ്വത്ത് നാശനഷ്ടമുണ്ടായി. തിരിച്ചുവിളിച്ച പവർ ബാങ്കുകൾക്ക് 000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഈ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ ഉപഭോക്താക്കളോട് ആമസോണ്‍ നിർദ്ദേശിച്ചിട്ടുണ്ട്. റീഫണ്ട് നൽകാനും യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ചു. തീപിടുത്ത സാധ്യത വർധിപ്പിക്കുന്നതിനാൽ, ഈ പവർ ബാങ്കുകൾ സാധാരണ മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിക്കുന്നത് അത്യന്തം അപകടകരമാണെന്ന് സിപിഎസ്‌സി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം